നാദാപുരം : (nadapuram.truevisionnews.com)നാടിൻ്റെ പുരോഗമനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരാണ് കടത്തനാട് രാജവംശമെന്ന് ഇ കെ ഗോവിന്ദ വർമ്മ രാജ. കുറ്റിപ്രo പാറയിൽ പരദേവതാ ശിവ ക്ഷേത്രം നവീകരണ കലശവുമായി ബന്ധപ്പെട്ട് നടന്ന അനുമോദന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര പ്രവേശന വിളംബരത്തിന് മുനപ് തന്നെ കടത്തനാട് രാജവംശം ലോകനാർകാവ് ക്ഷേത്രം എല്ലാ ഭക്ത ജനങ്ങൾക്കും തുറന്ന് കൊടുത്തു. സ്വാതന്ത്ര്യ സമരത്തിൻ്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടിയ ഇ കെ ശങ്കര വർമ്മ , അപ്പൻ തമ്പുരാൻ എന്ന് അറിയപ്പെടുന്ന ഒഞ്ചിയം തമ്പുരാൻ സ്വാതി തിരുനാളിന്റെ ഉപദേഷ്ടാവായിരുന്നു.
സൗന്ദര്യ രത്നമാലയുടെ കർത്താവ് കൂടിയായ അറിയപ്പെടുന്ന ഒഞ്ചിയം തമ്പുരാൻ ജ്യോതിഷ പണ്ഡിതനായിരുന്നു. കലാ സാഹിത്യ മേഖലക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇ കെ ഉദയ വർമ്മ ബാല ഗംഗാധര തിലകൻ്റെ നിർദ്ദേശ പ്രകാരമാണ് എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന എന്ന ലക്ഷ്യത്തോടെ പുറമേരിയിൽ പൊതു വിദ്യാലയം ആരംഭിച്ചത്. വടക്കേ മലബാറിലെ സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തലശ്ശേരിയിൽ നടന്ന ദേശപോഷണി സമ്മേളനത്തിന് പിന്തുണ നൽകി. കടത്തനാട് കേന്ദ്രീകരിച്ച് നിരവധി സാഹിത്യ മാസികൾ പ്രസിദ്ധീകരിച്ചു. ആധുനിക വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും വലിയ രീതിയിലുള്ള പിന്തുണ കടത്തനാട് രാജവംശം നൽകിയിരുന്നു.
മടപ്പള്ളി ഗവ . കോളേജ് ഉൾപ്പെടെയുള്ള നിരവധി പൊതു സ്ഥാപനങ്ങൾക്ക് സൗജന്യമായി സ്ഥലം അനുവദിച്ചിരുന്നു. വായനയെ തിരിച്ച് പിടിക്കാൻ കഴിഞ്ഞാൽ പുതു തലമുറയെ മാരകമായ ലഹരി വിപത്തിൽ നിന്നും രക്ഷപ്പെടുത്താൻ കഴിയുമെന്നു ഗോവിന്ദ വർമ്മ രാജ പറഞ്ഞു.
തന്ത്രി ബ്രഹ്മശ്രീ പേരൂർ ദാമോദരൻ നമ്പൂതിരിപ്പാട് , വർഷങ്ങളായി ക്ഷേത്രത്തിലേക്ക് മലർ നിവേദ്യം നൽകി വരുന്ന പാറമ്മേൽ ജാനു അമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വിജയൻ പൊന്നങ്കോട്ട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സുരേഷ് ബാബു , നവീകരണ കലശ കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ ആരതി , പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു മാസ്റ്റർ പുറയനാട്ട് എന്നിവർ സംസാരിച്ചു.
#free #new #generation #from #addiction #through #reading #EKGovindavarma