നാദാപുരം: (nadapuram.truevisionnews.com) കേരളവിഷൻ ഓപ്പറേറ്റർമാരുടെ ഒപ്റ്റിക് ഫൈബർ കേബിളുകൾ വെട്ടി മുറിച്ച് നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം. കെഎസ്ഇബി നാദാപുരം ഡിവിഷൻ ഓഫീസിലേക്ക് (കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ) സിഒഎ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ രോഷമിരമ്പി.

സംസ്ഥാന നിർവാഹക സമിതി അംഗം എം.മൻസൂർ ഉദ്ഘാടനം ചെയ്തു. നിക്ഷിപ്ത താല്പര്യത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.മൻസൂർ പറഞ്ഞു.
പണം അടച്ച കേബിൾ ഓപ്പറേറ്റർമാരുടേത് ഉൾപ്പെടെ കെഎസ്ഇബി നാദാപുരം ഡിവിഷന് കീഴിലുള്ള എടച്ചേരി, നാദാപുരം, നടുവണ്ണൂർ എന്നീ സെക്ഷൻ പരിധികളിലാണ് കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർ വ്യാപകമായി ഒപ്റ്റിക് ഫൈബർ കേബിളുകൾ വെട്ടി നശിപ്പിച്ചത്.
അതോടെ ഈ ഭാഗങ്ങളിലുള്ള ജനങ്ങളുടെ ഇന്റർനെറ്റ് സേവനവും ഡിജിറ്റൽ ടിവി സേവനവും തടസ്സപ്പെട്ടു. ഇതിനെതിരെയാണ് കെഎസ്ഇബി നാദാപുരം ഡിവിഷനിലേക്ക് സിഒഎ മാർച്ച് നടത്തിയത്. അതിനിടെ വിഷയത്തിൽ കെഎസ്ഇബി അധികൃതർ ക്ഷമാപണം നടത്തി.
കേബിളുകൾ മാറി കട്ട് ചെയ്തു പോയതാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും കെഎസ്ഇബി നാദാപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ മുഹമ്മദ് വ്യക്തമാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ഇബി ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് സിഒഎ നേതാക്കൾ നിവേദനവും നൽകി.
ജില്ലാ പ്രസിഡന്റ് കെ.പി സത്യനാഥൻ അധ്യക്ഷത വഹിച്ചു. ഉദ്യമി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൽസലാം, സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ, സിഒഎ ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ കെ.എസ് ജയദേവ്, സംസ്ഥാന കമ്മിറ്റി അംഗം പി.പി അഫ്‌സൽ, കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.അബ്ദുറഹിമാൻ, വടകര മേഖല പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ.വിനോദ് കുമാർ, കൊയിലാണ്ടി മേഖലാ സെക്രട്ടറി പി.ശ്രീരാജ്, താമരശ്ശേരി മേഖലാ സെക്രട്ടറി ഷൈജോ പോൾ, വടകര മേഖലാ സെക്രട്ടറി പി.എൻ സുകേഷ് എന്നിവർ സംസാരിച്ചു.
#Optic #fiber #cables #cut #COA #organizes #protest #against #KSEB