നാദാപുരം: (nadapuram.truevisionnews.com)വിലങ്ങാട് 2019 ൽ നാല് മനുഷ്യ ജീവൻ പൊലിഞ്ഞെങ്കിലു ഇത്രയേറെ ഭയാനകമായിരുന്നില്ല അന്നത്തെ ഉരുൾപ്പൊട്ടൽ.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു കുമ്പളച്ചോല ഗവ. എൽപി സ്കൂൾ റിട്ട. അധ്യാപകൻ കുളത്തുങ്കൽ കെ എം മാത്യു (58) എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മത്തായി മാഷും അയൽവാസിയും വിലങ്ങാട് സ്കൂൾ അധ്യാപകനായ നെടുത്തരിയിൽ സിൻസും.
ഇന്ന് പുലർച്ചെ ഒരു മണിയോട് അടുത്ത സമയം. പൊടുന്നനെയാണ് മഞ്ഞ ചീളി അങ്കണവാടിക്കടുത്തെ കുന്ന് ഇടിയുന്നത് കണ്ടത്. ഉടൻ മത്തായി മാഷ് മറുവശത്തെ കടയുടെ ഭാഗത്തേക്കും സിൻസ് മാഷ് എതിർ വശത്തേക്കും ഓടി.
കടയുടെ ഭാഗത്തായിരുന്നു ഉരുൾപൊട്ടി വെള്ളം കുതിച്ചെത്തിയത്. ഇവിടെ ഒറ്റപ്പെട്ടു പോയ മത്തായി മാഷെ രക്ഷിക്കാൻ തൊട്ടടുത്തെ വീട്ടിൽ നിന്ന് കയറുമായി സിൻസ് മാഷ് എത്തിയപ്പോൾ അവിടെ പ്രളയ ജലം വിഴുങ്ങിയിരുന്നു.
കടയും മാഷേയും കാണാതായി. എല്ലാം നിമിഷ നേരങ്ങൾക്കകം സംഭവിച്ചു. വിലങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് റിട്ട .സെക്രട്ടറി കെ ജെ തോമസ് വിലങ്ങാടിനെ വിഴുങ്ങിയ ദുരന്തം വിശദീകരിച്ചു.
മത്തായി മാഷ് പുതുതായി നിർമ്മിക്കുന്ന വീടും സ്ഥലവും ഒലിച്ചു പോയിട്ടുണ്ട്. താമസ സ്ഥലത്ത് നിന്ന് നൂറ്റി അൻപത് മീറ്റർ അകലെയാണ് ദുരന്തം.
മാഷേ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാദാപുരം വിലങ്ങാട് ഉരുൾ പൊട്ടലിൽ ഉലിച്ചു പോയത് ആയിരം ഏക്കറോളം കൃഷിഭൂമിയും ഇരുനില വീടുകളടക്കം പതിനെട്ടോളം വീടുകളും നിരവധി വാഹനങ്ങളും.
നാട്ടുകാർ ഏകോപിപ്പിച്ച രക്ഷാപ്രവർത്തനം പൂർണ വിജയം കണ്ടതിനാൽ രക്ഷപ്പെട്ടത് നൂറോളം മനുഷ്യ ജീവനുകൾ. നൂറു കോടിയിലധികം രൂപയുടെ നാശനഷ്ടം .
പല കുടുംബങ്ങൾക്കും നഷ്ടമായത് ജീവിത സമ്പാധ്യം മുഴുവൻ. പാനോം തോട്ടിൽ വടം കെട്ടിയാണ് ഒറ്റപ്പെട്ടു പോയ മനുഷ്യ ജീവനുകളെ മറുകരയെത്തിച്ചത്.
കെ ജെ തോമസിൻ്റെ രണ്ട് ഏക്കറോളം വരുന്ന കൃഷി ഭൂമിയിലും ഉരുൾ പൊട്ടി ഒലിച്ചു. തോമസിൻ്റെ സഹോദരനും അന്തരിച്ച സിപിഐ എം പ്രാദേശിക നേതാവുമായ കെ.ജെ ഇഗ്നേഷ്യസിൻ്റ വീടും പശു തൊഴുത്തും കൃഷിഭൂമിയും അപ്രത്യക്ഷമായി.
പിഞ്ചുകുട്ടികളും സ്ത്രീകളും അടങ്ങുന്ന ഏഴ്പേരുടെ ജീവൻ നിമിഷ നേരം കൊണ്ട് തിരിച്ച് കിട്ടിയതിൻ്റെ ആശ്വാസമുണ്ടെങ്കിലും രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമാണ് കൊടിമരത്തിൽ ഡൊമനിക്കിൻ്റെ കുടുംബത്തിന് സംഭവിച്ചത്.
മഞ്ഞക്കുന്ന് വായന ശാല പരിസരത്തെ ഇവരുടെ ഇരു നില വീടും കൃഷിഭൂമിയും ഇന്ന് ഉഴുതു മറിച്ച നിലയിലാണ്. വീട്ടിൽ നിർത്തിയിട്ട വിദേശത്ത് ജോലി ചെയ്യുന്ന മക്കളുടെ രണ്ട് കാറ് ഒരു ജീപ്പ് രണ്ട് മോട്ടോർ ബൈക്കുകളും ഒലിച്ചു പോയി.
സാബു പന്തലാടിക്കലിൻ്റെ കടയാണ് ഒലിച്ചു പോയത്. പതിനൊന്ന് വീടുകൾ പൂർണമായും തകർന്നു ഏഴിലധികം വീടുകൾ ഭാഗികമായും ഉരുൾപൊട്ടൽ പ്രദേശത്ത് തകർന്നിട്ടുണ്ട്.
മുൻഗ്രാമ പഞ്ചായത്ത് അംഗവും കോൺഗ്രസ് എസ് നേതാവുമായ ജോണി മുല്ല കുന്നേൽ , ബാബു നന്ദിക്കാട്ട് , ജോണി പാണ്ട്യം പറമ്പത്ത്, ജോർജ് കല്ലുവേലിക്കുന്നേൽ, മണി കൊമ്പിൽ ജേക്കബ് എന്ന കുട്ടിച്ചൻ , സിബി കണിരാഗത്ത്, പാനോത്തെ സജി പാലോൽ, അഭിലാഷ് പാലോലിൽ, ജയൻ,തയ്യിൽ കുറുവച്ചൻ, വടക്കേടത്ത് ദിവാകരൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.
സണ്ണി കടവൂർ, മോളി വള്ളിൽ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നവയിൽപ്പെടും.
#The #search #intensified #Mathai #Mash and #store #washed #away #within #seconds