രണ്ട് കോടിയുണ്ട്, 'ശിലാഫലകത്തിൽ ഒതുങ്ങി ഡയാലിസിസ് സെൻ്റർ - നിർമ്മാണം തുടങ്ങാൻ ആര് കനിയണം'

രണ്ട് കോടിയുണ്ട്, 'ശിലാഫലകത്തിൽ ഒതുങ്ങി ഡയാലിസിസ് സെൻ്റർ - നിർമ്മാണം തുടങ്ങാൻ ആര് കനിയണം'
Jun 7, 2022 08:12 PM | By Vyshnavy Rajan

 നാദാപുരം : കേരളത്തിന്റെ ആരോഗ്യപ്പെരുമ ലോകത്തിന്റെ നെറുകയിലെത്തിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻ്റർ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

ആശുപത്രിയിൽ ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടന വേളയിലായിരുന്നു നാദാപുരം മേഖലയിലെ സാധാരണക്കാരായ വൃക്ക രോഗികൾക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം ഉണ്ടായത്. മന്ത്രി വാക്കുപാലിച്ചു 2021 ഫെബ്രുവരി ആദ്യവാരം തന്നെ രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചു.

കിഫ്ബിയിൽ നിന്നാണ് തുക കണ്ടെത്തിയത്. പത്ത് ഡയാലിസിസ് യന്ത്രങ്ങൾ സ്ഥാപിച്ച് അറുപതോളം വൃക്കരോഗികൾക്ക് ആശ്വാസം പകരാനായി ലക്ഷ്യമിട്ടതെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ഇവിടെ ഒന്നും നടന്നില്ല. കേരളാ മെഡിക്കൽ കോർപ്പറേഷനാണ് നിർമ്മാണ ചുമതല നൽകിയത്. ഇവർ ഈ വഴിക്ക് തിരിഞ്ഞ് നോക്കാറില്ല.

"ഇപ്പം ശരിയാക്കു"മെന്ന് ഇടക്കിടെ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആശുപത്രിയിൽ നേരത്തെ ഒ.പി പ്രവർത്തിച്ച കെട്ടിടത്തിൻ്റെ തറ നില പൂർണമായും ഡയാലിസിസ് സെൻ്ററിനായി വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ ആവശ്യമായ വെള്ളമെത്തിക്കാനുള്ള കിണർ നിർമ്മാണത്തിനുള്ള സ്ഥലവും സൗജന്യമായി ലഭിച്ചു.

മെഡിക്കൽ കോർപ്പറേഷൻ ഉപകരാർ നൽകി നിർമ്മാണം നടത്താനാണ് പദ്ധതി.എന്നാൽ ഇവിടെ പ്രശ്നം ചോദിക്കാനും പറയാനും ആരുമില്ലെന്നത് തന്നെ.ഇതേ സമയം കുറ്റ്യാടി ഗവ. താലൂക്ക്ക് ആശുപത്രിയില്‍ ആരംഭിച്ച സ്നേഹ സ്പര്‍ശം ഡയാലിസിസ് സെന്റർ അഞ്ച് വർഷം പിന്നിടുകയാണ്.


മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഇവിടെ കുന്നുമ്മല്‍ ബ്ളോക്ക് പരിധിയിലെ വൃക്കരോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റാനായി. ജനകീയമായി ഫണ്ട് സ്വരൂപിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ഡയാലിസിസ് സെന്റര്‍. നിലവിലുള്ള രണ്ടു ഷിഫ്റ്റുകളിലായി 62 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്.

രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്റ്റുകളും വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തു വരെ മൂന്നാമത്തെ ഷിഫ്റ്റും പ്രവർത്തിക്കുന്നത്. നാദാപുരം മേഖലയിൽ സ്വകാര്യ - ട്രസ്റ്റ് മറ്റ് രണ്ട് ഡയാലിസിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കല്ലാച്ചിയിൽ പ്രവർത്തിക്കുന്നത് പൂർണമായും സ്വകാര്യ മേഖലയിലാണ്.

എന്നാൽ മുസ്ലിം ലീഗ് നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാറക്കടവിൽ പ്രവർത്തിക്കുന്ന പാണക്കാട് ശിഹാബ് തങ്ങൾ സ്മരക ഡയാലിസിസ് സെൻറ്ററാണ് മേഖലയിലെ സാധാരണക്കാരായ വൃക്കരോഗികളുടെ ആശാ കേന്ദ്രം. ഇവിടെ പാവപ്പെട്ടവർക്ക് സൗജന്യമായാണ് ഡയാലിസിസ് നടക്കുന്നത്. മേഖലയിലെ സുമനസ്സുകളാണ് ഈ സ്ഥാപനത്തെ നയിക്കുന്നത്.

നാദാപുരം, വളയം, വാണിമേൽ, ചെക്യാട്, തൂണേരി പഞ്ചായത്തുകളിൽ നൂറിൽപ്പരം സാധാരണക്കാരായ വൃക്കരോഗികൾ പരക്കം പായുമ്പോഴാണ് യന്ത്രങ്ങളും പണവും സർക്കാർ അനുവദിച്ചിട്ടും കെട്ടിട സൗകര്യം ഒരുക്കാത്തിൻ്റെ പേരിൽ ഒരു സർക്കാർ ഡയാലിസിസ് കേന്ദ്രം ഇങ്ങനെ വൈകുന്നത്. എം.എൽ എ യും - ബ്ലോക്ക് പഞ്ചായത്ത് ഭരണ നേതൃത്വവും ശക്തമായി ഇടപെട്ടാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ.

