നാദാപുരം : (nadapuram.truevisionnews.com) പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പുതിയ ബഹുനില കെട്ടിടം യാഥാർത്ഥ്യമാകുന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.28 കോടി രൂപ അനുവദിച്ച പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തി വിവിധ സാങ്കേതിക കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനോട് ഈ പ്രവൃത്തിക്ക് പ്രത്യേക അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് എംഎൽഎ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്ക് പ്രത്യേക അനുമതി ലഭിക്കുകയായിരുന്നു. ടെൻഡർ നടപടികൾക്ക് ശേഷം 1.28 കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചിരിക്കുകയുമാണ്.
രണ്ടാംഘട്ടമായി പുറമേരി ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 97 ലക്ഷം രൂപയുടെ പ്രവൃത്തിയും യുഎൽസി സി എസ് ഉടനെ ആരംഭിക്കും. പുറമേരി ടൗണിനോട് അടുത്തുതന്നെയാണ് ഈ കെട്ടിടം ഉയരുന്നത്. ഓഫീസ് മുറികൾ,മീറ്റിംഗ് ഹാൾ,കാത്തിരിപ്പ് മുറികൾ,ശുചീകരണ സംവിധാനങ്ങൾ ,സ്റ്റോർ മുറികൾ എന്നിങ്ങനെ മൂന്നു നിലകളിലായുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. മണ്ണിന്റെ പ്രത്യേകത കാരണം പൈലിംഗ് നടത്തിയാണ് കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പൂർത്തീകരിച്ചത്.
കെട്ടിടം പണി പൂർത്തിയാകുന്നതോടെ പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പരിമിതികൾക്ക് പരിഹാരമാവും. ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും നിലവിൽ നേരിടുന്ന അസൗകര്യങ്ങൾ പഴങ്കഥയാവുമെന്നും കെ.പി.കുഞ്ഞമത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു
Special permission New building Grama Panchayath office