നാദാപുരം: നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ തസ്തികകളിൽ യോഗ്യത ഇല്ലാത്തവരെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് യു ഡി വൈ എഫ് നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
നാദാപുരം ലീഗ് ഹൌസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ആശുപത്രി പരിസരത്ത് എത്തിയപ്പോൾ മെയിൻ ഗെയിറ്റിന് മുന്നിൽ പോലീസ് തടഞ്ഞു.
പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമായി. ശേഷം പ്രവർത്തകർ കുത്തിയിരുന്ന് പ്രകടനം വിളിച്ചു.
യുവജന പ്രതിഷേധം നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.
ഒഴിവ് വന്ന തസ്തികളിലേക്ക് ഇൻറർവ്യൂ നടത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും മാർക്ക് ലിസ്റ്റുമായി കടന്നുകളഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തടസ്സം നിൽക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വനജ സ്വന്തക്കാരെ തിരുകി കയറ്റാൻ നടത്തുന്ന ശ്രമം സ്വജനപക്ഷപാതം ആണെന്നും അഴിമതി നടത്താൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച ബ്ലോക്ക് പ്രസിഡന്റിന്റെ രാജി ചോദിച്ചു വാങ്ങാൻ സിപിഎം തയ്യാറാകണമെന്നും ബംഗ്ലത്ത് പറഞ്ഞു.
എ ഡി എം നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത് സി പി എം ജന പ്രതിനിധികളുടെ മോശം പെരുമാറ്റത്തിന് മകുടോദാഹരണമാണെന്നും, അനാവശ്യമായി ഉദ്യോഗസ്ഥർക്കെതിരെ വാളെടുത്ത് അവരുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജയുടെ സമീപനം ധിക്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വന്ദന ദാസ് കൊലപാതകത്തിന് ശേഷം ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിമുക്തഭടൻമാർ ആയിരിക്കണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിട്ടും ഈ ഉത്തരവ് നഗ്നമായി ലംഘിച്ചു നിയമനം നടത്താൻ ശ്രമിച്ചാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെ രാകേഷ് അധ്യക്ഷത വഹിച്ചു.
നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് എച്ച് എം സി ചേരാനിരിക്കയാണ് യുഡി വൈ എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
യുവജന പ്രതിഷേധം ഭയന്ന് എച്ച് എം സി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
എച്ച് എം സി ചേരാത്തതിനാൽ ഹോസ്പിറ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണ്.
യുവജന മാർച്ചിനെ അഭിസംബോധന ചെയ്ത് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ, സജീവൻ വക്കീൽ, ഇ ഹാരിസ്,അനസ് നങ്ങാണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് നജ്മ ബീവി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട്, ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, വാർഡ് മെമ്പർ സി ടി കെ സമീറ, ഫസൽ മാട്ടാൻ, ശംസീർ നരിക്കാട്ടേരി,സവാദ് ചേലക്കാട്, തുടങ്ങിയവർ പ്രസംഗിച്ചു. എ കെ ശാക്കിർ സ്വാഗതവും നിസാം തങ്ങൾ നന്ദിയും പറഞ്ഞു.
#Unauthorized #appointment #Youth #march #Nadapuram #Govt #Hospital