'മെഡിക്കൽ ലാബിന് സ്വന്തം കെട്ടിടം വേണം; പരിമിതികൾക്കിടയിലും മികച്ച സേവനം' "ഈ ആതുരാലയത്തെ രക്ഷിക്കാൻ ആരുണ്ട് " പരമ്പയുടെ അടുത്ത ഭാഗം വായിക്കാം....

ട്രൂ വിഷൻ നാദാപുരം ന്യൂസ് പരമ്പര നാലാം ഭാഗം


നാദാപുരം : 'കൂരിരുട്ടിൽ ഞങ്ങൾ പേടിച്ച് വിറച്ച് പോയി, രാത്രി ഏഴരക്ക് വൈദ്യുതി പോയപ്പോൾ ആശുപത്രിയുടെ ഈ ഭാഗത്ത് ആരുമുണ്ടായിരുന്നില്ല. മൊബൈൽ വെളിച്ചത്തിലാണ് ഞങ്ങൾ അരമണിക്കൂറോളം ഇരുന്നത് ' അഞ്ച് ദിവസം മുമ്പ് ഏറെ നേരം ആശുപത്രി ഇരുട്ടിലായതിൻ്റെ ദുരിതം ഭീതിയോടെയാണ് ജീവനക്കാരായ പെൺകുട്ടികൾ വിവരിച്ചത്.

ഇരുട്ടിലാകാതിരിക്കാൻ സ്വന്തം മൂന്ന് ജനറേറ്റർ ഉണ്ടായിട്ടുമായിരുന്ന് ഈ ദുർഗതി. കെടുകാര്യസ്ഥതയും അശ്രദ്ധയും അനാസ്ഥയും വേണ്ടുവോളം ഉണ്ട് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ. കോവിഡ് സമയത്ത് പുതിയ കെട്ടിടത്തിൽ പുരുഷ വാർഡ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ വൈദ്യുതി പോയാൽ പകരം സംവിധാനം എന്ന നിലയിൽ ജനറേറ്റർ ഇല്ലാത്തതായിരുന്നു പ്രശ്നം.ഇത് പരിഹരിക്കാൻ ഒടുവിൽ സ്വകാര്യ വാടക സ്റ്റോറിൽ നിന്ന് ജനറേറ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചു. ഇത്തരത്തിൽ വാടകക്കെടുത്ത ജനറേറ്റർ മാസങ്ങളോളം പതിനായിരങ്ങൾ വാടക കൊടുത്താണ് ഇവിടെ പ്രവർത്തിപ്പിച്ചത്.

ഒടുവിൽ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് ആശുപത്രിയിൽ പുതിയ ബ്ലോക്കിനായി ഒരു ജനറേറ്റർ വാങ്ങിച്ചു. എന്നാൽ ആനയെ വാങ്ങിച്ചിട്ട് തോട്ടി വാങ്ങിയില്ല എന്ന പഴമൊഴി പോലെ ആശുപത്രി വളപ്പിൽ സ്ഥാപിച്ച ലക്ഷങ്ങൾ വിലവരുന്ന ജനറേറ്റർ ഒരു ടാർപോളിംഗ് ഷീറ്റിനടിയിലാണ്.  മഴയും വെയിലുമേറ്റ് ജനറേറ്റർ തകരാറിലാകാതിരിക്കാൻ ഒരു ഷെഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് ഇതുവരെ ആരും ചെവി കൊടുത്തിട്ടില്ല.

കാലവർഷം കനക്കാറായിട്ടും ഇപ്പോഴും മഴവെള്ളം നനയുന്ന നിലയിലാണ് ജനറേറ്റർ. അലക്ഷ്യമായി വലിച്ചുകെട്ടിയ ടാർപോളിംഗ് ഷീറ്റിനടിയിൽ ജനറേറ്റർ നനയുമെന്ന് ഉറപ്പാണ്. അത്യാഹിത വിഭാഗം ബ്ലോക്കിലെ ജനറേറ്റർ തകരാറിലായതിനാലാണ് കഴിഞ്ഞ ദിവസം ആശുപത്രി ഇരുട്ടിലാകാൻ കാരണം.

ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റി ഇടപെട്ട് വീണ്ടും സ്വകാര്യ ജനറേറ്റർ വാടകയ്ക്കെടുത്തു. ദിവസം നാലായിരം രൂപയാണ് വാടക ആവശ്യപ്പെട്ടത്. അഞ്ചു ദിവസം ഈ ജനറേറ്റർ ഉപയോഗിച്ചു. ഇതിനിടെ വെള്ളം പമ്പിംഗ് മോട്ടോർ ബൈൻറ്റിംഗ് കോയിൽ കത്തി.


