നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ ഡ്രോൺ സർവേ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എൻഐ ടി സംഘം തയ്യാറാക്കിയ പഠന റിപ്പോർട്ട് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന് കൈമാറി.

ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എൻഐടി പഠന റിപ്പോട്ടിനെ അടിസ്ഥാനമാക്കിയാണ് വിലങ്ങാട് പുനരുദ്ധാരണ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡ്രോൺ ഇമേജിനേഷൻ കമ്പനിയാണ് ത്രിഡി സർവേ പൂർത്തിയാക്കിയത്. രണ്ടാഴ്ചയോളം എൻ.ഐ ടി സംഘം മേഖലയിൽ പഠനം നടത്തിയിരുന്നു.
ഉരുൾ സംഹാരതാണ്ഡവമാടിയ മഞ്ഞച്ചിളി ഉൾപ്പെടെയുള്ള മേഖലകളിൽ ജനവാസം സാധ്യമാണോ എന്നും എത്രത്തോളം സുരക്ഷിതത്വം ഈ മേഖലയിലുണ്ട് എന്ന കാര്യവുമാണ് സംഘം പഠനവിധേയമാക്കിയത്.
വെള്ളിയോട് മുതൽ കുഞ്ഞോം വനാതിർത്തി വരെയും കണ്ണവം വനാതിർത്തി മുതൽ നരിപ്പറ്റ പഞ്ചായത്തിൻറെ വിലങ്ങാട് ഭാഗം വരെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് മുമ്പേയുള്ള സാറ്റ് ലൈറ്റ് ദൃശ്യവും ശേഷം ഡ്രോൺ ഉപയോഗിച്ചെടുത്ത ഇമേജും ഉപയോഗിച്ച് വീടുകൾ, കെട്ടിടങ്ങൾ, ഭൂമി എന്നിവയിക്കുണ്ടായ നാശത്തിന്റെ കൃത്യമായ കണക്ക് ലഭിക്കും.
എൻഐടി വിദഗ്‌ധ സംഘവും വിലങ്ങാടെത്തി ഡ്രോൺ സർവേ സംഘവുമായി ചർച്ച നടത്തിയിരുന്നു. നേരത്തെ, തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല സമിതിയാണ് എൻഐടി റിപ്പോർട്ട് ജനുവരിയിൽ കൈമാറാൻ നിർദേശിച്ചത്
#Vilangad #Landslide #NIT #Study #Report #handed #over #Collector