നാദാപുരം : (nadapuram.truevisionnews.com) ശാസ്ത്രീയ നൃത്തപഠനം നാട്ടിൻ പുറത്ത് അന്യമായിരുന്ന കാലത്ത് നാദാപുരം മേഖലയിൽ അനേകം കൗമാരങ്ങൾക്ക് നൃത്തതാളം അഭ്യസിപ്പിച്ച പ്രിയപ്പെട്ട ഗുരുനാഥയെ അവസാനമായി ഒരുനോക്ക് കാണാനായി നാടും ശിഷ്യജനങ്ങളും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി പരിസരത്ത് എത്തി .
ഇന്ന് പുലർച്ചയുണ്ടായിരുന്ന ആംബുലൻസ് അപകടത്തിൽ അതിദാരുണമായി മരിച്ച നാദാപുരം കക്കംവെള്ളിയിലെ മാണിക്കോത്ത് സുലോചനയുടെ മൃതദേഹം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപകടത്തിൽ പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ചന്ദ്രൻ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയ്ക്ക് ശസ്ത്രക്രിയ നടത്തുന്നു എന്നറിയിച്ചതിനെ തുടർന്ന് ഏറണാകുളത്തെ ജോലി സ്ഥലത്തു നിന്ന് എത്തിയ മകൻ പ്രണവ് അറിഞ്ഞത് ആ ദാരുണമായ ദുരന്തവാർത്തയാണ് . വിദേശത്തുള്ള മകൾ പല്ലവിയും മരുമകൻ ശ്രീനാഥും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പേരാമ്പ്ര സ്വദേശിനിയായ സുലോചന പതിറ്റാണ്ടുകളായി നാദാപുരത്ത് നൃത്താധ്യാപികയായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു ചന്ദ്രനുമായുള്ള വിവാഹം. പേരാമ്പ്ര സ്വദേശിനി ആര്യയാണ് മരുമകൾ.
പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്. ശസ്ത്രക്രിയക്കായി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം.
മിംസ് ആശുപത്രിയിലെത്തുന്നതിന് 500 മീറ്റര്‍ ദൂരെ പുതിയറ ഹുണ്ടായ് ഷോറൂമിന് മുന്നില്‍വച്ച് നിയന്ത്രണംവിട്ട ആംബുലന്‍സ്, വളവ് തിരിഞ്ഞുള്ള ഇറക്കത്തില്‍ ഇടത് ഭാഗത്തുള്ള കെട്ടിടത്തിലേക്കാണ് ഇടിച്ചുകയറുന്നത്, ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഇലക്ട്രിക് പോസ്റ്റിലിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രോഗിയായ സുലോചന ഒഴികെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആറ് പേരും തല്‍ക്ഷണം പുറത്തുചാടി, സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അഞ്ച് മിനിറ്റിനകം ആംബുലന്‍സ് കത്തി, അവശനിലയില്‍ ആംബുലന്‍സില്‍ കുടുങ്ങിയ സുലോചനയെ രക്ഷിക്കാനായില്ല.
മഴ കനത്തു പെയ്യുന്നതിനാല്‍ അപകട വളവില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. മലബാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറും രണ്ട് നഴ്സിങ് അസിസ്റ്റന്റ്മാരും സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രനും അയല്‍വാസി പ്രസീതയും ഡ്രൈവറും ഉള്‍പ്പെടെ ഏഴ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.
ഡ്രൈവറും ഡോക്ടറും ഒരു നഴ്‌സിങ് അസിസ്റ്റന്റും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റവരെ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
#kozhikkod #ambulance #accident #sulochana #dance #teacher