ഇന്നലെ ഇവിടുത്തെ വൈദ്യുതി ജനറേറ്ററിൻ്റെ തകരാറ് പരിഹരിച്ചതായി ഇലക്ട്രീഷ്യൻ ചന്ദ്രൻ പറഞ്ഞു. ഓഫീസ് ബ്ലോക്കിന് സമീപത്ത് ഒരു പഴയ ജനറേറ്ററും നിലവിലുണ്ട്. ആവശ്യമായ അറ്റ കുറ്റ പണി നടത്തിയാൽ ഇതും ഉപയോഗിക്കാൻ കഴിയും. ഇങ്ങനെ വന്നാൽ വാടകക്കാർക്ക് കാശ് കിട്ടാതാകുമെന്ന് മാത്രം.

ട്രൂ വിഷൻ നാദാപുരം ന്യൂസ് പരമ്പര മൂന്നാം ഭാഗം

ഞങ്ങൾ ഈ പരമ്പര ആരംഭിച്ചത് ആരെയെങ്കിലും അപമാനിക്കാനോ ആരുടെയെങ്കിലും സേവനം വിലകുറച്ചു കാണിക്കാനോ അല്ല. നാദാപുരത്തെ സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭിക്കണം ഒപ്പം ഈ നാടിൻ്റെ അഭിമാന സ്തംഭമായി ഈ ആതുരാലയം മാറണം . അതിന് പൊതുസമൂഹത്തിന് മുമ്പാകെ ഇവിടുത്തെ ദുരവസ്ഥകൾ അവതരിപ്പിക്കണം.

ജനപ്രതിനിധികളും സർക്കാർ അധികാരികളും കണ്ണു തുറക്കണം. ഇവിയെത്തുന്ന രോഗികളും ജീവനക്കാരും മറ്റും ഉയർത്തുന്ന ആവശ്യങ്ങൾ അധികൃതരുടെ ചെവികളിൽ എത്തണം. ഈ ഉദ്ദേശത്തിലാണ് ട്രൂ വിഷൻ ന്യൂസ് ഈ പരമ്പരയ്ക്ക് തുടക്കമിട്ടത്.

ഇന്ന് പരമ്പരയുടെ മൂന്നാം ഭാഗം ആരംഭിക്കും മുമ്പേ തന്നെ ആശുപത്രിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഞങ്ങൾ ഇന്നലെ ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നത്തിന് ഇന്ന് താൽക്കാലിക പരിഹാരമായി . ആശുപത്രിയിലെ ലേബർ റൂമും മുമ്പ് ഓപ്പറേഷൻ തിയേറ്റർ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ നഴ്സിങ് സൂപ്രണ്ട് നിർദ്ദേശം നൽകി.രോഗികൾക്കായുള്ള ആവശ്യങ്ങൾ ഇല്ലാത്ത സമയത്ത് ലേബർ റൂം അടച്ചുപൂട്ടാനും തീരുമാനമായി.

ഏറ്റവും സന്തോഷം നിറഞ്ഞ മറ്റൊരു കാര്യം രോഗികൾക്ക് വേണ്ടി ഞങ്ങൾ ഉയർത്തുന്ന കാര്യങ്ങള്‍ വളരെ പോസറ്റീവായാണ് ആശുപത്രി ജീവനക്കാർ സ്വീകരിക്കുന്നത്. ഇന്നത്തെ മൂന്നാം ഭാഗത്തിലെ തലക്കെട്ട് "കട്ടിലുകളിൽ വിശ്രമിക്കുന്നത് കസേരകൾ,അധുനിക വാർഡുകൾ ആളെ തേടുന്നു" എന്നാണെന്ന് ഇന്നലെ തന്നെ നമ്മൾ പ്രസിദ്ധീകരിച്ചിരുന്നു.

ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന പുരുഷ വാർഡ് ഇന്ന് ആദ്യമായി തുറന്നു. ഒരു പുരുഷ രോഗിയെ അടക്കം പതിനഞ്ചോളം പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി.

വടകര ജില്ലാ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും പറഞ്ഞു വിടുന്ന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. മലബാർ പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചുനില കെട്ടിടമാണ് ആശുപത്രിയിൽ പണിതത്. ഗ്രൗണ്ട് ഫ്ലോറിൽ ഫാർമസിയാണ് പ്രവർത്തിക്കുന്നത് . ഒന്നും രണ്ടും നിലകളിൽ വിവിധ സ്പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങളും പ്രവർത്തിക്കുന്നു.

എന്നാൽ ഡോക്ടർമാരുടെ കുറവ് കാരണം സ്പെഷ്യാലിറ്റി ചികിത്സ നിലച്ചു. മൂന്നാം നിലയിലാണ് ആധുനിക രീതിയിലുള്ള വാർഡ് പുരുഷന്മാർക്കായി സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ കട്ടിൽ കിട്ടാതെ രോഗികളെ നിലത്തു കിടത്തി ചികിത്സിക്കുമ്പോൾ ഇവിടെ കട്ടിലിൽ കിടത്തി ചികിത്സിക്കാൻ രോഗികളും ഡോക്ടർമാരുമില്ല.

