വിലങ്ങാട് :(nadapuram.truevisionnews.com) ഒരു വർഷത്തിനും അപ്പുറം പതിവ് പോലെ കനത്ത മഴയാണെങ്കിലും ജൂലൈ 29 ന് രാത്രി അവർ ഉറങ്ങാൻ കിടന്നത് പുതിയ പ്രഭാതം സ്വപ്നം കണ്ടായിരുന്നു.
പുലർച്ചെ 12:30 വിലങ്ങാട് എന്ന കൊച്ചുഗ്രാമം ഗാഢനിദ്രയിലായിരുന്നു. പട്ടികളും വളർത്ത് മൃഗങ്ങളും അസ്വാഭാവികമായി ശബ്ദം വെക്കുന്നത് കേട്ട് ചിലർ ഉണർന്നു. പുഴവെള്ളത്തിന് ഒരു ചെളിയുടെ ഗന്ധം. പെട്ടെന്ന്, ആകാശവും ഭൂമിയും കുലുങ്ങുന്ന ഒരു വലിയ ശബ്ദം. അത് മലയിടുക്കുകളിൽ നിന്ന് ഉയർന്നു, ഒരു അശരീരി പോലെ നാടിനെ വിറപ്പിച്ചു. എങ്ങോട്ടാണ് ഓടേണ്ടതെന്നറിയാതെ, എന്തുചെയ്യണമെന്നറിയാതെ ആ നാട് ഒരു നിമിഷം നിശ്ചലമായി നിന്നു. കുഞ്ഞുങ്ങളെയും പ്രായമായവരെയും നെഞ്ചോട് ചേർത്ത് പിടിച്ച് അവർ ശബ്ദം കേൾക്കുന്നതിന്റെ എതിർദിശയിലേക്ക് പാഞ്ഞു.



പക്ഷേ, അവിടെയും അതേ മുഴക്കം! മൊബെൽ ഫോൺ വിളിച്ച് പലരെയും ഉണർത്തി. പിന്നെ സഹജീവിസ്നേഹത്തിൻ്റെ പുതുമാതൃക തീർത്ത രക്ഷാപ്രവർത്തനം. ജീവനും കൈയ്യിൽ പിടിച്ച്, സൂര്യോദയം വരെ അവർ ഭയന്നുവിറച്ച് നിന്നു. നേരം പുലർന്നപ്പോൾ കണ്ട കാഴ്ച, ആ ഹൃദയങ്ങളെ തകർക്കുന്നതായിരുന്നു. തലമുറകളായി നടത്തി വരുന്ന കൃഷിയും കൂലിപ്പണിയെടുത്തും, ആടുമാടുകളെ നോക്കിയും, വിയർപ്പൊഴുക്കിയും കെട്ടിപ്പടുത്ത അവരുടെ നാട്, ഒരു നിമിഷം കൊണ്ട് ഉരുൾപൊട്ടൽ എന്ന പ്രകൃതി കോപത്താൽ തുടച്ചുനീക്കിയിരുന്നു.
ശാന്തസുന്ദരമായ ആ ഗ്രാമം ഒരു പേടിസ്വപ്നത്തിലേക്ക് വഴുതിവീഴുമെന്ന് ആരും ഓർത്തിരിക്കില്ല. ഒരു വർഷം മുമ്പ്, 2024 ജൂലൈ 30-ന് പുലർച്ചെ, മലകളെ പിടിച്ചുകുലുക്കി, മണ്ണിനെ ഇളക്കിമറിച്ച്, കോഴിക്കോട് വിലങ്ങാടിന്റെ ഹൃദയത്തിലൂടെ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഒരു ഭീകരസത്വത്തെപ്പോലെ താണ്ടവമാടി. വയനാട്ടിലെ ദുരന്തങ്ങൾക്കിടയിൽ, പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മുറിവാണിത്.
ഒരു വർഷത്തിനുശേഷവും ഈ മണ്ണിനും മനസ്സുകൾക്കും അത് ഉണങ്ങാത്ത വേദനയായി തുടരുന്നു. ആ ദുരന്തത്തിൽ 14 വീടുകൾ പൂർണ്ണമായും ഒലിച്ചുപോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് വിലങ്ങാടിനെ തകർത്തെറിഞ്ഞത്. വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങളും ആ ദുരന്തം കവർന്നെടുത്തു. തങ്ങളുടെ സ്വപ്നങ്ങളെയും വീടിനെയും നാടിനെയും കെട്ടിപ്പടുത്ത ആ കൈകൾക്ക്, ഉരുൾപൊട്ടിയ ദുരന്തത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല.
കലിതുള്ളിയെത്തിയ ദുരന്തത്തിൽപ്പെട്ടവരെ, സ്വന്തം ജീവൻ പണയംവെച്ച് രക്ഷിക്കാൻ ഓടിയെത്തിയ ഒരു മാഷുണ്ടായിരുന്നു വിലങ്ങാടിന്. ആ നാട്ടുകാരുടെ സ്വന്തം മാത്യു മാഷ്. എന്ത് ആവശ്യങ്ങൾക്കും ഓടിയെത്തുന്ന ആ മാഷ്, അന്നും നിരവധി പേരുടെ ജീവൻ രക്ഷിച്ചു. പക്ഷേ, മഞ്ഞച്ചീളിയിൽ കുത്തിയൊലിച്ചുവന്ന ഉരുൾ മാഷ് നിന്നിരുന്ന കടയടക്കം എടുത്തുകൊണ്ടുപോയി. അങ്ങനെ, വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരു ജീവൻ നഷ്ടമായി - വിലങ്ങാടുകാരുടെ പ്രിയപ്പെട്ട മാത്യു മാഷിന്റെ ജീവൻ. മാഷിന്റെ ഓർമ്മകൾ ഇന്നും വിലങ്ങാടിന്റെ മനസ്സിൽ ഒരു നീറുന്ന കനലാണ്.
ഒരു വർഷം കഴിഞ്ഞിട്ടും, വിലങ്ങാടിന്റെ മണ്ണിൽ ആ ദുരന്തത്തിന്റെ മുറിപ്പാടുകൾ മാഞ്ഞിട്ടില്ല. ഭയവും ആശങ്കയും മായാത്ത ഓർമ്മകളായി അവരെ വേട്ടയാടുന്നു. എങ്കിലും, തങ്ങളുടെ നഷ്ടങ്ങളെ മറന്ന്, ഒരു പുതിയ നാടിനായി, ഒരു പുതിയ ജീവിതത്തിനായി വിലങ്ങാട് ഉണർന്നെഴുന്നേൽക്കാൻ ശ്രമിക്കുകയാണ്.
Vilangad Landslide One year of Vilangad disaster Resilience Of Vilangad nadapuram flood