എടച്ചേരി :(nadapuram.truevisionnews.com) ശക്തമായ മഴയിൽ പുതിയങ്ങാടി ടൗൺ വെള്ളത്തിനടിയിലാവുമ്പോൾ വ്യാപാരികൾ ഭീതിയിൽ.
ടൗണിലെ ഓവ് ചാലുകളിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ മഴവെള്ളം മുഴുവനായും റോഡിലൂടെയാണ് ഒഴുകുന്നത്.
പുതിയങ്ങാടി ടൗണിൽ വില്യാപ്പള്ളി റോഡിനോട് ചേർന്നു നിൽക്കുന്ന സ്ഥലത്ത് മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ട് രൂപപ്പെടും. കഴിഞ്ഞ കുറെ വർഷങ്ങളായി പുതിയങ്ങാടി ടൗണിൽ ഇതേ അവസ്ഥ തുടരുകയാണ്.
മഴക്കാലമായാൽ റോഡിനിരുവശങ്ങളിലുമുള്ള കച്ചവടക്കാർക്ക് നെഞ്ചിടിപ്പാണ്. റോഡിൽ വെള്ളം കവിഞ്ഞ് കടകളിലേക്കു കയറുന്നതും പതിവാണ്.
ടൗണിനു ചുറ്റിലുമുള്ള പ്രദേശങ്ങൾ വടകര-തൊട്ടിൽ പാലം റോഡിനേക്കാൾ ഉയർന്ന് നിൽക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളം മെയിൻ റോഡിലേക്ക് കുത്തിയൊഴുകുകയാണ് പതിവ്.
നരിക്കുന്ന് യു.പി സ്കൂൾ ഭാഗത്തു നിന്ന് ഒഴുകി വരുന്ന വെള്ളവും വേങ്ങോളി ഭാഗത്ത് നിന്ന് വരുന്ന വെള്ളവും ടൗണിൽ പ്രളയം തീർക്കാൻ ഇടയാവുന്നു.
ഈ രണ്ടു ഭാഗങ്ങളിലും റോഡിനിരുവശങ്ങളിലും ഓവുചാലുകൾ ഉണ്ടെങ്കിലും എല്ലാം അടഞ്ഞു കിടക്കുകയാണ്. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകുമ്പോൾ മലിനജലം കടകളിലേക്ക് ഇരച്ചു കയറും.
ഇതോടെ കടയുടെ തറയിലും മറ്റും സൂക്ഷിച്ച വിൽപന സാധനങ്ങൾ നനഞ്ഞ് കുതിരുകയും ചെയ്യും. ഇത് കാരണം വലിയ സാമ്പത്തിക ബാധ്യതയും നഷ്ടവും വർഷം തോറും ഉണ്ടാകാറുണ്ടെന്ന് കച്ചവടക്കാർ പരാതി പറയുന്നു.
നരിക്കുന്ന് യു.പി സ്കൂൾ റോഡ് ജംഗ്ഷന് സമീപത്തെ ഓവുചാലിലാണ് മാലിന്യങ്ങൾ ഏറെയും വന്നടിയുന്നത്.ഓവ് ചാലുകൾ വഴി ഒഴുകിവരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചിലയിടങ്ങളിൽ കുമിഞ്ഞു കൂടുന്നതാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നത് ഇങ്ങനെ കെട്ടി നിൽക്കുന്ന വെള്ളം എല്ലാ വർഷവും റോഡിലൂടെ പരന്നൊഴുകാറാണ് പതിവ്.
ഇതിന് പുറമെ വേങ്ങോളി-നരിക്കുന്ന് തെരു ഭാഗത്തു നിന്നും കുത്തി ഒഴുകി വരുന്ന മഴവെള്ളവും റോഡിലൂടെ പരന്നൊഴുകും.
പുതിയങ്ങാടി ടൗണിൽ ഉടനീളമുള്ള ഓവു ചാലുകൾ ശാസ്ത്രീയമായി പുന:ക്രമീകരിച്ചാൽ മാത്രമേ എടച്ചേരിയിലെ ഈ ദുരിതത്തിന് ആശ്വാസമാവുകയുള്ളൂ. വർഷങ്ങളായി നീണ്ടു നിൽക്കുന്ന ഈ ദുരവസ്ഥക്ക് മാറ്റം വരുന്നതും കാത്തിരിക്കയാണ് കച്ചവടക്കാരും നാട്ടുകാരും.
#the #rains #heavy #Puyhingadi #town #will #become #river #Traders #panic