നാദാപുരം: (nadapuram.truevisionnews.com) മുസ്ലിം ലീഗ് നാദാപുരം ജനറൽ സെക്രട്ടറി എൻ കെ മൂസയ്ക്ക് എതിരെയുള്ള മണ്ഡലം കമ്മറ്റി സ്വീകരിച്ച അച്ചടക്ക നടപടി ഇന്നലെ ചേർന്ന വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയിലെ ഭൂരിപക്ഷം പേരും അംഗീരിച്ചു. ഏഴോളം പേർ ശക്തമായ വിയോജിപ്പ് അറിയിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നിയോഗിച്ച അഞ്ചംഗ അന്വേഷണ കമ്മീഷൻ കൺവീനർ നടപടി കുറഞ്ഞു പോയെന്നും തീരുമാനത്തിൽ വിയോജിപ്പുള്ളതായും അറിയിച്ച് യോഗത്തിൽ നിന്ന് ഇറങ്ങി പോയി. എന്നാൽ ഇത് തള്ളി നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനായിരുന്നു പൊതു നിലപാട്.
ഇതിനിടയിൽ ഒരു മാസം നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള പാർട്ടി നടപടിക്ക് ശേഷം മാർച്ച് രണ്ടാം വാരത്തോടെ മൂസ മാസ്റ്റർ അടുത്ത മാസം വീണ്ടും ജനറൽ സെക്രട്ടറിയായേക്കും.
എൻ കെ മൂസ മാസ്റ്റർക്കെതിരെയുള്ള നടപടി മണ്ഡലം ഭാരവാഹികൾ സ്ഥിരീകരിച്ചു. ഇത് പരസ്യമാക്കേണ്ടെന്നും പാർട്ടിക്കുള്ളിൽ മാത്രമാണ് നടപടിയെന്നും മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു.
ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം മാറി നിന്ന മൂസ മാസ്റ്റർ നടപടിക്ക് ശേഷം തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് നടപടി കാലാവധിക്ക് ശേഷം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ഇപ്പോൾ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൻ.പി ജാഫർ മാസ്റ്ററും പ്രതികരിച്ചു.
വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണം യുഡി എഫിന് ഉറപ്പാക്കാൻ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി നിശ്ച്ചയിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ വാർഡ് വിഭജന പട്ടിക ചോർന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്.
പട്ടിക സിപിഐ എം നേതാവ് ടി. പ്രദീപ് കുമാറിന് എൻ.കെ മൂസമാസ്റ്റർ ചോർത്തി നൽകിയെന്നാണ് അഞ്ചംഗ അന്വേഷണ സമിതി കണ്ടെത്തിയത്. ഇത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ വാക്ക് പോരും കൈയ്യേറ്റ ശ്രമങ്ങളും നടന്നു.
തുടർന്നാണ് മൂസ മാസ്റ്റർ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. മൂസ മാസ്റ്റർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ലീഗ് കമ്മറ്റിയും പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ പരസ്യമായി അപമാനിച്ചതിൽ നടപടി ആവശ്യപ്പെട്ട് മൂസ മാസ്റ്റും നൽകിയ പരാതികൾ മസ്ലിംലീഗ് മണ്ഡലം നേതൃയോഗം ചർച്ച ചെയ്താണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
മുപ്പതിലധികം പേർ പങ്കെടുത്ത ഇന്നലെ വാണിമേൽ ലീഗ് ഹൗസിൽ ചേർന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ ശക്തമായ ചർച്ചയാണ് നടന്നത്. പ്രശ്നത്തിൽ മണ്ഡലം നേതൃയോഗം പഞ്ചായത്ത് കമ്മറ്റിയെ ശാസിച്ചുവെന്നുള്ള വാർത്ത പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അശറഫ് കൊറ്റാല നിഷേധിച്ചു.
എന്നാൽ ശ്യാസന എന്ന വാചകം ഇല്ലെങ്കിലും മണ്ഡലം കമ്മറ്റി നൽകിയ മറുപടി കത്തിൽ ഇതിൻ്റെ സൂചനയുണ്ടെന്ന് ഇന്നലത്തെ യോഗത്തിൽ മുതിർന്ന നേതാവ് വ്യക്തമാക്കിയതായി അറിയുന്നു.
#Moosa #Master #general #secretary #again #next #month #majority #league #committee #agreeing