Jan 9, 2025 11:31 AM

നാദാപുരം: (nadapuram.truevisionnews.com) സാമൂഹിക വിപത്തിനെതിരായ പരിപാടിയുടെ ക്ഷണക്കത്ത് കുറിച്ച് സാബിത്ത് യാത്രയായി.ആ വേർപാടിൽ വിതുമ്പുകയാണ് കുനിങ്ങാട് ഗ്രാമം.

പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനും വ്യാപാരിയുമായ കെ മുഹമ്മദ് സ്വാലിഹിന്റെ മകൻ മുഹമ്മദ് സാബിത് പിതാവിനെ പോലെ തന്നെ എല്ലാ രംഗത്തും നിറസാന്നിധ്യമായിരുന്നു.

കല്ലിക്കണ്ടി എൻ എ എം കോളജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പിതാവിന്റെ പാർട്ട്ണർഷിപ്പിൽ പ്രവർത്തിക്കുന്ന എസ്പാൻഷെയുടെ പ്രധാന ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്ന ഈ 21കാരൻ വിലാതപുരം ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, എസ് കെ എസ് എസ് എഫ് ശാഖ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു.

നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായ ഈ ചെറുപ്പക്കാരൻ ഇന്നലെ വിലാതപുരത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് അന്തിമ രൂപം നൽകാനായി കഴിഞ്ഞ ദിവസം രാത്രി 10 മണിവരെ യൂത്ത് ലീഗ് ഓഫീസിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചു.

ഈ പരിപാടിക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള കത്ത് തയ്യാറാക്കി പലർക്കും വാട്സ് ആപ്പ് വഴി അയച്ചു കൊടുത്ത ശേഷമാണ് സാബിത്ത് വീട്ടിലെത്തി ഉറങ്ങാൻ കിടന്നത്. ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി പിതാവ് സാലിയോട് പറഞ്ഞ തോടെ ആശുപത്രി യിലേക്ക് കൊണ്ടു പോകുകയും വഴി മദ്ധ്യേ മരണം സംഭവിക്കുകയും ആയിരുന്നു.

സാബിത്ത് മരിച്ചെന്ന വാർത്ത കേട്ട നാട്ടുകാരും സുഹൃത്തുക്കളും അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.

രാത്രി ഏറെ നേരം ചിരിച്ചും തമാശ പറഞ്ഞും തങ്ങൾക്കൊപ്പം കഴിച്ചു കൂട്ടിയ പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ട് സഹ പ്രവർത്തകർ പരസ്പരം കെട്ടി പിടിച്ചു പൊട്ടി കരയുകയാണ്.

ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മൃതദേഹം രാത്രി എട്ടു മണിക്ക് കടമേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. മരണവാർത്തയ റിഞ്ഞ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ആർ എ സി ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള വസതിയിലേക്ക് ആളുകൾ പ്രവഹിക്കുകയാണ്.

സാബിത്ത് അവസാനമായി തയ്യാറാക്കിയ ക്ഷണക്കത്ത്...

പ്രിയ സ്നേഹിതാ, നമുക്ക് ചുറ്റും രൂപപ്പെട്ട് വരുന്ന അസ്വാഭാവിക സാഹചര്യങ്ങളിൽ ലഹരിയെന്ന നീരാളിക്ക് വലിയ പങ്കുണ്ട്.

പുതിയ കാലവും ലോകവും ഇങ്ങനെയായിപ്പോയതെന്താണെന്ന് ആശങ്കപ്പെടുന്നവർ അറിയാതെ പോയ ചില കാര്യങ്ങളുണ്ട്. ആധുനിക കാലത്തെ ലഹരി വസ്തുക്കൾ നാമറിഞ്ഞതും പറഞ്ഞ് കേട്ടതും മാത്രമല്ല.

സിന്തറ്റിക് ഡ്രഗ്സ് എന്ന പുതിയ തരം ലഹരിയെ കുറിച്ച് എത്ര പേർക്കറിയാം. അതിൽ പെട്ട് പോയവരെ ഒരു തരത്തിലും നമുക്ക് വേർതിരിച്ചറിയാനാവില്ല.

ലഹരിയുടെ കെണിവഴികൾ നാമോരോരുത്തരും മനസ്സിലാക്കാതെ പറ്റില്ലെന്നായിരിക്കുന്നു. മക്കൾ വഴി കെട്ട് പോകരുതെന്നാശിക്കുന്ന മാതാപിതാക്കളും ജേഷ്ഠാനുജന്മാർ കൈവിട്ട് പോകരുതെനന്നാഗ്രഹിക്കുന്ന യുവജനങ്ങളും ചില കാര്യങ്ങൾ അറിഞ്ഞേ പറ്റൂ. ആയതിന് ശരിയായ രീതിയിലൊരു അവബോധമുണ്ടാക്കാനാണ് നമ്മുടെ പരിശ്രമം.

യുവതീയുവാക്കളുടെ ജീവിതമാകെ താറുമാറാക്കുന്ന തരത്തിൽ ലഹരിവ്യാപിക്കുന്ന പുതിയ സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി ചെറുക്കാമെന്ന് നമുക്ക് ഉറക്കെ ചിന്തിക്കാം. നമ്മുടെ വീടിനെയും അയൽപക്കങ്ങളെയും ലഹരിയിൽ നിന്ന് മുക്തമാക്കാം.

പഠനവും കലാകായിക പരിശീലനവും ലഹരിയാക്കാം. വിലാതപുരം ശാഖാ മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണം നാളെ (08/01/25) ബുധൻ രാത്രി 7.30ന് ഖാഇദേ മില്ലത്ത് സെന്റ്റിൽ താങ്കളും സുഹൃത്തുക്കളുമുണ്ടാണ്ടാകണം.

സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

മുഹമ്മദ് ഷിബിൽ (പ്രസിഡന്റ്)

മുഹമ്മദ് സാബിത്(ജനറൽ സെക്രട്ടറി)

മത രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന യുവാവിന്റെ ആകസ്മിക വേർപാടിൽ തേങ്ങുകയാണ് ഒരു നാട് മുഴുവൻ.





#Sabit #left #invitation #village #shocked #separation

Next TV

Top Stories