പുതുപുത്തൻ കട്ടിലും എല്ലാ ദിവസവും മാറ്റി വിരിക്കാനുള്ള കിടക്കയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കേണ്ട കസേരകളെ കയറ്റി കിടത്തിയിരിക്കുകയാണ്. പഴയ പുരുഷ വാർഡ് കോവിഡ് വാർഡാക്കിയതോടെയാണ് പുരുഷ രോഗികളെ അഡ്മിറ്റ് ചെയ്യാതായത്. ഏറെ മുറവിളികൾക്ക് ശേഷമാണ് പുതിയ കെട്ടിടത്തിൽ പുരുഷ വാർഡ് സജ്ജീകരിച്ചതെന്ന് ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റി അംഗം വി.കെ സലിം പറഞ്ഞു.

കെട്ടിടങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടും സ്ത്രീകൾക്ക് പ്രത്യേകം വാർഡില്ല. കുട്ടികളുടെ വാർഡിൽ തന്നെയാണ് സ്ത്രീകളെയും പ്രവേശിപ്പിക്കുന്നത്. പുതിയ കെട്ടിടത്തിന് മൂന്നാം നിലയിൽ ഒരു ഭാഗത്ത്  ആധുനിക രീതിയിലുള്ള സ്ത്രീ വാർഡ്  സജ്ജീകരിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഇവിടെ ഫാർമസിയുടെ മരുന്നുകൾ സൂക്ഷിക്കുന്ന ഗോഡൗൺ ആണ് പ്രവർത്തിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ മുകളിലും പുരുഷ വാർഡ് പുതിയ ബ്ലോക്കിലും മാണ് പ്രവർത്തിക്കുന്നത്. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ജീവനക്കാർ പറയുന്നു.

ആശുപത്രിയിൽ നേഴ്സിങ് സ്റ്റാഫുകളുടെ കുറവ് നിലവിലുണ്ടെന്നും നഴ്സിങ് സൂപ്രണ്ട് ഞങ്ങളോട് പ്രതികരിച്ചു. 14 സ്റ്റാഫുകളുടെ തസ്തിക ആശുപത്രിയിലുണ്ട്. പത്ത് പി എസ് സി സ്റ്റാഫ് ആണ്. നേരത്തെ നാഷണൽ ഹെൽത്ത് മിഷൻ നിയമിച്ച 4 നഴ്സുമാരുടെ സേവനവും ആശുപത്രിയിൽ ലഭ്യമായിരുന്നു. ഒപ്പം ആർഎസ് ബി പദ്ധതിയിലും ഇവിടെ ഒരു നഴ്സിംഗ് സേവനം ലഭ്യമായിരുന്നു. മൂന്ന് നഴ്സുമാർ മെറ്റേണിറ്റി ലീവ് പോയി. രണ്ട് പേർ ഗർഭിണികളുമാണ്. ആവശ്യമുള്ളതിൻ്റെ മുന്നിലൊന്ന് ആളുകൾ പോലുമില്ലെന്ന് നേഴ്സിംഗ് സൂപ്രണ്ട് ജാനകി ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

ആവശ്യമായ നേഴ്സ് മാരെ നിയമിച്ചാൽ മാത്രമേ വാർഡുകൾ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനും രോഗികൾക്ക് മികച്ച ചികിത്സ നൽകാനും കഴിയുകയുള്ളൂ. " ഈ ആതുരാലയത്തെ രക്ഷിക്കാൻ ആരുണ്ട് " കെടുകാര്യസ്ഥതയുടെ മറ്റൊരു കഥ ട്രൂവിഷൻ ന്യൂസ് പരമ്പരയായി നാളെ വായിക്കാം....."ഇരുട്ടിലാകാതിരിക്കാൻ, സ്വന്തം മൂന്ന് ജനറേറ്റർ ഉണ്ടായിട്ടും വാടക്കയ്ക്ക് ചില വഴിക്കുന്നത് പതിനായിരങ്ങള്‍.

ട്രൂ വിഷൻ നാദാപുരം ന്യൂസ് പരമ്പര രണ്ടാം ഭാഗം

നാദാപുരം : ഈ നാട്ടുകാരായ ആയിരക്കണക്കിന് ആളുകൾ പിറന്നുവീണ ആശുപത്രിയാണ് ഇന്നത്തെ നാദാപുരം താലൂക്ക് ആശുപത്രി. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പ് തന്നെ നാദാപുരത്ത് ആതുരാലയമുണ്ട്.

കുഷ്ഠരോഗ ചികിത്സാ കേന്ദ്രം എന്ന രീതിയിലായിരുന്നു ഇവിടെ ആശുപത്രിക്ക് തുടക്കം. മേഖലയിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റ് മാരായ ഡോ.ബാലനും ഡോ.സൗഭാഗ്യവതിയും തങ്ങളുടെ സേവന കാലത്തിൽ ഭൂരിഭാഗവും ചിലവഴിച്ചത് നാദാപുരം ഗവ. ആശുപത്രിയിലായിരുന്നു.

നാദാപുരം, വളയം, ചെക്യാട്, വാണിമേൽ, വിലങ്ങാട്,പുറമേരി ,എടച്ചേരി തൂണേരി ,ഇരിങ്ങണ്ണൂർ പ്രദേശത്തെ ഇന്നത്തെ യുവജനങ്ങളിൽ പലരും ജനിച്ചത് മഹത്തായ പാരമ്പര്യമുള്ള ഈ ആതുരാലയത്തിലാണ്. സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണനയുടെ കഥയും നാദാപുരത്തെ ഈ ധർമ്മാശുപത്രിക്ക് പറയാനുണ്ട്.

