കല്ലാച്ചി: (nadapuram.truevisionnews.com) ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികളെ തോല്പിക്കാനുള്ള നീക്കം അശാസ്ത്രീയമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ഡോ.എം.വി.ഗംഗാധരൻ അഭിപ്രായപ്പെട്ടു.
പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരാഭായ് നയിക്കുന്ന വിദ്യാഭ്യാസജാഥയ്ക്ക് കല്ലാച്ചിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാവണം വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്നും അതിന് നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ഡോ. ഗംഗാധരൻ പറഞ്ഞു.
മിനിമം മാർക്ക് നിബന്ധന ഒരു വിഭാഗം വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റി നിർത്താൻ മാത്രമേ ഉപകരിക്കൂ. ഇങ്ങനെ പുറത്താക്കപ്പെടുന്നത് സമൂഹത്തിലെ പാർശ്വവൽകൃത ജനവിഭാഗങ്ങളായിരിക്കുകയും ചെയ്യും.
എല്ലാ വിഭാഗത്തിലും പെട്ടവരെ ചേർത്തു നിർത്തി എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടത്. അധ്യാപക പരിശീലനവും മോണിറ്ററിങ് സംവിധാനവും ശക്തിപ്പെടുത്തണം.
കല്ലാച്ചിയിൽ നടന്ന സ്വീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം നിഷാമനോജ് അധ്യക്ഷത വഹിച്ചു.
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ, ജില്ലാ സെക്രട്ടറി വി.കെ.ചന്ദ്രൻ, ജാഥാ മാനേജർ ഹരീഷ് ഹർഷ, പി.കെ.സതീഷ്, ടി.സുരേഷ്, ടി.സിദിൻ തുടങ്ങിയവർ സംസാരിച്ചു. സി.ടി.അനൂപ് സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു.
രാജേഷ് കല്ലാച്ചിയും സംഘവും അവതരിപ്പിച്ച വിദ്യാഭ്യാസ ഗാനവും അരങ്ങേറി.
#Education #March #cannot #raise #standards #losing #Dr #MVGangadharan