Dec 26, 2023 10:12 AM

നാദാപുരം : (nadapuramnews.com) നിസ്വവർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് ചോര ചെങ്കൊടിയേന്തി പാടത്തും പറമ്പിലും ഇറങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ആത്മവിശ്വാസം പകർന്ന കർഷക തൊഴിലാളി കുടുംബത്തിലെ ഇളമുറയായിരുന്നു പി.കെ കൃഷ്ണൻ. ചേറിലും ചെളിയിലും മൃഗതുല്യരായി അദ്ധ്വാനിക്കുന്നവർക്ക് ഈ മണ്ണിൽ അവശകാശങ്ങളുണ്ടെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത കാലം.

ഉറക്കെ പറഞ്ഞാൽ ഉയിരു പോകുന്ന ആ കെട്ട കാലത്ത് ഉണർത്ത് മന്ത്രങ്ങളുമായെത്തിയ ചെങ്കൊടി പ്രസ്ഥാനത്തെ തൊഴിലാളി മനസ്സുകളിലേക്ക് വിത്തുപാകി വളർത്തിയ കർഷക തൊഴിലാളി, ഇന്ന് വിട പറഞ്ഞ നാദാപുരം വരിക്കോളിയിലെ പി.കെ കൃഷ്ണന്റെ ഈ വിശേഷണം പുതുതലമുറയിലെ അധികമാർക്കും അറിയില്ലെന്നത് വസ്തുതയാണ്.

കർഷക തൊഴിലാളി യൂണിയൻ നാദാപുരം ഏരിയാ സെക്രട്ടറി സി പി ഐ എം നാദാപുരം ലോക്കൽ സെക്രട്ടറി ദീർഘകാലം നാദാപുരം ഗ്രാമ പഞ്ചായത്തംഗം പി.കെ യുടെ കമ്മ്യൂണിസ്റ്റ് ജീവിതത്തിലെ സുപരിചിതമായ രണ്ടാം പാതി ഇങ്ങനെ .

"കൃഷ്ണൻ വലിയ കാർക്കശ്യക്കാരനാണ് , എന്നാൽ ആരാന്റെ മുതലൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, അഴിമതിക്കാരനെന്നും ആരും പറയില്ല " വരിക്കോളിയിലെ വെങ്ങളശ്ശേരി ബാലകൃഷ്ണന്റെ ഈ വക്കുകൾ ഇന്നലെ ഉച്ചതിരിഞ്ഞ നേരത്തെ സൗഹൃദ സംഭാഷണത്തിനിടയിൽ കടന്നുവന്നതിലെ യാദൃശ്ചികതയാണ് ഇന്ന് രാവിലെ ആ പോരാളി ഈ മണ്ണിൽ നിന്ന് വിടവാങ്ങിയെന്ന വിവരം കേട്ടപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞത്.

കുമ്മങ്കോട് വരിക്കോളി പ്രദേശം വിലിയ വയലായിരുന്നു. ഇന്നും അല്പം അവശേഷിക്കുന്നെങ്കിലും അന്ന് നോക്കെത്താ ദൂരത്തുള്ള നെൽപ്പാടം .

നേരവും കൂലിയുമില്ലാതെ ജന്മികളുടെ അടിമകൾ ചോരയും നീരുമൊഴുക്കി വിത്തുപാകി വിള കൊയ്യുന്ന പച്ചവിരിച്ച കൃഷിയിടം. സി എച്ച് കണാരനും ഇവി കുമാരനും എ കണാരനും ഇവി കൃഷ്ണനും ഉൾപ്പെടെ ഉള്ള ആദ്യ കാല കമ്യൂണിസ്റ്റ് നേതാക്കൾ പാർട്ടി കെട്ടിപടുക്കാൻ പാടങ്ങളിലേക്ക് ഇറങ്ങിയ കാലം. ജന്മിമാരുടെയും ഭൂ പ്രമാണിമാരുടെയും തിട്ടൂരം പുല്ലാക്കി എത്തിയാലും ഒപ്പം ചേരാൻ തൊഴിലാളിക്ക് ഭയമായിരുന്നു.

തമ്പ്രാക്കളുടെ ഭാഷ കടമെടുത്ത് പറഞ്ഞാൽ അക്കാലത്ത് രാവന്തിയോളം പണിയെടുത്തവരിൽ നിന്നൊരു കറുത്ത ചെക്കൻ ശബ്ദമുയർത്തി.

