പുറമേരി : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 6.75 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന അരൂർ -തണ്ണീർപന്തൽ റോഡ് നിർമ്മാണം അശാസ്ത്രീയവും പി.എംജിഎസ് വൈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയുമാണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് പുറമേരി മണ്ഡലം കമ്മറ്റി ആരോപിച്ചു.
മാനദണ്ഡങ്ങൾ പ്രകാരം റോഡിലെ ഇലക്ട്രിക്ക് പോസ്റ്റുകൾ ഉൾപ്പടെയുള്ള തടസ്സങ്ങൾ നീക്കം ചെയ്യണമെന്നാണ് ചട്ടം . പലരും സ്ഥലവും മതിലും വിട്ടു നൽകിയെങ്കിലും വൈദ്യുതി പോസ്റ്റുകൾ പലതും മാറ്റിയിട്ടില്ല. അത്തരം പോസ്റ്റുകൾ ഉൾപ്പടെ നിലനിർത്തി അതിന് ചുറ്റിലുമായി ടാറിങ് അടക്കം ചെയ്താണ് പ്രവർത്തി മുന്നോട്ട് പോകുന്നത്. ഇത് ഗുണനിലവാരത്തെയും ഈട് നിൽപ്പിനെയും ബാധിക്കും.

ഓവ് പാലങ്ങളുടെ നിർമാണം, റോഡിൻെറ അലൈൻമെന്റ് തുടങ്ങിയതിലും വ്യാപകമായ പരാതികളാണ് ഉയരുന്നത്. ചില ഭാഗങ്ങളിൽ ജലനിധി പദ്ധതിയുടെ പൈപ്പിങ് ജോലികൾ തീരാൻ ബാക്കിയുണ്ട്. റോഡ് നിർമ്മാണം കഴിഞ്ഞാൽ ഉടൻ ഈ ജോലികൾ പുനരാരംഭിക്കും
കോടികൾ ചിലവഴിച്ചു പുതുതായി നിർമ്മിച്ച റോഡിൽ വീണ്ടും വലിയ കുഴികൾ ഉണ്ടാക്കുന്നത് റോഡിൻ്റെ തകർച്ചയ്ക്ക് കാരണമാകും. തീർക്കാൻ എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളെയും കാറ്റിൽ പരത്തിയാണ് ഇപ്പോൾ ജോലികൾ നടത്തുന്നത്. പൊതുജനങ്ങളിൽ പരാതികളും ആശങ്കകളും ഉയർന്ന സാഹചര്യത്തിൽ ഉടൻ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ച് ഇതുവരെ നടന്ന പ്രവർത്തികളുടെ ഗുണനിലവാരവും നടത്തിപ്പിലെ പാകപ്പിഴകളും പരിശോധിച്ച് വീഴ്ചകളുണ്ടെകിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ്സ് പുറമേരി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് കൃഷ്ണ ആവശ്യപ്പെട്ടു.
Aroor Thanneerpanthal road construction unscientific Youth Congress