നാദാപുരം: (nadapuram.truevisionnews.com) കണ്ണൂർ -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന വാഴമല വഴിയുള്ള കൂത്തുപറമ്പ്, വിലങ്ങാട് റോഡ് യാഥാർത്ഥ്യമാക്കാൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് ഷാഫി പറമ്പിൽ എം പി കത്തുനൽകി.
കണ്ടിവാതുക്കൽ ഉൾപ്പെടെയുള്ള ട്രൈബൽ ഏരിയ വഴി കടന്ന് പോകുന്ന റോഡിന് വലിയ പ്രാധാന്യമുണ്ട്.നേരത്തെ മലയോര ജനതയുടെ വ്യാപാര കേന്ദ്രമെന്ന നിലക്ക് കൂത്തുപറമ്പ്, വിലങ്ങാട് ടൗണുകളെ കർഷകർ പരസ്പരം ആശ്രയിച്ചിരിന്നു. കണ്ണവം വനം താണ്ടി കാൽനട യാത്രയായിരുന്നു.



കാട്ടിലുടെ പഴശ്ശിരാജ യാത്ര ചെയ്തതായി പറയപ്പെടുന്ന പഴശ്ശിവനപാത മൂന്ന് ജില്ലകളുടെ ആദ്യകാല സാമൂഹ്യ ബന്ധത്തിന് തെളിവാണ്.നിലവിൽ ജില്ലാ അതിർത്തിയായ കണ്ടിവാതുക്കൽ നിന്നും നാനൂറ് മീറ്റർ അപ്പുറം വരെ പന്ത്രണ്ട് മീറ്റർ വീതിയിൽ ടാർ റോഡ് നിലവിലുണ്ട്.
കേന്ദ്ര ഗവണ്മെന്റ് കനിഞ്ഞാൽ മലയോര ജനതയുടെ ഗതാഗത പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരമാവുമെന്ന് ഷാഫി പറമ്പിൽ എം പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് നൽകിയ കത്തിൽ പറയുന്നു.
Shafi Parambil wants to make the Koothuparamb Vazhamala Vilangad road should be made a reality