നാദാപുരം: വിനോദയാത്രക്കിടെ വെള്ളത്തിൽ വീണ രണ്ടര വയസുകാരനെ പ്ലസ് ടു വിദ്യാർഥി രക്ഷപ്പെടുത്തി. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് ജേണലിസം ബാച്ചിലെ വിദ്യാർഥി കുറ്റ്യാടി സ്വദേശി എൻ.കെ.മുഹമ്മദ് റിഷാലാണ് രണ്ടര വയസുകാരനെ രക്ഷപ്പെടുത്തിയത്.

ആലുവ സ്വദേശി കൃഷ്ണകുമാറിൻ്റെയും തേജയുടെയും മകൻ യദുകൃഷ്ണനാണ് അപകടം പറ്റിയത്. മുന്നാറിൽ വിനോദയാത്രക്ക് പോയ വിദ്യാർഥികൾ തിരിച്ചു വരുന്നതിനിടെ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലിറങ്ങി.
അവിടെ വിദ്യാർഥികളുകളുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തീകരിച്ച് മടങ്ങുന്നതിനിടെയാണ് രണ്ടര വയസുകാരൻ വെള്ളത്തിൽ വീണ് മുങ്ങുന്നത് റിഷാലിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടനെ പാറക്കെട്ടിന് മുകളിൽ നിന്നും റിഷാൽ താഴേക്ക് ചാടി. പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയ രണ്ടര വയസുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളത്തിൽ ചാടുന്നതിനിടെ റിഷാലിൻ്റെ കാലിന് ചെറിയ പരിക്കേറ്റു.
ഐ ഫോണിന് കേടുപറ്റിയ നിലയിലാണ്. നാദാപുരം ഉപജില്ലാ ഫുട്ബോൾ ടീമംഗമായ റിഷാൽ സപ്ടാക് ത്രോ വിഭാഗത്തിലെ സംസ്ഥാന ടീമംഗം കൂടിയാണ്. കുറ്റ്യാടി നൊട്ടി കണ്ടിയിൽ ഗഫൂറിൻ്റെയും തസ്ലയുടെയും മകനാണ്.
യദുകൃഷ്ണൻ്റെ മാതാപിതാക്കൾ റിഷാലിൻ്റെ പ്രവർത്തിയെ അനുമോദിച്ചു. അധ്യാപകരായ സൗദ മാണിക്കോത്ത്, ഇസ്മായിൽ വാണിമേൽ, കെ.അയ്യൂബ് തൊട്ടിൽപ്പാലം, എം.പി.ഷർമിന എന്നിവർ സംസാരിച്ചു.
#student #rescued #twoandahalfyearoldboy #fell #water