ഒരു കാറ്റഗറിയിലും പെടാത്ത ഒരു ആശുപത്രി. എന്നാൽ വിഎസ് അച്യുതാനന്ദൻ സർക്കാരിൻറെ കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന ഇന്ന് പി കെ ശ്രീമതി ടീച്ചർ ഈ ആശുപത്രിയുടെ വികസനത്തിന് വലിയപങ്കു വഹിച്ചു. ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസനത്തിന് തുടക്കം കുറിച്ചു.

ബഹുനില കെട്ടിട നിർമ്മാണത്തിന് ഈ സമയത്താണ് ഫണ്ട് അനുവദിച്ചത്. പിന്നീട് വന്ന യുഡിഎഫ് സർക്കാറിൻ്റെ കാലത്ത് അത് കെട്ടിടനിർമാണം പൂർത്തിയാക്കിയില്ല. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ആരോഗ്യ മന്ത്രിയായ കെ കെ ശൈലജ ടീച്ചറാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ തുടർ ഫണ്ട് അനുവദിക്കുകയും കെട്ടിടം നാടിന് സമർപ്പിക്കുകയും ചെയ്തിട്ടുള്ളത്.

ഇന്ന് ജില്ലാ ആശുപത്രികളെ പോലും വെല്ലുന്ന തരത്തിലുള്ള ഭൗതികസൗകര്യങ്ങൾ നാദാപുരം താലൂക്ക് ആശുപത്രിക്ക് സ്വന്തമാണ് . ഗർഭിണികളുടെ പരിശോധനയും പ്രസവവും പൂർണ്ണമായി താളം തെറ്റിയിട്ട് ഒന്നര പതിറ്റാണ്ടോളമായി. രണ്ട് ഗൈനക്കോളജിസ്റ് ഡോക്ടർ മാരുടെ തസ്തിക ആശുപത്രിയിൽ ഉണ്ട്.

വാണിമേൽ, വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോരങ്ങളിൽ ആദിവാസികൾ ഉൾപ്പെടെ നിർധനരായ ഒട്ടേറെപ്പേർ ചികിത്സയ്ക്കായി ആശ്രയിച്ചത് നാദാപുരം താലൂക്ക് ആശുപത്രിയിലാണ്. ഗർഭിണികളായ സാധാരണക്കാരുടെ ആശാകേന്ദ്രവും ഇതായിരുന്നു.

എന്നാൽ രണ്ട് ഗൈനക്കോളജിസ്റ്റ് തസ്തികകൾ ഉണ്ടെങ്കിലും ഒരു പതിറ്റാണ്ടായി ഒരു മാസം തികച്ചും ഇവിടെ ജോലി ചെയ്തിട്ടില്ല. പതിവ് തെറ്റാതെ ഇവിടെ നിയമനം നടക്കുന്നുണ്ടെങ്കിലും വരുന്നതിനേക്കാൾ വേഗത്തിൽ അവധിയെടുത്തു വനിതാ ഡോക്ടർമാർ മടങ്ങുന്ന കഥയാണ് നാദാപുരത്ത് നിന്ന് പറയാനുള്ളത്.

ഇപ്പോഴും നാദാപുരത്ത് നിന്ന് ശമ്പളം പറ്റുന്ന ഒരു ഗൈനക്കോളജിസ്റ്റ് ജോലി ചെയ്യുന്നത് വടകര ജില്ലാ ആശുപത്രിയിലാണ്. മറ്റൊരു വനിത ഡോക്ടർ ഗൈനക്കോളജിസ്റ്റായി ചുമതലയേറ്റെങ്കിലും ഒരാഴ്ച തികയും മുമ്പേ സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങി. ശസ്ത്രക്രിയ സംവിധാനങ്ങൾ ഇല്ലാത്തതും ഓപ്പറേഷൻ തിയേറ്റർ ഇല്ലാത്തതുമായിരുന്നു ആദ്യഘട്ടത്തിൽ ഇവിടെ പ്രസവശുശ്രൂഷയിൽ നിന്ന് ഡോക്ടർമാരെ പിന്തിരിപ്പിച്ചത്.

എന്നാൽ ആധുനിക പ്രസവവാർഡും സംവിധാനങ്ങളും അത്യാധുനികമായ ഓപ്പറേഷൻ തിയേറ്ററും യാഥാർഥ്യമായി. പിന്നീടുള്ള പ്രശ്നം അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമല്ല എന്നതായിരുന്നു. എന്നാൽ കെ കെ ശൈലജ ടീച്ചർ ആരോഗ്യ മന്ത്രി ആയിരുന്നപ്പോൾ ഒരു അനസ്തേഷ്യ ഡോക്ടറുടെ തസ്തിക ആശുപത്രിയിൽ അനുവദിച്ചു. അനസ്തേഷ്യ ഡോക്ടർ വന്നപ്പോൾ ഗൈനക്കോളജിസ്റ്റുകൾ അവധിയെടുത്തു പോയി . ഗർഭിണികളായ സാധാരണക്കാർക്ക് നെട്ടോട്ടമോടെണ്ട അവസ്ഥ തന്നെ.

