നാദാപുരം : (nadapuram.truevisionnews.com) കോൺഗ്രസ് പ്രസ്ഥാനത്തിലെ ക്യാഡർ, അഥവാ ഖദറിനുള്ളിലെ കാർക്കശ്യക്കാരൻ, ഇന്ന് വൈകിട്ട് വിടവാങ്ങിയ മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരനിലെ രാഷ്ട്രീയ അടിക്കുറിപ്പ് ഇങ്ങനെ എഴുതിയാൽ തെറ്റാവില്ല.
ഒറ്റവാക്കിൽ ചുരുക്കിയാൽ അടിമുടി കോൺഗ്രസ്കാരൻ, ഖദർ നൂലിന് പുറത്തു പോകാത്ത കുമാരൻ വിട്ടുവീഴ്ച്ച ഒട്ടുമില്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു. ഒരു കാലത്തെ തീപ്പൊരി പ്രസംഗികൻ , അഭിപ്രായ വ്യത്യസങ്ങളും അവഗണനകളെയും ഉള്ളിൽ ഒതുക്കാതെ പ്രതികരിച്ച കുമാരന് രാഷ്ട്രീയ മുന്നേറ്റത്തിൽ അതിജീവന കൗശലം അധികം അറിയില്ലെന്നതും വസ്തുതയാണ്.
അഞ്ച് പതിറ്റാണ്ടിലെറെ രാഷ്ട്രീയ സമര മുഖത്തായിരുന്ന തയ്യിൽ കുമാരൻ ജീവിത സായാഹ്നത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് അല്പം മാറിയെങ്കിലും പോരാട്ട ജീവിതം അവസാന ശ്വാസം വരെ നയിച്ചു.
മഞ്ഞപ്പള്ളി മൈതാനം തങ്ങളുടെ കുടുംബ സ്വത്താണെന്ന് വിശ്വസിച്ച് നിയമ പോരാട്ട വഴിയിലായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വളയത്തെ വീട്ടുവളപ്പിൽ നടക്കും.
വളയം ചെക്യാട് കിഴക്കൻ മലയോര മേഖലയിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുത്ത സംഘാടകനും ആയിരത്തി തൊള്ളായിരത്തി എൺപതുമുതൽ കോൺഗ്രസ് വേദികളിൽ മുഖ്യ പ്രാസംഗികനായിരുന്നു അദ്ദേഹം.
മുല്ലപ്പള്ളി രാമചന്ദ്രൻ ,ജി കാർത്തികേയൻ എന്നിവർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ആയിരുന്നു.
കെ മുരളീധരൻ സേവാദൾ സംസ്ഥാന ചെയർമാൻ ആയിരുന്നപ്പോൾ പ്രവർത്തനം സേവാദളിലേക്ക് മാറി.അതിൻറെ നിയോജക മണ്ഡലം ചെയർമാൻ ആയി.ആദ്യ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ നാദാപുരം ഡിവിഷൻ . യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് കൺവീനറായും ഡി സി സി മെമ്പർ ,യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, ഡി .കെ .ഡി എഫ് ജില്ല വൈസ് പ്രസിഡന്റ്, ടെലിക്കോം അഡ്വസറി മെമ്പർ ,എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
#Senior #Congress #leader #Thayil #Kumaran