നാദാപുരം:(nadapuram.truevisionnews.com)വിലങ്ങാട് ദുരന്തത്തിൻ്റെ വ്യാപ്തി കൃത്യമായി പഠിച്ച് ,യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിതി പൂർത്തിയാക്കണമെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപെട്ടു.
വയനാട്ടിലെ ഭീകര ദുരന്തത്തിനിടയിൽ വിലങ്ങാട് ദുരന്തത്തിൻ്റെ വ്യാപ്തി അല്പം പോലും കുറച്ചു കാണാൻ കഴിയില്ല. ജനജീവിതം അതീവ ദുഷ്ക്കരമായിരിക്കുന്നു.
300 ലേറെ വീടുകൾ താമസയോഗ്യമല്ലാത്ത അപകട അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹതഭാഗ്യരായവർക്ക് വീടുകൾ നിർമ്മിച്ചു നൽകാനുള്ള നടപടികൾ ഉടനടി തുടങ്ങണം.
വിലങ്ങാട് ദുരന്തം പഠിക്കാൻ ഒരു വിദഗ്ധ സംഘം വീണ്ടും വരാൻ പോവുകയാണ്. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികളെക്കുറിച്ച് സത്യസന്ധമായി റിപ്പോർട്ടിൽ രേഖപ്പെടുത്തണം.
കേവലമൊരു സർക്കാർ വിലാസം സംഘമായി അത് മാറരുത്. വിലങ്ങാട് പരിസ്ഥിതി ദുർബല പ്രദേശമാണെന്ന സത്യം മറന്ന് പഠനം നടത്തരുത്. പ്രധാനമന്ത്രിയെ വീണ്ടും കാണാൻ മുഖ്യമന്ത്രി തയ്യാറാകുന്നത് സ്വാഗതാർഹമാണ്.
വിലങ്ങാട് ദുരന്തവും ഇതോടൊപ്പം അവതരിപ്പിക്കണം. കേരളത്തിലെ മുഴുവൻ എം.പിമാരും മുഖ്യമന്ത്രിയോടൊപ്പം പ്രധാനമന്ത്രിയെ കണ്ടാൽ ദുരന്തനിവാരണ നിയമത്തിൻ്റെ പരിധിക്കുള്ളി നിന്ന് കൊണ്ടു തന്നെ കേരളത്തിന് ഒരു പ്രത്യേക പാക്കേജ് പ്രധാനമന്ത്രിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയും.
കാലവിളംബം ദുരന്ത പരിഹാരത്തിന് സഹായകമില്ലെന്ന കാര്യം പ്രത്യേകമായി സർക്കാർ തിരിച്ചറിയണമെന്ന് മുല്ലപ്പളളി പറഞ്ഞു.
#Vilangad #Reconstruction #should #be #done #on #wartime #basis #MullapallyRamachandran