നാദാപുരം: (nadapuram.truevisionnews.com) ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനം സംബന്ധിച്ചു തുണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഉന്നയിച്ച ആവശ്യം ജില്ലാ മെഡിക്കൽ ഓഫീസർ തള്ളി.
സർക്കാർ നിർദ്ദേശം അനുസരിച്ചു മാത്രമേ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയുള്ളൂ എന്ന് ബ്ലോക്ക് പ്രസിഡന്റ് കെ പി വനജയെ ജില്ലാ മെഡിക്കൽ ഓഫീസർ രേഖാ മൂലം അറിയിച്ചു.
ഇതുവരെ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തവരുടെ കാലാവധി അവസാനിക്കുകയും പുതിയ ജീവനക്കാരെ ദിവസ വേതനത്തിന് നിയമിക്കാൻ ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റി തീരുമാന പ്രകാരം ഈ മാസം ഒൻപതിന് അഭിമുഖം നടത്തുകയും ചെയ്തിരുന്നു.
സെക്യൂരിറ്റി ജീവനക്കാർ വിമുക്ത ഭടൻമാർ ആയിരിക്കണം എന്ന് സർക്കാർ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം നിരവധി വിമുക്ത ഭടൻമാർ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നേരത്തെ ഇവിടെ ജോലി ചെയ്തവരെ തന്നെ വീണ്ടും നിയമിക്കാൻ ബ്ലോക്ക് പ്രസിഡന്റ് ശ്രമം നടത്തുകയും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
നേരത്തെയുള്ള സെക്യൂരിറ്റി ജീവനക്കാരനെ പ്രസിഡൻ്റ് ആശുപതിയിൽ അയക്കുകയും ഇയാൾ ജോലിയിൽ പ്രവേശിക്കുന്നത് സ്റ്റാഫ് നഴ്‌സ് തടയുകയുമുണ്ടായി.
ഇതേ തുടർന്ന് ബ്ലോക്ക് പ്രസിഡന്റ് വനജയും ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങളിൽ ചിലരും രാത്രി സമയത്ത് ആശുപത്രിയിൽ എത്തി നഴ്സിനെ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് നഴ്‌സ് പോലീസിൽ പരാതി നൽകുകയും ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെ നാലു പേർക്കെതിരെ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
#DMO #rejected #Appointment #Nadapuram #Taluk #Hospital #Block #Panchayat #demand #rejected #District #Medical #Officer