നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് വിവിധ മേഖലകളിൽ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നവീകരണ പ്രവൃത്തി നാടക്കുന്ന കല്ലാച്ചി ടൗൺ സംസ്ഥാനപാത വെള്ളക്കെട്ടിലായി. സമീപത്തെ കടകളിൽ വെള്ളം കയറി. വാഹനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.
കുമ്മങ്കോട് റോഡിലും വെള്ളം കയറി. വിഷ്ണുമംഗലം പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇന്നലെ ഉച്ചയോടെ നാദാപുരം ഗവ.സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അഗ്നി രക്ഷാസേന എത്തി മരം മുറിച്ചു മാറ്റി.

വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ മണ്ണും കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഈ ചാലുകളിൽ മഴവെള്ളം ഒഴുകിയതോടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.
കൂടുതൽ മണ്ണും കല്ലും ഏത് നിമിഷവും ഒഴുകി വീടിന് പിൻ വശത്തേക്ക് പതിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇടപെട്ട് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കുകയായിരുന്നു.
Heavy rain waterlogging low lying areas Nadapuram