നാദാപുരം: (nadapuram.truevisionnews.com) ദുബൈ കെ എം സി സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളീബോൾ ടൂർണമെൻ്റിന് ഇന്നലെ തുടക്കമായി.
ഇന്നലെ 8 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ പ്രമുഖനും ജീവ കാരുണ്യ രംഗത്തെ കേരള ഐക്കണുമായ ബോച്ചെ മുഖ്യാതിഥിയായി.
തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിൽ ഒരാഴ്ച്ച നീളുന്ന മേളയാണ്.
ഇന്നലെ രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കോളേജ് തല മത്സരത്തിൽ നടുവണ്ണൂർ വോളിബോൾ അക്കാദമിയും സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയും തമ്മിലായിരുന്നു ആദ്യ മത്സരം. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് നടുവണ്ണൂർ വോളിബോൾ അക്കാദമി വിജയിച്ചു.
രണ്ടാമത്തെ മത്സരത്തിൽ കെ എസ് ഇ ബി യും കേരള സിക്സേഴ്‌സും തമ്മിൽ ഏറ്റുമുട്ടി. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കെ എസ് ഇ ബി ജയിച്ചു.
ഇന്ന് 7.30 ന് കോളേജ് തലത്തിൽ സായി സെന്റർ കോഴിക്കോടും എൻ എ എം കോളേജ് കല്ലിക്കണ്ടിയും തമ്മിലാണ് മത്സരം.
8 30 ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ എയർഫോസും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
7000 കാണികളെ ഉൾക്കൊള്ളുന്ന ഗ്യാലറിയും വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ തന്നെ ഏറ്റവും വലിയ വോളീബോൾ ടൂർണമെൻ്റ് ആണ് സംഘാടകർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ പ്രമുഖ ഡിപ്പാർട്ട്മെൻ്റ് ടീമുകളായ ഇന്ത്യൻ നേവി, എയർ ഫോഴ്‌സ്, ഐ ഒ ബി, ഇൻകം ടാക്സ്, സി ഐ എസ് എഫ് റാഞ്ചി, കെ എസ് ഇ ബി, കേരള പൊലീസ്, കേരള സിക്സേർസ് എന്നീ ടീമുകൾക്കായി ദേശീയ അന്തർദേശീയ താരങ്ങളാണ് അണി നിരക്കുന്നത്.
മുപ്പതിൽ പരം പ്രൈം വോളീ താരങ്ങളാണ് വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. കേരളത്തിലെ പ്രമുഖ കോളജുകൾ പങ്കെടുക്കുന്ന ഇൻ്റർ കോളജ് വോളിബോൾ ചാമ്പ്യൻഷിപ്പും ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.
പ്രവാസ ലോകത്ത് നിന്നും കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കെ എം സി സി വോളീബോൾ ടൂർണമെൻ്റ് വഴി ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.
വിദ്യാഭ്യാസ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
വിവിധ ദിവസങ്ങളിലായി ശാഫി പറമ്പിൽ എം പി, ഇകെ വിജയൻ എം എൽ എ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി പങ്കെടുക്കും.
#Volley #Tournament #KSEB #Naduvannur #Volleyball #Academy #winners #first #day