എടച്ചേരി: (nadapuram.truevisionnews.com) മുതുവടത്തൂർ എം.എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കുരുന്ന് മക്കൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ് അവതരണ മികവ് കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി.

പ്രശസ്ത ഇംഗ്ലീഷ് കവിയായ റോബർട്ട് ബ്രൌണിൻ്റെ പൈഡ് പൈപ്പർ ഇൻ ഹമലിൻ എന്ന കവിതയുടെ ദൃശ്യാവിഷ്കാരമാണ് ഒന്നു മുതൽ നാല് വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ അവതരിപ്പിച്ചത്.
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ ബ്ലോസം ബഡ്സിസിലെ അംഗങ്ങളായ 51 കുട്ടികൾ അണിനിരന്ന മെഗാഷോയിലൂടെയാണ് നാടകാവിഷ്കാരം അവതരിപ്പിച്ചത്. 25 മിനിറ്റോളം നീണ്ടു നിന്ന സ്കിറ്റിലൂടെ കവിതയുടെ ആശയം ഒട്ടും ചോർന്നു പോകാതെ കുട്ടികൾ കാണികൾക്ക് കൈമാറി.
കവിതയിലൂടെ കവി വ്യക്തമാക്കുന്ന ഇംഗ്ലണ്ടിലെ ഹമലിൻ പട്ടണത്തിലെ എലി ശല്യവും അവയെ കൂട്ടത്തോടെ നശിപ്പിക്കാനെത്തുന്ന പൈഡ് പൈപ്പർ എന്ന സംഗീത വിദഗ്ധൻ്റെയും പട്ടണത്തിലെ മേയറുടെയും കൊട്ടാര വിദ്വാന്മാരുടെയും കഥയാണ് സംഗീതത്തിൻ്റെയും വെളിച്ചത്തിൻ്റെയും അകമ്പടിയോടുകൂടി കുട്ടികൾ മനോഹരമായി അവതരിപ്പിച്ചത്.
സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈ മെഗാഷോയിലെ സംഭാഷണങ്ങൾ മുഴുവനും ഡബ്ബിങ്ങിന് പകരം കുട്ടികൾ തന്നെയാണ് പറഞ്ഞതെന്നതും പരിപാടിയുടെ മാറ്റ് കൂട്ടി.
അനിതരസാധാരണമായ പൈപ്പ് വായനയിലൂടെ മുഴുവൻ എലികളെയും വെള്ളത്തിൽ ചാടിച്ച് കൊല്ലുന്ന രംഗം കുട്ടികൾ കൃത്യതയോടെ അവതരിപ്പിച്ചത് കാണികൾക്ക് ഹരം പകർന്നു.
നേരത്തെ നിശ്ചയിച്ച തൻ്റെ പ്രതിഫലമായ പതിനായിരം സ്വർണനാണയം നൽകാതെ പകരം വെറും അഞ്ഞൂറ് സ്വർണ നാണയം മാത്രം നൽകി തന്നെ കബളിപ്പിക്കാൻ ശ്രമിച്ച മേയറെ ഒരു പാഠം പഠിപ്പിക്കലായിരുന്നു പൈഡ് പൈപ്പറുടെ അടുത്ത ലക്ഷ്യം.
ഒടുവിൽ അതെ പൈപ്പ് വായനയിലൂടെ ഹെമിലിനിലെ മുഴുവൻ കുട്ടികളെയും വശീകരിച്ച് പൈഡ് പൈപ്പർ ഒരു ഗുഹയിൽ അടക്കുന്നതോടെ കുട്ടികളെ കാണാഞ്ഞിട്ട് മേ മേയറുടെ കൊട്ടാരത്തിൽ നാട്ടുകാരുടെ പ്രക്ഷോഭം ആരംഭിക്കുന്നു.
ഇതോടെ പരിഭ്രാന്തനായ മേയർ പൈപ്പറെ തിരിച്ചു വിളിക്കുകയും തന്റെ രാജ്യത്തെ കുട്ടികളെ രക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
നേരത്തെ നിശ്ചയിച്ച പ്രതിഫലം തന്നെ ലഭിച്ചപ്പോൾ വീണ്ടും തൻ്റെ വശ്യമായ പൈപ്പ് വായനയിലൂടെ പൈഡ് പൈപ്പർ മുഴുവൻ കുട്ടികളെയും തിരിച്ച് മേയറുടെ മുമ്പിലെത്തിക്കുന്നു.
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും നാട്ടുകാരും കുട്ടികളും മേയറും കൂട്ടുകാരും ഒന്നിച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്നതോടെ ഇംഗ്ലീഷ് സ്കിറ്റിന് തിരശ്ശീല വീഴുന്നു.
25 മിനിറ്റ് നേരം ദൈർഘ്യമുള്ള സ്കിറ്റിലെ പ്രധാന കഥാപാത്രങ്ങളായ മേയർ,പൈഡ് പൈപ്പർ, മേയറുടെ കൂട്ടാളികൾ, എന്നീ കഥാപാത്രങ്ങളായി നാലാം ക്ലാസ് വിദ്യാർഥികളായ ഫെഹബിൻ ഹമീദ്, മുഹമ്മദ് അമീൻ, മുഹമ്മദ് അൽഹാൻ, യഹ് യബിൻ നൗഷാദ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ഷ സിൻ, ജസൽ ജാസിം, ഫാദി ഹംദാൻ എന്നിവരാണ് അഭിനയിച്ചത്.
വി.പി. ആർ എന്നറിയപ്പെടുന്ന തൂണേരി വെള്ളൂർ സ്വദേശിയായ രാമചന്ദ്രനാണ് കുട്ടികളെ സ്കിറ്റ് പരിശീലിപ്പിച്ചത്.
#PiedPiperinHamelin #children #English #skit #remarkable