നാദാപുരം: (nadapuram.truevisionnews.com)വയനാട്ടിന് പുറമെ ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട്ടും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ഞച്ചീളി മലയുടെ മുകളില്‍ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്.
ജനങ്ങള്‍ വീടുകളില്‍ നിന്ന് മാറിത്താമസിച്ചതു കാരണമാണ് വലിയ ദുരന്തം ഒഴിവായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉരുള്‍പ്പൊട്ടല്‍ സംഭവിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ കുമ്പളച്ചോല എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകന് മഞ്ഞച്ചീളി സ്വദേശി കളത്തിങ്കല്‍ മാത്യു എന്ന മത്തായി (62) അപകടത്തിൽപ്പെട്ടു.
ആഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ച മുതൽ മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം എന്നീ ഭാഗങ്ങളിലാണ് ഉരുൾ പൊട്ടിയത്. ആദ്യം ചെറിയ തോതിലാണ് ഉരുൾ പൊട്ടി മലവെള്ളം കുത്തിയൊലിച്ചത്.
പിന്നീട് കൂറ്റൻ മരങ്ങളും വലിയ പാറക്കല്ലുകളുമടക്കം ഒന്നാകെ കുത്തിയൊലിക്കുകയായിരുന്നു. ചെറിയ ഉരുൾപൊട്ടലുണ്ടായതോടെ നാട്ടുകാർ പരസ്പരം ആശയവിനിമയം നടത്തി പെട്ടെന്ന് വീടുകളിൽ നിന്ന് മാറിയതാണ് വലിയ തോതിൽ ആളപായമില്ലാതെ രക്ഷയായത്.
മലവെള്ളപ്പാച്ചിലിൽ ഒരു വർഷം മുമ്പ് പുനർനിർമിച്ച ഉരുട്ടിപാലം, വിലങ്ങാട് ടൗൺ പാലം, മഞ്ഞച്ചീളിയിലെ രണ്ട് പാലം, മലയങ്ങാട് പാലം എന്നിവക്ക് നാശമുണ്ടായി.
ഉരുൾപൊട്ടലിൽ വിലങ്ങാട് മലയോരത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 14 വീടുകളും മൂന്ന് കടകളും പൂർണമായി മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
50 ഏക്കർ കൃഷിഭൂമിയിലെ കാർഷിക വിളകൾ നശിച്ചു. ഉരുൾപൊട്ടലിൽ മണ്ണും ചളിയും അടിഞ്ഞു കൂടി വ്യാപാരികൾക്കും കനത്ത നഷ്ടമാണുണ്ടായത്.
25ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്ത് വായനശാല, അംഗൻവാടി, മാതാവിന്റെ സ്തൂപം തുടങ്ങിയവയും നശിച്ചു. 185 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മഞ്ഞക്കുന്ന് പാരിഷ് ഹാൾ (65 കുടുംബങ്ങൾ), വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ് (30), അടുപ്പിൽ ദുരിതാശ്വാസ വീടുകൾ (75), പാലൂർ എൽ.പി, സേവ കേന്ദ്രം, സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
#Tragedy #claimed #life #Apart #from #Wayanad #Vilangad #also #suffered #massive #damage #due #landslides #Chief #Minister