നാദാപുരം: "ശാരീരിക അവശതയുണ്ടെങ്കിലും ഈ പുണ്യമാസത്തിൽ ഒന്ന് പള്ളിയിൽ പോകാനുള്ള ആഗ്രഹം നടത്താൻ കഴിഞ്ഞില്ല, ഒരു വയ്യാമ ഉണ്ടായാൽ ഇവിടെ കിടന്ന് മരിക്കുകയേ രക്ഷയുള്ളൂ... ഇതൊക്കെ ആരോട് പറയാനാ? ആര് കേൾക്കാനാ ..."
ജീവിത സായാഹ്നത്തിൽ നിസ്സയായതായി അധികൃതരുടെ അനാസ്ഥയോട് പ്രതികരിക്കുകയാണ് തൂണേരി പഞ്ചായത്തിലെ ചെറിയ പേരോട്ട് മൊയ്തു വെന്ന വൃദ്ധ വയോധികൻ. ഇവരുടെ വീട്ടിലേക്കുള്ള വഴിയിൽ ഭീമൻ കോൺക്രീറ്റ് സ്ലാബുകൾ ജെസിബി ഉപയോഗിച്ച് കൊണ്ട് തള്ളിയിട്ട് മാസം രണ്ട് കഴിഞ്ഞു. ആൺ മക്കളൊക്കെ ഗൾഫിലാ ഞങ്ങൾ മുട്ടാത്ത വാതിലുകളില്ല.
വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിക്കാൻ പോയിട്ട്, നടന്ന് പോകാൻ വരെ ബുദ്ധിമുട്ടാണ്. മൊയ്തുവിൻ്റെ ഭാര്യ അയിശുവും ട്രൂ വിഷൻ ന്യൂസിനോട് ദുരിതം വിവരിച്ചു. തൂണേരി പഞ്ചായത്തിലെ പേരോട് തട്ടാത്ത് പള്ളി - വെട്ടിയാട്ട് കടവ് റോഡ് വികസനത്തിൻ്റെ ഭാഗമായി ഓവ്ചാൽ നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് ഭീമൻ കോൺക്രീറ്റ് സ്ലാബ് പൊളിച്ചുമാറ്റി ഇവരുടെ വഴിയിൽ നിക്ഷേപിച്ചത്.
ഓവ്ചാൽ ഭിത്തികൾ കോൺക്രീറ്റ് ചെയ്ത് ഇവിടെ പുതിയ സ്ലാബും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മൊയതുവിൻ്റെ അവസ്ഥ പോലെ മറ്റു പല വീടുകളുടെ വഴിയും തടസപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ തുടങ്ങിയ റോഡ് വികസന പ്രവൃത്തി ഇപ്പോൾ നിലച്ചിരിക്കുകയാണ്.
"പ്രായമായവരും രോഗികളുമായ കുടുംബം താമസിക്കുന്ന വീടാണിത്, കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും നന്നായി പണിപ്പെട്ടു, പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും ഒരാൾ വന്ന് പോയതല്ലാതെ ഒരു നടപടിയുമുണ്ടായില്ല" അയൽവാസി അലി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന പ്രതിനിധാനം ചെയ്യുന്ന വാർഡിലാണ് പൗരൻമാരുടെ വഴി പഞ്ചായത്തിൻ്റെ അനാസ്ഥകാരണം തടസപ്പെട്ടത് എന്നതാണ് ഖേദകരം. കാഴ്ച്ച ഇല്ലാതവർ പോലും പറയും ഇത് അനീതിയാണെന്ന്, ഇവരുടെ ദുരിതം തീർക്കാൻ പഞ്ചായത്ത് അധികൃതർ കണ്ണു തുറക്കണമെന്ന് മൊയ്തുവിൻ്റെ സഹോദരൻ പോക്കറും പ്രതികരിച്ചു.
വീടുകൾക്ക് മുന്നിലും റോഡിന് കുറുകെയും മൂന്ന് മീറ്റർ വീതം സ്ലാബ് പദ്ധതി പ്രകാരം കാരാറ്കാരൻ വാർത്ത് നൽകിയിട്ടുണ്ട് .ബാക്കി വരുന്ന ഭാഗം വീട്ടുകാർ സ്വന്തം ചിലവിലാണ് നിർമ്മിച്ചത്. കരാറ്കാരൻ്റെ അനാസ്ഥയെങ്കിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ ചങ്കൂറ്റം കാണിക്കണം. തൻ്റെ വോട്ടർമാരോട് നീതി പുലർത്താൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാഹിനയും ഉണർന്ന് പ്രവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ .
Is there an answer to the roadblock? Cruelty in the way of the family, old couple unable to leave the house