പാനൂർ(നാദാപുരം): (nadapuramnews.in) സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ രണ്ടാംഘട്ട മണ്ഡലം പര്യടനം. വ്യാജ ആരോപണങ്ങളെ തുറന്നുകാട്ടിയും അക്രമ രാഷ്ട്രീയത്തിനെതിരെ ബോധവത്ക്കരിച്ചും കൂത്തുപറമ്പ് മണ്ഡലത്തിൽ സ്ഥാനാർഥി നിറഞ്ഞുനിന്നു.
പാനൂരിൽ പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്നു വരുന്ന പുതിയ വാർത്തകൾ സമാധാനം ആഗ്രഹിക്കുന്ന ആരെയും അമ്പരപ്പിക്കുന്നതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ജനങ്ങൾക്ക് ഈ രാഷ്ട്രീയം മടുത്തിരിക്കുന്നു. അവർക്കു വേണ്ടത് സമാധാനമാണ്. ജനങ്ങളുടെ സ്വൈര്യജീവിതം തകർത്തുള്ള രാഷ്ട്രീയ പ്രവർത്തനം സിപിഎം അവസാനിപ്പിക്കണം.
ഇരു സർക്കാരുകളുടെയും നടപടികൾ ജനം വെറുത്തിരിക്കുന്നു. വിലക്കയറ്റവും അഴിമതിയും സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനവികാരമാണ് ഉയർന്നു വരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത ഇതാണ് കാണിക്കുന്നത്. ഈ സ്വീകാര്യതയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ എതിരാളികളെ പ്രേരിപ്പിക്കുന്നത്.
ഒരു ആരോപണത്തിലും തെറ്റിദ്ധരിപ്പിക്കലിലും ജനങ്ങൾ വീഴില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.രാവിലെ കിടഞ്ഞിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
ഒലിപ്പിൽ, പെരിങ്ങത്തൂർ, മുക്കിൽപീടിക, കണ്ണംവെള്ളി, മാവിലേരി, വരപ്ര, കൈവേലിക്കൽ, പാനൂർ, എലാങ്കോട്, പാലത്തായി, കടവത്തൂർ, മുണ്ടത്തോട്, താഴെ കുന്നോത്ത് പറമ്പ്, ജാതിക്കൂട്ടം, വടക്കെ പൊയിലൂർ, തൂവക്കുന്ന്, വിളക്കോട്ടൂർ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കല്ലിക്കണ്ടിയിൽ സമാപിച്ചു.
#Koothuparam #Election #campaign