വിലങ്ങാട്: (nadapuram.truevisionnews.com)വിലങ്ങാട് സാക്ഷ്യം വഹിച്ച മഹാ ദുരന്തത്തിൽ ജീവൻ മാത്രം ബാക്കിയാക്കി ഓടി രക്ഷപ്പെട്ട് വാടക വീടുകളിൽ അതിജീവനത്തിനായി പൊരുതുന്ന ഒരു കൂട്ടം കുരുന്നുകൾ ഭീതിയുടെ നിഴലിൽ ആണ് ദിവസങ്ങൾ തള്ളി നീക്കുന്നത്.
മഞ്ഞച്ചീളിയിലെ നാൽപതോളം കുട്ടികൾ ആണ് ഉരുൾ പൊട്ടലിന് സാക്ഷികൾ.
ഉരുൾപൊട്ടിയിട്ട് ഒരു മാസമായിട്ടും കുട്ടികളുടെ മനസ്സിൽ നിന്ന് നടുക്കം വിട്ടു മാറിയില്ല ജൂലായ് 29 ന് രാത്രി അതിശക്തമായ മഴയും മേഖലയിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിന് നിമിഷങ്ങൾ മുമ്പ് രക്ഷിതാക്കൾക്കൊപ്പം വീടുകളിൽ നിന്ന് ഓടി രക്ഷതേടിയവരായിരുന്നു ഇവർ.
ദുരന്തത്തിന് ശേഷം കുട്ടികളുടെ മനസ്സ് താളം തെറ്റി ഉറക്കം ഇല്ലാതായി, മഴ പെയ്യുമ്പോഴും ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ പോലും ഇവർ ഞെട്ടി ഉണരുന്നു.
മൂന്ന് വയസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഈ കൂട്ടത്തിൽ ഉണ്ട്. ഇവർക്കിടയിൽ ഇപ്പോൾ കളി ചിരികളില്ല. സുഹൃത്തുക്കളുമായി സൗഹൃദ സംഭാഷണങ്ങളും ഇല്ല.
ഉരുൾ ഭീഷണി നിലനിൽക്കുന്നതിനാൽ മഞ്ഞച്ചീളി സ്വദേശികൾ മുഴുവൻ പല സ്ഥലങ്ങളിലെയും വാടക വീടുകളിലേക്ക് താമസമായതോടെ വിദ്യാർഥികൾ പരസ്പരം ഒറ്റപ്പെട്ടു.
ചിലർ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ഉരുൾപൊട്ടലിനെ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഫറോന ചർച്ച് വികാരി വിൽസൺ മുട്ടത്തു കുന്നേലിന്റെ ആവശ്യപ്രകാരം കുളത്ത് വയൽ കൗൺസിലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നടത്തിയിരുന്നു.
ഇവർക്ക് വിദഗ്ഗ സൈക്കോളജിസ്റ്റ്കളുടെ കൗൺസിലിംഗ് ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ തലത്തിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചെങ്കിലും ഉയർന്ന തലത്തിലുള്ള കൗൺസിലിംഗ് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സ്വകാര്യ കൗൺസിലിംഗ് സെന്ററിൽ കുട്ടികളെ കൊണ്ടുപോയി കൗൺസിലിംഗ് നൽകാൻ കഴിയാത്ത അവസ്ഥയും ഉണ്ട്.
ഗവൺമെന്റ് ഭാഗത്ത് നിന്ന് ഗൗരവമായ ഇടപെടലുകൾ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം വീണ്ടും ഉരുൾ പൊട്ടൽ ഭീഷണി ഉയർന്ന് രക്ഷിതാക്കൾക്കൊപ്പം അർധരാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നതോടെ ഇവരുടെ മാനസികാഘാതം വർധിച്ചതായി രക്ഷിതാക്കൾ പറയുന്നു
#rollovers #children #shadow #fear #parents #worried