നാദാപുരം:(nadapuram.truevisionnews.com) വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടിയ സാഹചര്യത്തിൽ കയ്യും മെയ്യും മറന്നാണ് ഓരോ പ്രവർത്തകരും രക്ഷക്കായി എത്തുന്നത്.
മകളുടെ അപ്രതീക്ഷിത വിയോഗത്തോടെ ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ കല്ലാച്ചി സ്വദേശിനി ദീപ ജോസഫ് വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തത് വയനാടിന് വേണ്ടിയാണ്.
കഴിഞ്ഞ അഞ്ചു ദിവസമായി ദുരന്തഭൂമിയിൽ സജീവമാണ് ദീപ ജോസഫ്. കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവറായ കല്ലാച്ചി വിലങ്ങാട് ഓട്ടപ്പുന്നയ്ക്കൽ ദീപ നാലര വർഷം മുൻപ് കോവിഡ് കാലത്താണ് ആംബുലൻസ് ഡ്രൈവിംഗിലേക്കു തിരിയുന്നത്.
സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശക്തി പുരസ്കാരമടക്കം ദീപ നേടിയിട്ടുണ്ട്. 10 മാസം മുൻപാണ് ദീപയുടെ മകൾ രക്താർബുദംമൂലം മരിച്ചത്.
ദീപ ശാരീരികമായും മാനസികമായും തളർന്നു. ഡ്രൈവിങ് ഉപേക്ഷിച്ചു. കല്ലാച്ചിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ചൂരൽമല ഉരുൾപൊട്ടലിനെക്കുറിച്ചു കേൾക്കുന്നത്.
വടകര മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഇ കെ അജീഷിന്റെ വിളി വന്നു. ആംബുലൻസും ഫ്രീസറും സംഘടിപ്പിച്ചു മേപ്പാടിയിൽ എത്തിക്കാമോ എന്നായിരുന്നു ചോദ്യം.
ആശുപത്രിക്കിടക്ക വിട്ട് ആംബുലൻസെടുത്ത് മേപ്പാടിക്കു വിട്ടു. പിന്നെ വിശ്രമമില്ലാത്ത സേവനം. ആദ്യ മൂന്ന് ദിവസം വണ്ടിയിൽത്തന്നെയായിരുന്നു ദീപയുടെ ഉറക്കവും. '
#Deepa #arrived #forgetting #about #boredom #native #Kallachi #holding #the #valayam #she #left #again #for #Wayanad