നാദാപുരം: മിന്നൽചുഴലിയിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണപ്പോൾ രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന. സംസ്ഥാനപാതയിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. മരങ്ങൾ മുറിച്ചുമാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനും ദ്രുതഗതിയിലുള്ള ഇടപെടലാണ് സേന നടത്തിയത്.
സംസ്ഥാനപാതയിൽ പയന്തോങ്ങ്, കല്ലാച്ചി എന്നിവിടങ്ങളിലെ മരങ്ങളും വളയം റോഡിൽ വീണ തേക്കുമരവും മുറിച്ചുമാറ്റി. നാദാപുരം ടിഐഎം സ്കൂൾ റോഡിൽ മൃഗാശുപത്രിയിലേക്ക് കടപുഴകി വീണ മരം, മലയോര മേഖലയായ വിലങ്ങാട്ടിൽ പനോം റോഡിന് കുറുകെ വീണ മരവും വിലങ്ങാട് വാളുക്ക് ഇന്ദിരനഗറിൽ റോഡിനു കുറുകെ കെഎസ്ഇബി ലൈനിൽ വീണ മരവും മുറിച്ചുനീക്കി.



വട്ടോളി പാതിരപ്പറ്റ റോഡിൽ മാർഗതടസ്സം സൃഷ്‌ടിച്ച മരവും നരിപ്പറ്റ കല്ലാച്ചി റോഡിലും, ചേലക്കാട് പൂശാരിമുക്ക് നരിപ്പറ്റ റോഡിലും കുറുകെ ലൈനിൽ വീണ മരവും സേന മുറിച്ചുനീക്കി. കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിലൂടെ പോകുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ചെരിഞ്ഞുനിന്ന മരവും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മുറിച്ചുനീക്കി.
ശനിയാഴ്ച്ച ഉച്ചയോടെ അമ്പലകുളങ്ങര നിട്ടൂരിൽ കാനയിൽ വീണ പശുവിനെയും സേന രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ എസ് വരുണിൻറെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് സാനിജ്, ഉണ്ണികൃഷ്ണൻ, സ്വപ്നേഷ് , ദിൽരാസ്, ശികിലേഷ്, പ്രജീഷ്, ആദർശ്, ജ്യോതികുമാർ, അജേഷ്, ഷിഗിൻ, ജിഷ്ണു, ലിനി ഷ്, വൈഷ്ണവ് ജിത്ത്, അഭിനന്ദ്, സന്തോഷ് എന്നിവർ പങ്കെടുത്തു.
Nadapuram Fire Rescue Team Becomes Heroes in Devastating Cyclone