ഗൈനക്കോളജി ബിരുദാനന്തര സ്പെഷ്യലിസ്റ്റുകൾ ഇല്ലാതിരുന്ന കാലത്താണ് ദിവസം അഞ്ചും പത്തും പേർ ഇവിടെ പ്രസവിച്ചത് എന്നത് ഇന്നത്തെ തലമുറയ്ക്ക് വിസ്മയമാണ്. പ്രസവ ചികിത്സ സൗകര്യം നാദാപുരം താലൂക്ക് ആശുപത്രിയിൽ പുന:രാരംഭിക്കണമെന്ന മുറവിളികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

മേഖലയിലെ വനിതാ സംഘടനകൾ നേരത്തെ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഇപ്പോൾ അവരും പിന്മാറിയ നിലയിലാണ്. നാദാപുരത്തെ സ്വകാര്യ ക്ലിനിക്കുകളിലും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മേഖലയിലെ ഗർഭിണികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. അതിൽ ഏറെയും സാധാരണക്കാരാണ്.

സൗജന്യചികിത്സ ഉറപ്പാക്കാൻ സർക്കാർ ചിലവഴിക്കുന്ന കോടികൾ പാഴവുകയാണിവിടെ. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിൽ പ്രവർത്തിക്കുന്ന ലേബർ റൂമിൻ്റെയും ഓപ്പറേഷൻ തിയേറ്ററിൻ്റെയും ഇതിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങളുടെയും കാഴ്ച്ച ദയനീയമാണ്.

ശീതീകരിച്ച ലേബർ റൂമിലെ കട്ടിലുകളും ഉപകരണങ്ങളും കയ്യടക്കി വെച്ചിരിക്കുന്നത് പൂച്ചകളും ആശുപത്രിയിലെ ചില ജീവനക്കാരുമാണ്. പ്രസവ വാർഡിലും തിയേറ്ററിലുമാണ് ചില ജീവനക്കാരുടെ വിശ്രമ കേന്ദ്രവും ഉച്ചയുറക്കവുമെന്നാണ് ഇവിടുത്തെ മറ്റു ചില ജീവനക്കാർതന്നെ അടക്കം പറയുന്നത്.

പ്രവർത്തിക്കാത്ത ലേബർ റൂമും ഓപ്പറേഷൻ തിയേറ്ററും സുരക്ഷിതമായി അടച്ചിടണമെന്നും ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ശസ്ത്രക്രീയ ഉപകരണങ്ങൾ കേടുകൂടാതെ സൂക്ഷിക്കണമെന്നും ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഉത്തരവാദിത്തപ്പെട്ടവർ ഇത് ചെവിക്കൊള്ളുന്നില്ല എന്ന പരാതിയുമുണ്ട്.

ഇവിടെയെത്തുന്ന രോഗികളിൽ നിന്നും , ആശുപത്രിയെ സ്നേഹിക്കുന്നവരിൽ നിന്നും നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയുടെ ശോചനീയ മുഖം കാണാൻ ഞങ്ങൾ അവിടെ സന്ദർശിച്ചപ്പോ ലേബർ റൂമിൻ്റെയും ഓപ്പറേഷൻ തിയേറ്ററിൻ്റെയും വാതിലുകൾ മലർക്കെ തുറന്നിട്ട് എ സി പ്രവർത്തിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

സാധാരണക്കാരായ നിരവധിപേർ ചികിത്സിക്കാൻ പണമില്ലാതെ ദുരിതം പെറുമ്പോൾ ഇങ്ങനെ പൊതുമുതൽ നശിപ്പിക്കുന്നത് അത് വേദനാജനകമായ കാഴ്ചയാണ്. ആശുപത്രിയിൽ ഒഴിവുള്ള രണ്ട് ഗൈനക്കോളജിസ്റ്റ് തസ്തികകൾ കൾ ഉടൻ നികത്തുകയും അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്താൽ നൂറുകണക്കിന് സാധാരണക്കാരായ ഗർഭിണികൾക്ക് സൗജന്യമായി ഇവിടെ ചികിത്സ നടത്താൻ സാധ്യമാകും.

കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പ്രസവിക്കുകയും ചെയ്യുന്ന നിരവധി പേർ നമ്മുടെ നാട്ടിൽ തന്നെയുണ്ട് . ഇവിടെ ഉള്ളതിനേക്കാൾ ആധുനിക സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാർ ഈ സർക്കാർ ആശുപത്രിയിൽ ലഭ്യമായാൽ അത് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയും.

സത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെങ്കിലും ഈ ദുരവസ്ഥയ്ക്ക് എതിരെ പ്രതികരിക്കേണ്ടതുണ്ട്. 

ട്രൂ വിഷൻ നാദാപുരം ന്യൂസ് പരമ്പര ഒന്നാം ഭാഗം

"ഇവിടേള്ളോർക്ക് ശമ്പളം കൊടുക്കുന്ന കാശ് രോഗികൾക്ക് വീതിച്ചാൽ പത്തയ്യായിരം രൂപ ഒരാക്ക് കിട്ടും, കാശുണ്ടെൽ പുറത്ത് നല്ല ചികിസ്യോ കിട്ടും " ആശുപത്രി വളപ്പിലെ നീണ്ട ക്യൂവിൽ നിന്ന് ഒരു കാരണവർ പഴിക്കുന്നത് കേട്ട് ഞങ്ങൾ അന്വേഷിച്ചപ്പോൾ അത് സത്യമാണ് .

