വളയം: (nadapuram.truevisionnews.com) കല്ലുനിരയിൽ നിന്ന് മുസ്ലിം ലീഗ് പ്രവർത്തനങ്ങളിൽ സജീവമായി ലീഗ് ബഷീറായി നിറഞ്ഞു നിൽക്കുകയും സാമൂഹ്യ സേവന മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന ചെമ്പറ്റ ബഷീർ യാത്രയായി.
രോഗശയ്യയിലായി കുറച്ചു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബഷീർ തിരിച്ചു വരുമെന്ന് നാടും കുടുംബവും പ്രതീക്ഷിച്ചിട്ടും നിയോഗം മറ്റൊന്നായിരുന്നു.
കുറുവന്തേരി കല്ലിക്കണ്ടി ശാഖ യൂത്ത് ലീഗിന്റെ ട്രഷറർ ആയിരിക്കെ ജാതിയേരി, ചെറുമോത്ത് മേഖലകളിൽ പാർട്ടി പ്രവർത്തനങ്ങളിൽ ബഷീർ നിത്യ സാന്നിധ്യമായിരുന്നു.
സ്വന്തം നാട്ടിൽ ലീഗിന് പ്രവർത്തന മണ്ഡലം ഇല്ലായിരുന്നിട്ടും മറ്റ് പ്രദേശങ്ങളിൽ പോയി സംഘടനാ പ്രവർത്തനം നടത്തിയപ്പോഴാണ് ബഷീറിന് 'ലീഗ് ബഷീർ' എന്ന വിളിപ്പേര് വന്നത്.
അത്രമേൽ ലീഗിനെ ഹൃദയത്തിൽ സ്നേഹിച്ച ബഷീറിന്റെ വിയോഗം മുസ്ലിം ലീഗ് പാർട്ടിക്ക് തീരാ നഷ്ടമാണ്. ബഷീറിന്റെ വിയോഗ വർത്തയറിഞ്ഞു നൂറുക്കണക്കിന് പേരാണ് കുറ്റിക്കാട് പള്ളിയിലും വീട്ടിലും എത്തിച്ചേർന്നത്.
വിവിധ തുറകളിൽ നിന്ന് അന്തിമോപചാരമർപ്പിക്കാൻ നിരവധി പേർ എത്തിച്ചേർന്നു. ഖബറടക്കത്തിന് ശേഷം കുണ്ടങ്കരയിൽ നടന്ന അനുശോചന സംഗമം നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു.
രവീഷ് വളയം, കെ പി കുമാരൻ, സുശാന്ത് വളയം, ഇ വി അറഫാത്ത്, നംഷിദ് കുനിയിൽ, സി എം കുഞ്ഞമ്മദ്, തൽഹത്ത് അയ്യോത്ത്, ആർ പി തൽഹത്ത്, മുസ്തഫ ഉബൈദ്, നിസാർ സി കെ, എ ആർ കെ മൊയ്‌ദു, അമ്മദ് വി കെ, ബഷീർ എം ടി പ്രസംഗിച്ചു.
#LeagueBasheer #Bashir #added #League #name #left