വളയം: കണ്ണിൽ ഇരുട്ടു പടർന്നിട്ടും, കാലുകൾ ഇടറിയിട്ടും പോരാളിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവശതകൾ തോറ്റ് പോയി. ഈ ദിനം അശോകന് കാലികൊളുമ്പ് മലമുകളിലെ എരഞ്ഞാട്ട് വീട്ടിൽ അടങ്ങിയിരിക്കാനാകില്ല. തെരുവുകളിൽ ചെങ്കൊടി ഉയർന്ന് കാതുകളിൽ വിപ്ലവ മുദ്രാവാക്യത്തിൻ്റെ പ്രഭാതഭേരി മുഴങ്ങിയതോടെ സഖാക്കളുടെ കൈകൾ പിടിച്ച് മലയിറങ്ങി, മനുഷ്യനായി ജീവിക്കാൻ പടപൊരുതി രക്തസാക്ഷിത്വം വരിച്ച ആലക്കലിൻ്റെ സ്മൃതി കുടീരത്തിലേക്ക്.

കുഞ്ഞുന്നാളു മുതൽ ചെങ്കൊടിയേന്തിയ ഈ പോരാളിയുടെ നേതാവ് ആലക്കൽ കുഞ്ഞിക്കണ്ണൻ ഭൂപ്രമാണികളുടെ തീവെടിയേറ്റ് മരിച്ചിട്ട് ഇന്ന് 49 വർഷം തികയുകയാണ്. വളയത്ത്കാർക്ക് മാർച്ച് ഒന്ന് ഒരു കലണ്ടർ ദിനമല്ല,നാടിൻ്റെ ആചാരമാണ്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവരെല്ലാം ചെങ്കൊടിയേന്തി ചങ്ക് പൊട്ടുമാറുറക്കെ മുദ്രാവാക്യം വിളിച്ച് തെരുവിൽ പ്രസ്ഥാനത്തിൻ്റെ കരുത്ത് കാട്ടുന്ന ദിനം. കാലം അരനൂറ്റാണ്ടോടടുത്തിട്ടും ആവേശം ചോരാതെ തലമുറ തല മുറകൾ കൈമാറിയ ഈ ആവേശത്തിന് അശോകൻ്റെ പുരുഷായുസ്സോളം പഴക്കമുണ്ട്.
വളയത്തെ സിപിഐ എമ്മിൻ്റെ നട്ടെല്ല് വളക്കാത്ത പോരാളിയായ അശോകന് നേരെ രാഷട്രീയ എതിരാളികളുടെ അക്രമം വരെ ഉണ്ടായി. അദ്ദേഹം വധശ്രമത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെടുത്തത്. അടുത്ത കാലത്തായി രോഗശയ്യയിലായിരുന്നു ഈ പോരാളി.
പ്രസ്ഥാനത്തെ ജീവവായുവായി കാണുന്ന അശോകനെ പോലുള്ളവരുടെ കരുത്താണ് സിപിഐ എമ്മിൻ്റെ അടിസ്ഥാനശില. ഇന്ന് രാവിലെ ആലക്കൽ ഭവനിൽ നടന്ന രക്തസാക്ഷി അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. കെ പി പ്രദീഷ്, എം.ദിവാകരൻ, എ.കെ രവീന്ദ്രൻ, എരങ്ങാട് അശോകൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് ബഹുജന റാലിയും അനുസ്മണ പൊതുസമ്മേളനവും നടക്കും.
Unrelenting fighting spirit; Ashoka came to refresh Alakal's memory