എടച്ചേരി: യാത്രയ്ക്കായി ഇപ്പോഴും ചെറുതോണികളെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിയാവുന്നു. എടച്ചേരിയെയും കണ്ണൂർ ജില്ലാ അതിർത്തിയായ പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന തുരുത്തിമുക്ക് പാലത്തിന് കിഫ്ബിയിൽ നിന്നും 15.28 കോടി രൂപയുടെ ഭരണാനുമതിയായി.

വർഷങ്ങൾക്ക് മുമ്പ് രണ്ടു തൂണുകൾ മാത്രം നിർമിച്ചു സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിച്ച തുരുത്തിമുക്ക് പാലത്തിന് 2011-ൽ കെ.കെ. ശൈലജയുടെയും ഇ.കെ വിജയൻ എം.എൽ.എയുടെയും ശ്രമഫലമായിട്ടാണ് കിഫ്ബിയിൽനിന്നും ഫണ്ടനുവദിക്കുന്നത്.
അന്നത്തെ പൊതുമരാമത്ത് മന്ത്രിയാ യിരുന്ന ജി സുധാകരൻ തറക്കല്ലിട്ട് പാലത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി നടപ്പാക്കാൻ ഏറ്റെടുക്കേണ്ടി വരുന്ന അപ്രോച്ച് റോഡിൻ്റെ സ്ഥലമെടുപ്പ് നടപടി വൈകിയതോടെ കരാർ തുക അധികരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി കരാറിൽ നിന്നും പിൻമാറുകയായിരുന്നു.
പാലം നിർമാണം പൂർത്തീകരിക്കുന്നതിന് അടങ്കൽ തുക പുനഃപരിശോധിക്കാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് കിഫ്‌ബി വിദഗ്‌ധ സമിതി യോട് നിർദേശിക്കുകയും റിപ്പോർട്ടനുസരിച്ചു ഫണ്ടനുവദിക്കുകയുമായിരുന്നു. പാലത്തിൻ്റെ നിർമാണം ഏഴ് ശതമാനം മാത്രമാണ് നേരത്തെ ഊരാളുങ്കൽ സൊസൈറ്റി പൂർത്തീകരിച്ചത്.
പുതിയ കരാർ പ്രകാരം കിടഞ്ഞി ഭാഗത്ത് 175 മീറ്ററും എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. 204 മീറ്റർ നീളമുള്ള പാലം സ്റ്റാൻബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്.
മാർച്ച് 26 വരെ പ്രവൃത്തിയുടെ ടെൻഡർ സ്വീകരിക്കും. 29ന് ടെൽഡർ ഓപ്പൺ ചെയ്‌തു നടപടിക്രമം ങ്ങൾ വേഗത്തിലാക്കും. നിലവിൽ തടസ്സങ്ങൾ മുഴുവനും നീങ്ങിയ സാഹചര്യത്തിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ
#tender #process #Thuruthimukku #bridge #built #across #Mayyazhi #River #Edacherry #underway