---
title: "#sreelimadeath | ശ്രീലിമയുടെ വേർപാട് ; വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ഉറ്റവരും"
english_title: "#Departure #of #Srilima #Friends #and #besties #beyond #belief"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213865/departure-of-srilima-friends-and-besties-beyond-belief"
published_at: "2024-06-21T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675a451484c2_sreee.jpg"
keywords: []
---

# #sreelimadeath | ശ്രീലിമയുടെ വേർപാട് ; വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ഉറ്റവരും

> **Lead Summary:** **നാദാപുരം:[**പഠനത്തിൽ മിടുക്കി, ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത അടുപ്പം കാണിക്കുന്ന പ്രകൃതം . സഹപാഠികൾക്കും ചങ്ങാതിമാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല ശ്രീലിമയുടെ വേർപാട്.

## Article Content

**നാദാപുരം:[**പഠനത്തിൽ മിടുക്കി, ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത അടുപ്പം കാണിക്കുന്ന പ്രകൃതം . സഹപാഠികൾക്കും ചങ്ങാതിമാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല ശ്രീലിമയുടെ വേർപാട്.

ഒരു വലിയ ദുരന്തത്തിൻ്റെ നടുക്കം വിട്ടുമാറും മുമ്പേയാണ് വളയം ചുഴലി നിവാസികൾക്ക് മറ്റൊരു പ്രിയങ്കരിയെ കൂടി നഷ്ടമായത്.

ഖത്തറിൽ ഇക്കഴിഞ്ഞ ദിവസം മരിച്ച നവനീതിൻ്റെ അയൽവാസി കൂടിയാണ് ഇന്ന് മരിച്ച ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ താഴെ നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകൾ ശ്രീലിമയെന്ന ഇരുപത്തിമൂന്നുകാരി.

ശ്രീലിമയുടെ അച്ഛൻ രവീന്ദ്രൻ്റെ ഉറ്റ സുഹൃത്തായ പ്രകാശൻ്റെ മകനാണ് അപകടത്തിൽ ഇക്കഴിഞ്ഞ 16 ന് മരിച്ച ഇരുപത്തിയൊന്നുകാരനായ നവനീത്. 19 നായിരുന്നു നവനീതിൻ്റെ മൃതദ്ദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചത്.

ഇതിൻ്റെ തലേ ദിവസമാണ് ശ്രീലിമയുടെ അടുത്ത സുഹൃത്തായ ചെക്യാട് സ്വദേശി പുതിയോട്ടിൽ ഷാലിൻ രാജ് (28) സ്വന്തം കിടപ്പ് മുറിയിൽ തൂങ്ങിമരിച്ചത്.

നാട്ടിലെ ദുരന്തത്തിനും അടുത്തറിഞ്ഞ ഉറ്റ സുഹൃത്തിൻ്റെ വേർപാടിനും ശേഷം മനോവിഷമത്തിലായിരുന്നു ശ്രീലിമ. ഇതേ തുടർന്നാണ് കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ശ്രീലിമയുടെ മാതൃസഹോദരിയുടെ മകളുടെ വീട്ടിലെക്ക് യുവതിയെ മാറ്റിയത്.

ഇന്നലെ വൈകിട്ട് ഈ വീട്ടിലെ കുളിമുറിയിൽ അവശ നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ശ്രീലിമ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടെ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

വിദ്യാർത്ഥിയായ ശ്രീഹരി ഏക സഹോദരനാണ്. ടീച്ചർ ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പി എസ് സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു ശ്രീലിമ.

**(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213865/departure-of-srilima-friends-and-besties-beyond-belief)