നാദാപുരം: (nadapuram.truevisionnews.com) കേരളത്തിൽ വിൽപനയ്ക്ക് കൊണ്ടുവരുന്നതിനുള്ള വൻ മയക്ക് മരുന്നു ശേഖരവുമായി നാദാപുരം സ്വദേശികളായ അഞ്ചു പേർ ഉൾപെടെ എട്ട് പേർ ബംഗളൂരുവിൽ പിടിയിൽ.
നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്തെ പൊന്നൻ കുനിയിൽ സാബിർ (35), ഈയ്യങ്കോട് മേപ്പള്ളി വീട്ടിൽ ജാഫർ (36), നാദാപുരം സ്വദേശി വെള്ളച്ചാലിൽ ഷമീൽ (32), കച്ചേരി സ്വദേശി ചെങ്ങാടി താഴെ കുനിയിൽ മുഹമ്മദ് അബ്ദുൾ സമദ് (31), തൂണേരി സ്വദേശി കുറുങ്ങോട്ട് മുഹമ്മദ് ഷാക്കിർ (28), മാഹി പാറക്കൽ പത്തലത്ത് വീട്ടിൽ മുഹമ്മദ് ഷക്കീർ (48) കോട്ടയം കാത്തിരപ്പള്ളി സ്വദേശി മുഹമ്മദ് നയിസ് (27), കണ്ണൂർ നിസ്സാമുദ്ദീൻ (30) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരു യലഹങ്ക പോലിസ് സ്റ്റേഷൻ പരിധിയിലെ സിൽവർ കി ഹോട്ടൽ മുറിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. 116 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ, ഇലക്ട്രോണിക് ത്രാസ്, 10 മൊബൈൽ ഫോണുകൾ, മൊബൈൽ ടാബുകൾ, കെഎൽ 18 എൽ 9783 ഐ 20 കാർ, കെഎൽ 18 എക്‌സ് 5999 നമ്പർ സ്വിഫ്റ്റ് കാർ എന്നിവയാണ് പോലീസ് പിടികൂടിയത്. കണ്ടെടുത്ത എംഡിഎംഎ ക്ക് 27 ലക്ഷത്തിലേറെ രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിൽ നിന്നുള്ള പ്രതികൾ ബംഗളൂരുവിലെത്തി വാടകയ്ക്ക് താമസിക്കുകയും നൈജീരിയയിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ ക്രിസ്റ്റൽ വാങ്ങി വിൽപന നടത്തുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
ബംഗളുരു കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ്, ബേക്കറി ബിസിനസ് എന്നിങ്ങനെയാണ് പ്രതികൾ നാട്ടിലുള്ളവരെ ധരിപ്പിച്ചിരുന്നത്. നാദാപുരം ടൗൺ, തലശ്ശേരി റോഡ്, തൂണേരി, കല്ലാച്ചി, പാറക്കടവ് മേഖലകളിൽ വിൽപന നടത്താനായി കൊണ്ട് വരാനായിരുന്നു മയക്ക് മരുന്ന് ശേഖരിച്ചത്.
drug smuggling Eight people arrested including five Nadapuram natives