നാദാപുരം : ( nadapuram.truevisionnews.com ) വികസനത്തിലേക്ക് കുതിക്കുന്ന നാദാപുരത്തിന് തലയെടുപ്പ് നൽകുന്ന സിഗ്നേച്ചർ ഡ്രീം പദ്ധതി യാഥാർത്ഥ്യമാകുന്നു. 14 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നാദാപുരം ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോപ്ലക്സ് സ്വപ്ന പദ്ധതിക്ക് നാളെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.പി രാജേഷ് ശിലയിടും.
കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ചതിനെ തുടർന്ന് ആധുനിക സംവിധാനത്തോടെ നവീകരിക്കുന്ന നാദാപുരം ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം തിങ്കൾ വൈകീട്ട് മൂന്നുമണിക്കാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുക.



പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇ കെ വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയാകും. കെട്ടിടം പൊളിച്ചു മാറ്റണമെന്ന് 2023ൽ കോഴിക്കോട് ഗവ.എഞ്ചിനിയറിംഗ് കോളജിലെ സ്ട്രക്ചറൽ വിഭാഗം നിർദ്ദേശിച്ചതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടവും ബസ് ബെയും പണിയുന്നതിന് തീരുമാനമെടുത്തത്. നിലവിലെ കെട്ടിടം പൊളിക്കാനുള്ള സർക്കാർഅനുമതി ലഭിച്ചതിനെ തുടർന്ന് 2024 ആഗസ്ത് 28നാണ് പൊളിച്ചു നീക്കൽ തുടങ്ങിയത്.
14 കോടിരൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. പഞ്ചായത്ത് പദ്ധതിക്ക് 13.76 കോടി രൂപയുടെ സാങ്കേതികാനുമതി ഇക്കഴിഞ്ഞ മാർച്ച് 5 നാണ് ലഭിച്ചത്. 21 വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയുള്ള ബേസ്മെൻ്റ്, ബസ് ബെ, വെയിറ്റിംഗ് ഏരിയാ സാനിറ്റേഷൻ കോംപ്ലക്സ്, ലൈബ്രറി ഹാൾ, 200 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച മിനി കോൺഫറസ് ഹാൾ, കടമുറികൾ, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉയരുന്നത്.
ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ബഡ്സ് സ്കൂളിനും കക്കംവള്ളി ആരോഗ്യ ഉപ കേന്ദ്രത്തിനും 22 സെന്റ് സ്ഥലം സൗജന്യമായി നൽകിയ ഉദാരമനസ്കരായ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കെ യു ആർ ഡി എഫ് സി ചെയർമാൻ അഡ്വ. റജി സക്കറിയ, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ ജി സന്ദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ എന്നിവർ പങ്കെടുത്തു.
foundation stone for the Nadapuram bus stand cum shopping complex will be laid tomorrow