നാദാപുരം:(nadapuram.truevisionnews.com) ദുരന്തം സംഹാര താണ്ഡവമാടിയ നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിനിടയിൽ കാണാതായ മാത്യു മാസ്റ്ററുടെ മൃതദേഹം വിലങ്ങാട് ചോത്തുള്ളപോയിൽ പുഴയോരത്ത് കണ്ടെത്തി .
കൂറ്റൻ മരത്തടിക്കൾക്കിടയിലാണ് മൃതദേഹം ഉള്ളത് . മണ്ണും മരത്തടികളും മാറ്റി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം അര മണിക്കൂറായി തുടരുകയാണ്.
എൻ ഡി ആർ എഫും സംഘവും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽ പൂണ്ട മൃതദേഹം മണ്ണുനീക്കി പുറത്തെടുക്കാൻ ശ്രമിക്കുകയാണ് .
ഇ കെ വിജയൻ എം എൽ എ യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും പോലീസും മറ്റും സ്ഥലത്തെത്തി .
കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു (58) എന്ന മത്തായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു മാഷും അയൽവാസിയും വിലങ്ങാട് സ്കൂൾ അധ്യാപകനായ നെടുത്തരിയിൽ സിൻസും.
പൊടുന്നനെയാണ് മഞ്ഞ ചീളി അങ്കണവാടിക്കടുത്തെ കുന്ന് ഇടിയുന്നത് കണ്ടത്. ഉടൻ മത്തായി മാഷ് മറുവശത്തെ കടയുടെ ഭാഗത്തേക്കും സിൻസ് മാഷ് എതിർ വശത്തേക്കും ഓടി.
കടയുടെ ഭാഗത്തായിരുന്നു ഉരുൾപൊട്ടി വെള്ളം കുതിച്ചെത്തിയത്. ഇവിടെ ഒറ്റപ്പെട്ടു പോയ മത്തായി മാഷേ രക്ഷിക്കാൻ തൊട്ടടുത്തെ വീട്ടിൽ നിന്ന് കയറുമായി സിൻസ് മാഷ് എത്തിയപ്പോൾ അവിടെ പ്രളയ ജലം വിഴുങ്ങിയിരുന്നു.
കടയും മാഷേയും കാണാതായി. എല്ലാം നിമിഷ നേരങ്ങൾക്കകം സംഭവിച്ചു .മത്തായി മാഷ് പുതുതായി നിർമ്മിക്കുന്ന വീടും സ്ഥലവും ഒലിച്ചു പോയിരുന്നു .
താമസ സ്ഥലത്ത് നിന്ന് നൂറ്റി അൻപത് മീറ്റർ അകലെയാണ് ദുരന്തം സംഭവിച്ചത് .
#Attempts #made #retrieve #body #Mathew #Master #trapped #under #tree #river