Dec 9, 2023 08:20 AM

വളയം: (nadapuramnews.in) അറിവിൻ ദാഹവുമായി അക്ഷര മുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് സ്നേഹം വിളമ്പി വയറ് നിറച്ച മന്ദിയേടത്തി ഊട്ടുപുരയുടെ പടികൾ ഇറങ്ങുന്നു. സ്നേഹ സമ്മാനങ്ങൾ നൽകി യാത്രയപ്പ് നൽകാൻ ഒരുങ്ങി ഒരു നാടും.

ഏകദേശം അര നൂറ്റാണ്ട് കാലം വളയം കുറ്റിക്കാട് പ്രദേശത്തെ കുട്ടികളുടെ വയറു നിറയെ രുചികരമായ ഭക്ഷണം നൽകിയിരുന്ന വണ്ണാർ കണ്ടി മന്ദിയാണ് വളയം എം എൽ പി സ്കൂളിലെ പാചക ജോലിയിൽ നിന്ന് വിരമിക്കുന്നത്.

ആദ്യകാലത്ത് സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്ന ഉപ്പുമാവ് പാചകം ചെയ്തു തുടങ്ങിയ മന്ദിയേടത്തി പിന്നീട് കഞ്ഞിയും പയറും അതിനുശേഷം ഇപ്പോൾ തുടരുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വരെ അവരുടെ പാചകയാത്ര എത്തിനിൽക്കുകയാണ്.

ആരോഗ്യപരമായ കാരണങ്ങളാലാണ് അവർ തന്റെ സേവനം അവസാനിപ്പിക്കുന്നത് . അവർക്ക് ഏറ്റവും ഉചിതമായ ഒരു യാത്രയയപ്പ് നൽകുക എന്ന കടമയാണ് നാട് ഏറ്റെടുത്തത്.

ഡിസംബർ 12 ചൊവ്വാഴ്ചയാണ് മന്ദിയേടത്തിക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകാൻ പിടിഎ തീരുമാനിച്ചിരിക്കുന്നത്.

പി.ടി.എ യും അധ്യാപകരും അവർക്ക് ഉചിതമായ ഉപഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാവുന്നതണെന്ന് പിടിഎ ഭാരവാഹികൾ അറിയിച്ചു.

തന്റെ ഒരായുസ്സിന്റെ അധ്വാനം മുഴുവൻ പ്രദേശത്തെ കുട്ടികളുടെ വിശപ്പു മാറ്റാൻ വിനിയോഗിച്ച മന്ദിയേടത്തിയുടെ ചിരിക്കുന്ന മുഖം കൂടിയാണ് വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയേറ്റിയതെന്ന് പ്രധാന അധ്യാപകൻ ടി.കെ രാജീവൻ മാസ്റ്റർ പറഞ്ഞു.

#serve #love #Akshara #courtyard #Manni #served #meal #stepsdown

Next TV

Top Stories