നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്തെ വളയം കുറ്റിക്കാട് പള്ളി മഹല്ലിലെ വിശ്വാസികൾ തമ്മിലുള്ള ചേരി പോര് ഏറ്റവും ഒടുവിൽ കല്ല്യാണ വീടുകളിൽ കണ്ണീർ മഴ തീർക്കുന്നു. കുടുംബ ബന്ധങ്ങൾ തകരുന്നു.
പ്രശ്നം സാമൂഹിക വിപത്ത് ആകുന്നതോടെ മത നേതൃത്വവും സർവ്വകക്ഷി - സർക്കാർ സംവിധാനങ്ങളും ഇടപെടണമെന്ന ആവശ്യം ശക്തമായി. തർക്കത്തിൽ ഇരു വിഭാഗവും വിട്ടുവീഴ്ച്ച നടത്താതത് പ്രദേശത്ത് അസ്വാരസ്യങ്ങൾക്ക് വഴി തുറക്കുന്നു.
വിവാഹങ്ങൾ സംഘർഷ വേദിയാകുന്നു . ചില വ്യക്തി താല്പര്യങ്ങളാണ് എ പി- ഇ കെ വിഭാഗങ്ങളെ മറ പിടിച്ചുള്ള ചേരിതിരിഞ്ഞുള്ള പോരിൻ്റെ അന്തർ രഹസ്യം. ദീർഘകാലമായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും അടുത്തായി മഹല്ല് കമ്മറ്റി എക്സിക്യുട്ടീവ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്.
എ.പി - ഇ കെ അനുയായികളായ വിശ്വസികൾ ചേരിതിരിഞ്ഞാണ് തർക്കം തുടങ്ങിയത്. പതിറ്റാണ്ടുകളായി പ്രസിഡൻ്റ് പദം കൈക്കലാക്കിയ ആൾ സ്ഥാനം ഒഴിഞ്ഞ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കണമെന്നാണ് ഇ.കെ അനുകൂലികളുടെ ആവശ്യം.
സമസ്താനയുടെ കീഴിൽ അരനൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പള്ളിയിൽ എല്ലാ വിഭാഗത്തിനും അവകാശമുണ്ട് എന്നാണ് ഇവരുടെ വാദം. എന്നാൽ വ്യക്തിപരമായ വിദ്വേഷങ്ങൾ തീർക്കാൻ മഹല്ല് കമ്മറ്റിയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കാനാണ് മറുവിഭാഗം ശ്രമിക്കുന്നതെന്നാണ് ഭരണസമിതി അംഗങ്ങൾ പറയുന്നത്.
നിയമപരമായി തെരഞ്ഞെടുത്ത കമ്മറ്റിയാണ് നിലവിൽ ഉള്ളതെന്നും മഹല്ലിലെ ഭൂരിപക്ഷം വിശ്വാസികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും എ പി വിഭാഗം അവകാശപ്പെടുന്നു. നേരത്തെ പള്ളിയിൽ ഭരണസമിതിയോഗം ചേരാനിരിക്കെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി പലർക്കും പരിക്കു പറ്റിയിരുന്നു.
പൊലീസ് എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. നബിദിന റാലി നടത്തുന്നതിനെ ചൊല്ലിയും സംഘർഷമുണ്ടായി. ഈ സംഭവങ്ങളിലായി വളയം പോലീസിൽ നിരവധി കേസുകളുമുണ്ട്. ഭരണ സമിതി തെരഞ്ഞെടുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ആക്ഷേപിച്ചും പള്ളി സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അഴിമതിയുണ്ടെന്നും ചൂണ്ടികാട്ടി വഖഫ് ബോഡ് മുമ്പാകെയും കോടതിയിലും കേസുകൾ നിലനിൽക്കുന്നുണ്ട്.
ഒരു എയിഡഡ് വിദ്യാലയവും മറ്റ് വ്യാപാര സമുച്ചയങ്ങളും മഹല്ല് കമ്മറ്റിയുടെതായുണ്ട്. ഒത്തു തീർപ്പിലൂടെ പ്രശ്നം പരിഹരിക്കാൻ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് മുൻകൈയെടുത്തിരുന്നെങ്കിലും വിജയിച്ചില്ല. പ്രശ്നം പരിഹരിക്കാൻ മത നേതാക്കളുടെ ആവശ്യവും ചെവി കൊള്ളുന്നില്ലയെന്ന സൂചനയുണ്ട്.
പരസ്യമായ സംഘർഷത്തിനെതിരെ പൊലീസ് കർശ്ശന നടപടി സ്വീകരിച്ചതോടെ ഏറ്റുമുട്ടലുകൾ കുടുംബങ്ങളിലേക്ക് നീങ്ങി. വിവാഹ ( കാനോത്ത് ) സാക്ഷ്യ പ്പെടുത്തുന്നതിന് മഹല്ല് കമ്മറ്റി ഭാരവാഹികളുടെ ഒപ്പ് വേണമെന്നതാണ് പരമ്പരാഗത രീതി. തങ്ങൾ അംഗീകരിക്കാത മഹല്ല് ഭാരവാഹികളുടെ ഒപ്പിൻ്റെ ആവശ്യം ഇല്ലെന്നും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് മറുവിഭാഗം വാദിക്കുന്നത്.
ഒരേ കുടുംബത്തിൽ ഉള്ളവർ രണ്ട് പക്ഷത്ത് നിലയുറപ്പിക്കുന്നതാണ് കുടുംബ ബന്ധങ്ങൾ ശിഥിലമാകാൻ കാരണം. കുറ്റിക്കാട് മഹല്ലിന് കീഴിലെ പ്രദേശത്തെ പത്തോളം വിവാഹങ്ങളാണ് ബഹിഷ്ക്കരണത്തിലും അസ്വാരസ്യങ്ങളിലുമായി കലാശിച്ചത്.
മാതാപിതാക്കൾ തമ്മിലും സഹോദരങ്ങൾ തമ്മിലും ഭർത്താവും ഭാര്യയും ചേരിതിരിയുന്നത് വിവാഹം ഉൾപ്പെടെയുള്ള സന്തോഷ മുഹൂർത്തങ്ങൾ കണ്ണീർ വേദികളാകുന്നു. ഇതിനിടയിൽ സൈബർ യുദ്ധവും നടക്കുന്നുണ്ട്. പ്രവാസികളും തർക്കത്തിൻ്റെ ഭാഗമാവുന്നു.
സോഷ്യൽ മീഡിയ വഴിയുള്ള തെറിവിളിയും ആക്ഷേപങ്ങളും പൊലീസ് പരാതിയിൽ എത്തി നിൽക്കുകയാണ്. മുതിർന്നവർ തമ്മിലുള്ള തർക്കം കുട്ടികളെയും ചെറുപ്പക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്.
വിവാഹ സ്വപ്നങ്ങൾ ഉൾപ്പെടെ പൊലിയുന്നവരുടെ കണ്ണീരും വിങ്ങിപൊട്ടലുകളും ഒരു വശത്തുണ്ട്. സർവ്വകക്ഷി രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും മത നേതാക്കളും ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ തർക്കം വലിയ ആപത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടികാട്ടുകയാണ് നാട്ടുകാർ.
#Tear #Weddings #Slum #fighting #in #Nadapuram #Valayam #Kuttikkad #Palli #Mahal #breaks #family #ties