കോഴിക്കോട് : ( www.truevisionnews.com ) ഷാഫി പറമ്പിൽ എം പിയും നാദാപുരം മുസ്ലിം ലീഗ് നേതൃത്വവും തമ്മിലുള്ള ബഹിഷ്കരണ പ്രശ്നത്തിന് ഒത്തു തീർപ്പായി. ഞാറാഴ്ച്ച വൈകീട്ട് മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെ എം സി സി നാദാപുരത്ത് സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റിൽ ഷാഫി പറമ്പിൽ എം പി പങ്കെടുക്കും.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയാണ് യു ഡി എഫ് എംപിയായ ഷാഫി പറമ്പിലിനെ പരസ്യമായി ബഹിഷ്കരിച്ചത്.
മുസ്ലിം ലീഗ് നേതാക്കൾ വിളിച്ചാൽ ഷാഫിപറമ്പിൽ ഫോൺ എടുക്കില്ലെന്നും പഞ്ചായത്തിന്റെ പൊതുപരിപാടികൾക്ക് എംപി സമയം അനുവദിക്കുന്നില്ല എന്നുമായിരുന്നു മുസ്ലിം ലീഗിന്റെ ആക്ഷേപം.
കഴിഞ്ഞ ദിവസം നാദാപുരത്ത് ചേർന്ന യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി യോഗത്തിൽ കോൺഗ്രസ് - മുസ്ലിം ലീഗ് നേതാക്കൾ തമ്മിൽ ഇത് സംബന്ധിച്ച് കനത്ത വാക്പോര് നടന്നിരുന്നു. ഏറെ നേരം യോഗം ബഹളത്തിൽ മുങ്ങി.മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി രാജി ഭീഷണി മുഴക്കിയതായി സൂചനയുണ്ട് .
ഇതിനിടയിലാണ് ഷാഫി പറമ്പിൽ എം പി യെ പങ്കെടുപ്പിച്ച് കൊണ്ട് ഇഫ്താർ മീറ്റ് സംഘടിപ്പിക്കുമെന്ന് കെ എം സി സി പരസ്യപ്പെടുത്തിയത്. ഇത് വലിയ പ്രതിരോധമാണ് മുസ്ലിം ലീഗിനുണ്ടാക്കിയത്. ഇതിനിടയിലാണ് ഇന്ന് പ്രതിപക്ഷ നേതാവ് കോഴിക്കോട് നടത്തിയ ഇഫ്താർ വിരുന്നിന് ശേഷം ഡി സി സി പ്രസിഡണ്ട് അഡ്വ: കെ എ പ്രദീപ് കുമാറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്ററും മുൻകൈ എടുത്താണ് ഇരു പാർട്ടികളുടെയും പ്രത്യേക യോഗം ചേർന്നത്.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ചു. ഒടുവിൽ ഷാഫി പറമ്പിൽ എം പി തനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്ന് പ്രഖ്യാപിച്ചു.
ഇതേ തുടർന്ന് ഞാറാഴ്ചത്തെ ഇഫ്താർ മീറ്റിൽ എം പി പങ്കെടുക്കാനും ബഹിഷ്കരണങ്ങൾ അവസാനിപ്പിക്കാനും തീരുമാനിച്ചു. മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഷാഫി പറമ്പിൽ എംപി ഒറ്റയാൻ വൺ മാൻ ഷോ ആണ് നടത്തുന്നതെന്ന് ലീഗ് നേതാക്കൾ യോഗത്തിൽ തുറന്നടിച്ചിരുന്നു.പ്രധാന വ്യക്തികൾ മരിച്ച വീടുകൾ സന്ദർശിക്കാൻ എംപി തയ്യാറാവുന്നില്ല. എന്നാൽ മണ്ഡലത്തിൽ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ചടങ്ങിന് എംപി പങ്കെടുക്കുന്നതായി നേതാക്കൾ പറഞ്ഞു.
ഷാഫി പറമ്പിൽ ലീഗ് പ്രവർത്തകരുടെ വികാരം മാനിക്കാതെ സ്വന്തം തീരുമാനം നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിലിനെ ബഹിഷ്ക്കരിക്കാൻ കഴിഞ്ഞ മാസം നാദാപുരം പഞ്ചായത്ത് നേതാക്കൾ നേരത്തെ തീരുമാനമെടുത്തിരുന്നു.
കുമ്മങ്കോട് ഷാഫി പറമ്പിൽ ഉദ്ഘാടകനായി പങ്കെടുത്ത പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ബഹിഷ്ക്കരിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മുൻപ് ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ഷാഫിക്കെതിരെ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.സംഭവം അന്വേഷിക്കാൻ മോഹനൻ പാറക്കടവിനെ കൺവീനറാക്കി സമിതിയെ നിയോഗിച്ചാണ് യോഗം അവസാനിപ്പിച്ചത്.
#Shafi #will #also #attend #Iftar #party #settlement #reached #differences #opinion #between #Muslim #League #Nadapuram #MP