വിലങ്ങാട്:(nadapuram.truevisionnews.com) പെരും മഴയത്ത് ഉരുൾപൊട്ടി സർവ്വവും നശിച്ച വിലങ്ങാട് ഗ്രാമത്തിൽ വീണ്ടും കണ്ണീർ മഴ. നാടിന്റെ പ്രിയപ്പെട്ട കെ എം മാത്യു ( മത്തായി ) മാഷിന് നാടിൻറെ അന്ത്യാഞ്ജലി .
ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മത്തായി മാഷിന്റെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചരമണിയോടെ വിലങ്ങാട് മഞ്ഞകുന്ന് ദേവാലയം സെമിത്തേരിയിൽ സംസ്കരിച്ചു.
ഇന്ന് രാവിലെയാണ് ഉരുൾപ്പെട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ പത്താംമൈൽ വച്ച് മാത്യു മാഷിന്റെ മൃതദേഹം കിട്ടിയത്.
ചോത്തുള്ളപൊയിലിൽ ഫയർ ഫോഴ്‌സും എൻ ഡി ആർ എഫും സംഘവും രണ്ടു മണിക്കൂറോളം നടത്തിയ തിരച്ചിലിന്റെ ഫലമായാണ് മൃതദേഹം പുറത്തെടുക്കാനായത് .
പൊലീസ് ഇൻക്വിസ്റ്റിനു ശേഷം മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മാത്യു മാഷിന്റെ വീട്ടിലും പുതുതായി നിർമ്മിക്കുന്ന വീട്ടിലും മൃതദേഹം എത്തിച്ചു.
മാത്യു മാഷിന്റെ ഭാര്യ ഷൈനി മാത്യുവും, മക്കൾ അഖിൽ മാത്യുവും, അജിത് മാത്യുവും ഉൾപ്പെടെ മഞ്ഞകുന്ന് ദേവാലയത്തിൽ എത്തിയിരുന്നു.
ജോസ് കെ മാണി എം പി , എം എൽ എമാരായ ഇ കെ വിജയൻ , കെ പി കുഞ്ഞമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാന്മാരായ രാജേന്ദ്രൻ കപ്പള്ളി, ഇന്ദിര, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലയ്യ ടീച്ചർ , മുസ്ലിം ലീഗ് നേതാക്കൻമ്മാരായ ടി ടി ഇസ്മായിൽ എൻ കെ മൂസ , അബ്ദുൽ റഹിമാൻ, പാറക്കൽ അബ്ദുള്ള , സൂപ്പി നരിക്കാട്ടേരി, സി കെ സുബൈർ , ഉമ്മർ പാണ്ടികശാല തുടങ്ങിയവർ പള്ളിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു .
മഞ്ഞകുന്ന് സെമിത്തേരിയിൽ താമശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തിലുള്ള വൈദികർ സംസ്കാര ചടങ്ങിന് നേതൃത്വം നൽകി .
#Matthew #Mash #departs #rain #tears #Vilangad #village