നാദാപുരം : (nadapuramnews.com) മലയാളം ചിഹ്നാക്ഷരത്തെറ്റും ഉച്ചാരണത്തെറ്റും വരാതെ എങ്ങനെ മികവുറ്റതാക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തി പരിഹാരവുമായി ഒരു റിട്ട. അധ്യാപകൻ. വിവിധ സ്കൂളിലെ കുട്ടികൾക്ക് പരിശീലനo നൽകി ഭാഷാപരമായ തെറ്റു വരാതെ മികവുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് ഇരിങ്ങണ്ണൂർ എൽ.പി. സ്കൂളിൽ നിന്ന് വിരമിച്ച കെ.കുമാരൻ മാസ്റ്റർ. ഈ ഗവേഷണത്തിന് സർവ്വശിക്ഷാ അഭിയാൻ ( ഡയറ്റ്) സാമ്പത്തിക സഹായം നൽകി പ്രോത്സാഹിപ്പിച്ചിരുന്നു.
സ്കൂളുകളിലും കോളേജുകളിലും പഠനം പൂർത്തിയാക്കുന്നവരിൽ പലർക്കും ഇന്ന് തെറ്റുകൂടാതെ മലയാളം എഴുതാനാവുന്നില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുതിർന്ന ക്ലാസ്സുകളിൽ പോലും പലരും ധാരാളം തെറ്റുകൾ വരുത്തുന്നുണ്ട്. ചിഹ്നങ്ങളുടെ ലേഖനത്തിലുo ഉച്ചാരണത്തിലുമാണ് കൂടുതൽ തെറ്റുകൾ വരുത്തുന്നത്. ഒന്നാം ക്ലാസ്സു മുതൽ തന്നെ തെറ്റുകൾ പരിഹരിക്കാൻ പരിശീലനം നൽകിയാൽ ലേഖനത്തിലും ഉച്ചാരണത്തിലും തെറ്റുകൾ വരുത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും എന്നാണ് 36 വർഷത്തെ സർവ്വീസിനിടയിൽ 35 വർഷവും ഒന്നാം ക്ലാസ് അധ്യാപകനായ ഇദ്ദേഹം പറയുന്നത്.
വിവിധ സ്കൂളുകളിൽ ഈ ഗവേഷണ പ്രവർത്തനം വിജയകരമായി നടത്തിയിട്ടു മുണ്ട്. ഒട്ടനവധി ശിശു സൗഹൃദപരമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുത്ത് അവരെ മികവുറ്റതാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദ്യാലയാന്തരീക്ഷത്തിന് നവചൈതന്യം പ്രദാനം ചെയ്യാൻ, ഭാഷാപരമായ മികവുവളർത്തിയെടുക്കാൻ വിവിധ മാതൃകയിലുള്ള പ്രവർത്തനത്തിന് കഴിയും എന്ന് കുമാരൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. സർവ്വീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രവർത്തനം നൽകി ക്കൊണ്ടിരിക്കുകയാണ്.
ഈ രീതി ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ നമ്മുടെ വിദ്യാർത്ഥി സമൂഹം നേരിടുന്ന ഭാഷാപരമായ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിൻ്റെ പക്ഷം.ചിഹ്നങ്ങൾ പരസ്പരം മാറി പോവുന്നതാണ് ചിലരുടെ പ്രശ്നം അതിന് പരിഹാരമായി ക്രിയാഗവേഷണത്തിലൂടെ ചിഹ്നങ്ങൾ എഴുതിയ കാർഡുകളും, അക്ഷര കാർഡുകളും ബഞ്ചിൽ വിതറി കുട്ടികളെ 5 ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും 20 മിനിറ്റ് സമയം നൽകും ഏത് ഗ്രൂപ്പാണോ കൂടുതൽ പദങ്ങൾ നിർമ്മിക്കുന്നത് അവർ വിജയികളാകും അടുത്ത ദിവസം ഇത് വ്യക്തിഗതമായി നൽകും,
പിന്നീട് അക്ഷരങ്ങൾ ക്രമം തെറ്റിച്ച് നൽകുകയും വിട്ടുപോയ അക്ഷരങ്ങൾ പൂരിപ്പിക്കാനും, ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചും, പദങ്ങൾ നിർമ്മിച്ചും ചിഹ്നമില്ലാത്ത വാക്കുകൾ നൽകി ആഭരണമണിയിക്കാമോ? എന്ന പ്രവൃത്തി നൽകി വാക്യം ശരിയാക്കാനും ഗ്രൂപ്പുകളായി അഞ്ച് വാക്ക് പറയൽ കളിയിലൂടെ അധ്യാപകൻ പറയുന്ന അതേ ചിഹ്നം വരുന്ന വാക്കുകൾ ആദ്യം പറയുന്നവർക്ക് പോയൻ്റ് നൽകുന്ന രീതിയിലുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ് പ്രവർത്തനങ്ങൾ.
കോഴിക്കോട് ജില്ലയിലെ പ്രൈമറി അദ്ധ്യാപകർക്കായി സർവ്വശിക്ഷാ അഭിയാൻ നടത്തിയ ടീച്ചിങ്ങ് നോട്ട് മത്സരത്തിലും എസ് എസ് എ നടത്തിയ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ മലയാളം അക്ഷരത്തെറ്റും ഉച്ചാരണത്തെറ്റും പരിഹരിക്കൽ വിഷയത്തിൽ ആക്ഷൻ റിസർച്ച് പ്രബന്ധം അവതരിപ്പിച്ചു 3000 രൂപ ലഭിച്ചു. 2019 ൽ സ്കൂളിന് സർഗ വിദ്യാലയം 10000 രൂപ അവാർഡ് സ്കൂളിന് നേടിക്കൊടുക്കുന്നതിൽ നേതൃത്വം വഹിച്ചു തൂണേരി ബി.ആർ സി യിൽ റിസോർസ്പേഴ്സണായി പ്രവർത്തിച്ചിട്ടുമുണ്ട് ഇദ്ദേഹം. വിരമിച്ച ശേഷവും വിവിധ സ്കൂളുകളിൽ ഇത് സംബന്ധിച്ച ക്ലാസെടുക്കാൻ കുമാരൻ മാസ്റ്റർ സമയം കണ്ടെത്തുന്നുമുണ്ട്.
#Today #MotherLanguageDay #Retired #teacher #easyway #fix #Malayalam #alphabet #symbols