കല്ലാച്ചി: (nadapuram.truevisionnews.com) 3 കോടി രൂപചെലവിൽ നടക്കുന്ന കല്ലാച്ചി ടൗൺ നവീകരണപ്രവൃത്തി ഈ മാസം 28 ന് പുനരാരംഭിക്കാൻ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചു. സ്ഥലം വിട്ടുനൽകുന്നതിന് കൂടുതൽ കെട്ടിട ഉടമകളും വ്യാപാരികളും സമ്മതിച്ചതിനെ തുടർന്നാണ് പണി പുനരാംരംഭിക്കാൻ തീരുമാനിച്ചത്.

സമ്മതിച്ച ഉടമകൾ കെട്ടിട ഭാഗം വിട്ടു നൽകി ബാക്കിഭാഗം കെട്ടിടത്തിന്റെ നിലവിലുള്ള വിസ്തീർണ്ണത്തിൽ വർധനവില്ലാത്ത തരത്തിൽ ബലപ്പെടുത്തുന്നതിന് പ്രത്യേക അനുവാദം നൽകാനുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം പ്രസിഡണ്ട് വി.വി. മുഹമ്മദലി യോഗത്തിൽ വിശദീകരിച്ചു.
ഇതു പ്രകാരം വികസനത്തിന് സ്ഥലംവിടുനൽകിയ കെട്ടിടത്തിൻ്റെ ബാക്കി ഭാഗം ബലപ്പെടുത്തുന്നതിന് പെർമിറ്റിനായി അപേക്ഷ നൽകേണ്ടതില്ല.പൂർണ്ണമായും പൊളിച്ചുമാറ്റി പുതുക്കിപ്പണിയുന്നതിന് മാത്രമാണ് പെർമിറ്റെടുക്കേണ്ടതുള്ളു. പുതുക്കിപ്പണിക്കുന്ന കെട്ടിടങ്ങൾക്കും വിടുനൽകുന്ന 1.5 മീറ്ററിൽ ഇളവ് നൽകുന്നതാണ്.
ഈ സൗകര്യം ഉപയോഗപ്പെടുത്തി ബലപ്പെടുത്തുകയോ പുനർനിർമ്മിക്കുകയോ ചെയ്യാത്ത അപകടസാധ്യതയുള്ള ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനും ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുന്നതിനും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാനും യോഗം തീരുമാനിച്ചു.
ഇക്കാര്യങ്ങൾ വിശദീകരിച്ചും വികസനപ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചും സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ് 6ന് വൈകിട്ട് കല്ലാച്ചിയിൽ പൊതുയോഗം നടത്താൻ തീരുമാനിച്ചു.
ഇ.കെവിജയൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, എ മോഹൻദാസ്, അഡ്വ. കെ.എം രഘുനാഥ്, ടി.സുഗതൻ, കരിമ്പിൽ ദിവാകരൻ,കെ.ടി കെചന്ദ്രൻ അഖിലാമര്യാട്ട്,സി.കെ.നാസർ, എടത്തിൽ നിസാർ, പി പി ബാലകൃഷ്ണൻ, സി വി നിഷമനോജ്, എം.സി ദിനേശൻ, ഇല്ലത്ത് ശംസുദ്ദീൻ ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയർ ഡി.കെ. ദിനേശ്, പൊതുമരാമത്ത് അസി എഞ്ചിനിയർ നളിൻ കുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
സ്ഥലം വിട്ടുനൽകി ബാക്കി വരുന്ന കെട്ടിട ഭാഗം എത്രയും പെട്ടെന്ന് ബലപ്പെടുത്തി വികസനപ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ യും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയും അഭ്യർത്ഥിച്ചു.
28 ന് പണി പുനരാരംഭിക്കുന്നത് വിശദീകരിച്ച് സർവ്വകക്ഷി നേതാക്കൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലിയുടെ നേതൃത്വത്തിൽ കsകളിൽ കേറി കച്ചവടക്കാരോട് അഭ്യർത്ഥനനടത്തി.
#Kallachi #town #renewal #resume