അതെ അവകാശ ബോധത്തിന്റെ ആദ്യ ശബ്ദം . സമയ ഘടികാരം പോലും കണ്ടിട്ടില്ലാത പണിയാളർക്ക് മുന്നിൽ നേരം പുലരുമ്പോൾ പണിക്കിറങ്ങാനും അന്തിമയങ്ങുമ്പോൾ പണികയറാനുമുള്ള സൂചനയായി പച്ച വിരിച്ച പാടത്ത് തൊണ്ട പൊട്ടുമാർ ഉറക്കെ മുദ്രാവാക്യം വിളിച്ച് ചെങ്കൊടി നാട്ടിയ ആ ചെറുപ്പക്കാരനിലാണ് പി.കെ കൃഷ്ണന്റെ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ തുടക്കം. പിന്നീട് ത്യാഗോജ്വലമായ ജീവിതം , കർഷക തൊഴിലാളി യൂണിയൻ ശക്തപ്പെട്ടു. കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു.

സർക്കാർ ഭൂപരിഷ്ക്കരണം നടപ്പാക്കി . പത്ത് സെന്റ് ഭൂമി വളച്ചു കെട്ടൽ സമരം, മിച്ച ഭൂമി സമരം അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത സമര മുഖങ്ങളിൽ പി.കെ കൃഷ്ണന്റെ ഉശിര് കണ്ടു.

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രടറിയും എംഎൽഎയുമായ എ. കണാരന്റെയും നാദാപുരത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.സി ഗോപാലൻ മാസ്റ്ററുടെയും ജീവിതാന്ത്യം വരെ നിഴലായി പി.കെ ഉണ്ടായിരുന്നു.

" അധ്യാപകനായ ഭൂ ഉടയായിരുന്നു അച്ഛൻ , വയൽ നിറയെ പണിക്കാർ അവിടെ ചെങ്കൊടി നാട്ടാൻ എത്തിയ കൃഷ്ണന്റെ ഉതിര് ഞാൻ ഇപ്പോഴും ഓർക്കുന്നു.

പ്രായം തന്നേക്കാൾ കുറച്ച് ഏറെ ഉണ്ടെങ്കിലും കൃഷ്ണനെ വിരട്ടി ഓടിക്കാൻ ശ്രമിച്ചു. അന്ന് എതിർത്തതിന്റ വിരോധം പലപ്പൊഴും ഞങ്ങൾ തമ്മിൽ നില നിന്നു. , അച്ഛനെയും പാരമ്പര്യത്തെയും എതിർത്ത് താൻ മദ്രാസിലേക്ക് വണ്ടി കയറി അവിടെ ഒരു തുണിമിൽ ഫാക്റ്ററിയിൽ തൊഴിലാളിയും പിന്നീട് തൊഴിലാളി നേതാവുമായി . നാട്ടിൽ തിരിച്ചെത്തിയിട്ടും തന്നോട് സമര സപ്പെടാൻ കൃഷ്ണൻ തയ്യാറായില്ല ,ഇപ്പോൾ നാദാപുരത്തെ പ്രമുഖ വിദ്യാലമായ പ്രൊവിഡൻസ് സ്കൂൾ സാരഥി വി ബാലകൃഷ്ണൻ പറഞ്ഞു.

അചഞ്ചലമായ രാഷ്ട്രീയ നില പാടുള്ള പി.കെ യ്ക്ക് പലതിനോടും പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെക്കാലം നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ ഉശിരുളള കമ്മ്യൂണിസ്റ്റ് ശബ്ദവും അതായിരുന്നു.

നിശ്ചയദാർഡ്യവും പരുക്കൻ ഭാവവും മൂർഖൻ കൃഷ്ണൻ എന്ന് ചിലർ വിളിപ്പേരിട്ടെങ്കിലും നിലപാടുകളിൽ അല്പവും വെള്ളം ചേർത്തില്ല. ഒരിക്കൽ പോലും തോല്പിക്കാതെ ഒന്നര പതിറ്റാണ്ടിലേറെക്കാലം ജനം തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തെങ്കിൽ നമുക്കും അടിവരയിടാം ഈ അടി മുടി കമ്മ്യൂണിസ്റ്റിന്റെ ജീവിതം മാതൃകയെന്ന്.

#Farewell #c #warrior #gone #hid #fighter #has not #lost #labor #force

Next TV

Top Stories