ഡോക്ടർമാർ മുതൽ സുരക്ഷാ ജീവനക്കാർ വരെ നൂറ് ജീവനക്കാർ, ഇവർക്ക് മാസം തോറും ഒരു കോടിയോളം രൂപ ശമ്പളം നൽകുന്നുണ്ടെന്ന് ഓഫീസ് ജീവനക്കാർ സമ്മതിച്ചു . സ്പെഷ്യാലിറ്റിയടക്കം പതിനഞ്ച് ഡോക്ടർമാരുണ്ട്. എന്നാൽ ആശുപത്രിയിൽ സ്ഥിരമായെത്തുന്നത് അഞ്ച് പേർ മാത്രം.

ഇവിടെ നിന്ന് ശബളം മറ്റൊരിടത്ത് ജോലി, ശബളത്തോടെയുള്ള അവധി, പിന്നെ മെഡിക്കൽ ലീവ്. സാധാരണക്കാരന് മികച്ച ചികിത്സ നൽകാൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചിലവഴിക്കുന്ന നമ്മുടെ നികുതി പണത്തിൻ്റെ കണക്കും അത് പാഴായുന്നതിൻ്റെ കഥയുമാണ് ഇനി പറയുന്നത്.

ഇന്നലെ ഇവിടെ കിടത്തിചികിത്സയിലുള്ളത് മൂന്ന് രോഗികൾ മാത്രം. ഇതിൽ രണ്ട് വയോധികരും ഒരു കുട്ടിയും. കുട്ടികളുടെ ഡോക്ടർ അവധിയെടുത്ത് പോയിട്ട് ഒരാഴ്ച്ചയിലേറെയായി. ഇന്ന് രണ്ട് പേര്‍ക്ക് പനിയും ശർദ്ദിയും ബാധിച്ച രണ്ട് കുട്ടികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അറന്നൂറിലധികം രോഗികളാണ് ഇന്നലെ ചികിത്സ തേടിയെത്തിയത് പരിശോധിക്കാൻ എത്തിയത് രണ്ട് ഡോക്ടർമാർ മാത്രം.മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് പല രോഗികളെയും തളർത്തി.

ഇന്ന് നാല് ഡോക്ർമാർ ഒ.പി യിൽ ഉണ്ടായിരുന്നു. ഒരാൾ പരിശോധിച്ച് മരുന്നു കുറിച്ചു വിട്ടത് നൂറ്റി അമ്പതോളം രോഗികളെ.വാർഡുകൾ എല്ലാം കാലി .സത്രീകൾക്കും കുട്ടികൾക്കും എല്ലാം കൂടി ഒരു വാർഡ്. ഇവിടെ കിടത്തി ചികിത്സയുള്ളത് നാല് പേർ മാത്രം " കുത്തിവെപ്പിനുള്ള മരുന്നല്ലാം പുറത്ത് നിന്നാ വാങ്ങിച്ചത്.കുട്ടികളെ ഡോക്ടറെ കണ്ടിട്ടുമില്ല, വാർഡിലാണെങ്കിൽ ഡോക്ടർമാരാരും വന്നു നോക്കിയതുമില്ല".മകൾക്ക് കൂട്ടിരിപ്പിനുള്ള കക്കം വെള്ളിയിലെ ഹാജറ പറഞ്ഞു.

" മകൾക്ക് രാത്രി ശർദ്ദിയും പനിയുമായി വന്നതാ ഡ്യൂട്ടി ഡോക്ടറാണ് അഡ്മിറ്റ് ചെയ്തത്, ഇതുവരെ വാർഡിൽ ഡോക്ടർ മാരൊന്നും വന്നിട്ടില്ല " കസ്തൂരി കുളത്തെ നജ്മത്തും പ്രതികരിച്ചു. ഒരു ലേഡി ഡോക്ടറുണ്ട് അവര് നല്ലതാ ,നാല് ദിവസമായി ഞാനിവിടെ കിടക്കുന്നു, എന്നെ എന്നും ഡോക്ടർ വന്ന് നോക്കുന്നുണ്ട് " ചെക്യാട് കളരി മുക്കിലെ കുന്നുമ്മൽ ലീലയമ്മപറഞ്ഞു.

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ബഹുനില കെട്ടിടം, ആധുനിക സൗകര്യങ്ങളുള്ള വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂo ,കേഷ്വാലിറ്റി ,ഇവിടെയെല്ലാം ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ സ്പഷ്യാലിറ്റി ഡോക്ടർമാർക്കുള്ള ഒ.പി മുറികൾ അത്യാആധുനിക ഫാർമസി, മെഡിക്കൽ ലാബ്, ഇസിജി ,ഡിജിറ്റൽ എക്സറെ ഒരു താലൂക്ക് ആശുപത്രിക്ക് വേണ്ട എല്ലാമുണ്ട് ഇവിടെ .

