വാണിമേൽ :(nadapuram.truevisionnews.com) വിലങ്ങാടുണ്ടായ ഉരുൾ പൊട്ടലിൽ ദുരിത ബാധിതരായവരുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ തീർത്തും അപര്യാപ്തമാണെന്നും ദുരിതത്തിനു ഇരയായവർക്ക് ആശ്വാസമെത്തിക്കുന്നതിൽ ഭരണകൂട സംവിധാനങ്ങൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും എസ് ഡി പി ഐ വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
വിവിധ ഏജൻസികളും, ഉദ്യോഗസ്ഥരും പഠന നിരീക്ഷണങ്ങൾക്കായി പ്രദേശം സന്ദർശിച്ചു പോകുന്നതല്ലാതെ ദുരിത ബാധിതരുടെ പുനരധിവാസം എന്ന അടിസ്ഥാന പ്രശ്നത്തിനു ഇനിയും പരിഹാരമായിട്ടില്ല.
ഒരാൾക്ക് മാത്രമേ ജീവ നഷ്ടം ഉണ്ടായിട്ടുള്ളുവെങ്കിലും നാശ നഷ്ടങ്ങൾ പരിഗണിക്കുമ്പോൾ വൻ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചത്. കോടികളുടെ സ്വത്ത് നാശം ഉണ്ടായിട്ടുണ്ട്.
കിടപ്പാടം നഷ്ടപ്പെട്ടവരുടെയും വീടുകൾ ഉപേക്ഷിക്കേണ്ടി വന്നവരുടെയും പുനരധിവാസം ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
ഈ വിഷയത്തിൽ അടിയന്തിര നടപടികളാണ് ഉണ്ടാവേണ്ടത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ്മകളുടെയും സഹായ ഹസ്തങ്ങളാണ് ഒരു പരിധി വരെ ജനങ്ങൾക്ക് ആശ്വാസമേകുന്നത്.
ദുരിതത്തിലായ ജനങ്ങൾക്ക് അവരുടെ ജീവിതം തിരിച്ചു പിടിക്കാൻ ഭരണകൂടത്തിന്റെ കൈത്താങ്ങാണ് ആവശ്യം. അതിനു പദ്ധതികൾ ആവിഷ്‌കരിക്കുകയും ഉടൻ നടപ്പാക്കുകയും വേണം.
ഇക്കാര്യത്തിൽ സംഭവിച്ച അനാസ്ഥ തുടർന്നാൽ പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ചു പ്രത്യക്ഷ സമരത്തിനു എസ് ഡി പി ഐ മുൻകൈ എടുക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ വ്യക്തമാക്കി.
പ്രസിഡണ്ട് സി കെ സുബൈർ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ് മാസ്റ്റർ, റഊഫ് വി കെ, നിസാം തങ്ങൾ, ടി വി മൊയ്തു സംസാരിച്ചു
#Vilangad #landslide #disaster #Government #Intervention #Inadequate #SDPI