നാദാപുരം : (nadapuram.truevisionnews.com) ഊര്‍ജ്ജിത ഉറവിട നശീകരണ ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലും പരിസരങ്ങളിലും ഈഡിസ് കൊതുകിന്റെ ഉറവിട നശീകരണ, ബോധവല്‍ക്കരണ യജ്ഞം സംഘടിപ്പിച്ചു.
ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം കോഴിക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഫീല്‍ഡ് വിഭാഗവും ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഓഫീസുകള്‍ക്കകത്തും പരിസരങ്ങളിലും ഈഡിസ് കൊതുകള്‍ പെരുകാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി, ഉറവിട നശീകരണവും, അവബോധ പ്രവര്‍ത്തനങ്ങളും നടത്തിയത്.
കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ സംസാരിച്ചു.
നൂറിലധികം വരുന്ന ഫീല്‍ഡ് ജീവനക്കാര്‍ 30 സ്‌ക്വാഡുകളായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സീനിയര്‍ ബയോളജിസ്റ്റ് എസ് സബിത, ഡിസ്ട്രിക്ട് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ റിയാസ് കെ പി, ടെക്‌നികല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 ഓഫീസര്‍ ജോയ് തോമസ്, പ്രഭാകരന്‍ എന്‍ തുടങ്ങിയവര്‍ ഏകോപിപ്പിച്ചു.
ഡെങ്കി തടയാം
പ്രത്യേക ആവശ്യങ്ങള്‍ക്കായി വെച്ചിരിക്കുന്നതോ വലിച്ചെറിഞ്ഞതോ ആയ അനവധി തരം കണ്ടെയിനറുകളില്‍ കെട്ടി നില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്.
ആഴ്ചയിലൊരിക്കല്‍ ഇത്തരം പാത്രങ്ങളിലെ ജലം നീക്കി ഡ്രൈ ഡേ ആചരിച്ച് ഈഡിസിന്റെ ഉറവിട നശീകരണം നടത്തി ഡെങ്കിയെ പ്രതിരോധിക്കാം.
ഇടവിട്ട് മഴ പെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരുടെയും സജീവമായ പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
#source #destruction #Lets #join #hands #dengue #prevention