പക്ഷേ ഇപ്പോൾ ഇതൊന്നും ആർക്കും പ്രയോജനമാകുന്നില്ല. ആദിവാസികളും മലയോരവാസികളും തൊഴിലാളികളുമടങ്ങുന്ന ആയിരകണക്കിന് പാവപ്പെട്ട രോഗികളുടെ കണ്ണീരിനും വേദനയ്ക്കും അത്താണിയാവേണ്ട ആശുപത്രി കുത്തഴിഞ്ഞ പുസ്തകതാള് പോലെയായത് എങ്ങിനെ?

ഞങ്ങൾ ഇഴകീറി പരിശോധിക്കുന്നു. ഒരോ വിഭാഗമായി.ഇവിടെ ഉത്തരവാദിത്വപ്പെട്ടവരുടെ നിലപാടും നാട്ടുകാരുടെ പ്രതികരണവുംങ്ങൾ ഉൾപ്പെടുത്തും.

ട്രൂ വിഷൻ നാദാപുരം ന്യൂസ് പരമ്പര 

കേരളം ആരോഗ്യരംഗത്ത് മുന്നേറുമ്പോൾ നാഥനില്ലാ കളരിയായി നാദാപുരം ഗവ. താലൂക്ക് ആശുപത്രി. പേരിൽ താലൂക്ക് എന്ന് എഴുതി ചേർത്തത് ഒരു നിലവാരത്തിൻ്റെ സൂചനയായാണ്. ആധുനിക യന്ത്രസാമഗ്രികളും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന കെട്ടിട സമുച്ചയങ്ങളും പടുത്തുയർത്തിയിട്ടുണ്ട്.എന്നാൽ ഇതിൻ്റെ പ്രയോജനങ്ങളൊന്നും രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ലഭിക്കുന്നില്ല.

" അച്ഛൻ പണിക്ക് പോയിട്ടില്ലെങ്കിൽ കലം കഴുകേണ്ട "യെന്ന് ആശ്വസിച്ച മകളുടെ മന:ശാസത്രമാണ് ഇപ്പോൾ ഇവിടെ അരങ്ങു വാഴുന്നത്.പ്രസവവാർഡ്, ആധുനിക സൗകര്യമുള്ള ഓപ്പറേഷൻ തിയേറ്റർ, രണ്ട് ഗൈനക്കോളജിസ്റ്റ് തസ്തിക എ ല്ലാമുണ്ട്. പക്ഷേ പ്രസവ ചികിത്സ മാത്രം ഇല്ല. ആദിവാസികൾ ഉൾപ്പെടെ സാധാരണ ജനങ്ങൾ ഏറെ അതിവസിക്കുന്ന നാടാണ് നാദാപുരം.
ആരോഗ്യ കേരളം പദ്ധതി വഴി പൊതു ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുമ്പോൾ ഉള്ള സൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്താൻ ഇവിടെ കഴിയുന്നില്ല.ഗർഭിണികളും സ്ത്രീജന്യ രോഗികളും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെയും വടകര, കുറ്റ്യാടി സർക്കാർ ആശുപത്രികളിലേക്ക് പരക്കം പായേണ്ടതിൻ്റെ ഉത്തരവാദിത്വം ആർക്കാണ്...?


ആശുപത്രിയുടെ പുരോഗതിയും ആവശ്യതയും ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിലെത്തിക്കേണ്ടത് സ്ഥലം എം എൽ എയാണ്. ആശുപത്രിയുടെ ഭരണനിർവ്വഹണ ചുമതല ബ്ലോക്ക് പഞ്ചായത്തിനും ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റിക്കുമാണ്.ഇവർ ഈ ചുമതലകൾ നിർവ്വഹിക്കുന്നുണ്ടോ...?

നാഥനില്ലാ കളരിയായി മാറിയ ആശുപത്രിയിലെ ദുരിതത്തിന് നടുവിൽ നിന്ന് ജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ആരുണ്ടിവിടെ ചോദിക്കാൻ " അധികൃതരുടെ കാതുകൾ തുളയും വരെ കണ്ണുകൾ തുറക്കും വരെ ആ ചോദ്യങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നു - " ആ തുരാലയത്തെ രക്ഷിക്കാനാരുണ്ട് " ട്രൂ വിഷൻ നാദാപുരം ന്യൂസ് പരമ്പര.
Two crore, two crore, 'Dialysis center confined to stone slab - who cares to start construction'

Next TV

Related Stories
അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി

Aug 10, 2022 08:21 AM

അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷൻ നടപടികൾ...

Read More >>
മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ

Aug 1, 2022 10:21 AM

മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ

മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി...

Read More >>
പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി ഏറ്റെടുത്തു

Jul 31, 2022 10:25 AM

പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി ഏറ്റെടുത്തു

പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി...

Read More >>
രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ

Jul 25, 2022 04:13 PM

രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ

രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ...

Read More >>
ട്രൂവിഷൻ ഇംപാക്റ്റ്;  മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത് നടപടി

Jul 20, 2022 06:46 PM

ട്രൂവിഷൻ ഇംപാക്റ്റ്; മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത് നടപടി

ട്രൂവിഷൻ ഇംപാക്റ്റ്; മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത്...

Read More >>
ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ നിർമ്മിക്കും

Jul 19, 2022 05:15 PM

ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ നിർമ്മിക്കും

ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ...

Read More >>
Top Stories