നാദാപുരം: വിലങ്ങാടിന് സ്പെഷ്യൽ പാക്കേജ് ഉണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി. വിലങ്ങാട് ഉരുൾ പൊട്ടൽ ദുരിത ബാധിതരെ സർക്കാർ അവഗണിച്ചതായി യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സ്പെഷ്യൽ പാക്കേജ് സ്ഥലം സന്ദർശിച്ച ആറ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതാണ്. ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ ഒരു ഷെൽട്ടർ നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് ഫണ്ട് നൽകാം എന്ന് ഏറ്റിട്ടും ഭൂമി കണ്ടെത്തി നൽകിയിട്ടില്ല.



ദുരന്തത്തിൽ തകർന്ന പിഡബ്‌ള്യൂഡി റോഡുകളും പാലങ്ങളും ഒരു വർഷമായും പുനർനിർമ്മിച്ചിട്ടില്ല. കർഷകർക്കും വ്യാപാരികൾക്കും ഒരു നയാ പൈസയുടെ സഹായം ലഭിച്ചിട്ടില്ലെന്നും അഷ്റഫ് കൊറ്റാല പറഞ്ഞു.
രണ്ടര കോടി ചിലവിൽ വിലങ്ങാട് പുഴ നവീകരണമാണ് ആകെ നടന്ന പ്രവൃത്തി. വിലങ്ങാട് പള്ളി പരിസരത്തെ റോഡ് ഇടിയാൻ സാധ്യതകൾ ഏറെയാണ്. വിലങ്ങാട് അങ്ങാടിയിലെ പാലം നിർമ്മാണവും മലയോര ഹൈവേയും എങ്ങും എത്തിയിട്ടില്ലെന്നും ഡിസിസി അംഗം പി എ ആൻ്റണി പറഞ്ഞു.
31 വീടുകൾക്ക് 15 ലക്ഷം രൂപ വീതം സർക്കാർ നൽകിയിട്ടുണ്ട് . ഇനിയും പത്ത് പതിനെട്ട് വീടുകൾ നിർമ്മിക്കേണ്ടതുണ്ട്. കെസിബിസി 50 വീടുകൾ നിർമ്മിക്കുന്നതും ഷാഫി പറമ്പിൽ എംപി പ്രഖ്യാപിച്ച 20 വീടുകളും ഉൾപെടെ 75 വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തെ കുറിച്ച് നടത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് ഇനിയും പുറത്ത് വന്നിട്ടില്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. സിബി സബാസ്റ്റിൻ, അനസ് നങ്ങാണ്ടി , എൻ.കെ അബ്‌ദുൾ മുത്തലിബ്, എം.കെ ബാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Severe neglect; Government ignored Vilangad landslide victims, UDF