Sep 29, 2022 09:05 AM

വളയം: മഞ്ഞപ്പള്ളി ഭൂമി സർക്കാർ ഏറ്റെടുത്ത് നാടിന് പ്രയോജനകമായ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിൽ കാണും. ഇ.കെ വിജയൻ എം എൽ എ യുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെയും നേതൃത്വത്തിലാകും മുഖ്യമന്ത്രിയേയും റവന്യൂ വകുപ്പ് മന്ത്രിയേയും നേരിൽ കാണുക.

മഞ്ഞപ്പള്ളിയിലെ പൊതുസ്വത്ത് സംരക്ഷിക്കേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണെന്ന് ഇ.കെ. വിജയൻ എം.എൽ.എ.ഇന്നലെ നടന്ന ജനകീയ കൺവെൻഷനിൽ പ്രഖ്യാപിച്ചിരുന്നു. വളയം ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡിലെ മഞ്ഞപ്പള്ളി മൈതാനം ഉൾപ്പെടെയുള്ള മൂന്നര ഏക്കർ ഭൂമി സ്വന്തമാക്കാനുള്ള സ്വകാര്യവ്യക്തികളുടെ നീക്കത്തിനെതിരേ കർമസമിതി നേതൃത്വത്തിൽ നടത്തിയ ബഹുജനക്കൂട്ടായ്മ യിൽ വൻ ജനകീയ പങ്കാളിത്വമായിരുന്നു.


പൊതുസ്ഥലം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് നാടിനൊപ്പമുണ്ടാകും. ഭൂമിയുടെ രേഖ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നവർ ഇത്രയുംനാൾ എന്തുകൊണ്ട് ഭൂമി കൈവശംവെച്ചില്ലെന്നും എം.എൽ.എ. ചോദിച്ചു. റവന്യൂവകുപ്പ് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം., കോൺഗ്രസ്, ബി.ജെ.പി. ഉൾപ്പടെയുള്ള രാഷ്ട്രീയപാർട്ടികൾ കർമസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചു. നാടിന്റെ വിവിധഭാഗങ്ങളിൽനിന്ന് സ്ത്രീകളും വയോജനങ്ങളുമടക്കം ഒട്ടേറേപ്പേരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വനജ, സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു, സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.ടി. ബാലൻ, മുസ്‌ലിം ലീഗ് നേതാവ് സി.വി. കുഞ്ഞബ്ദുള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. ചന്ദ്രൻ, ബി.ജെ.പി. നേതാവ്‌ കെ.ടി. കുഞ്ഞിക്കണ്ണൻ, പി പി ദാമോദരൻ അടിയോടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങായ രജീന്ദ്രൻ കപ്പള്ളി, സി.പി. അംബുജം, നജ്മ യാസിർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വിനോദൻ, വി.പി ശശിധരൻ, നാരങ്ങോളി നസീമ, വി.കെ രവി, തുടങ്ങിയ ജനപ്രതിനിധികൾ, എ.കെ രവീന്ദ്രൻ, എം ദിവാകരൻ, സി എച്ച് ശങ്കരൻ മാസ്റ്റർ കെ.കെ സഹജൻ തുടങ്ങിയ രാഷ്ട്രീയപാർട്ടി നേതാക്കൾ, ബഹുജനങ്ങൾ, ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

സമരസമിതി കൺവീനൻ കെ.പി കുമാരൻ സ്വാഗതവും ചെയർമാൻ സുനിൽ കാവുന്തറ നന്ദിയും പറഞ്ഞു. നേരത്തേ ആയഞ്ചേരി കോവിലകത്തിന്‍റെ അധീനതയിലുണ്ടായിരുന്ന തരിശ്ശായിക്കിടക്കുന്ന മഞ്ഞപ്പള്ളിയിലെ മൂന്നര ഏക്കർ ഭൂമിയുടെ ഒരുഭാഗം നാട്ടുകാർ കളിസ്ഥലമായി ഉപയോഗിക്കുകയാണ്.

എന്നാൽ, ചില രേഖകളുമായി റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്താൽ ഭൂമി തട്ടിയെടുക്കാൻ ഒരു സംഘം പതിറ്റാണ്ടുകളായി ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

കോടികൾ മൂല്യമുള്ള മഞ്ഞപ്പള്ളിയിലെ തരിശുഭൂമി തട്ടിയെടുക്കാൻ വിവിധകോണുകളിൽനിന്ന് ശ്രമം ഉണ്ടായതിനെത്തുടർന്നാണ് കഴിഞ്ഞമാസം നാട്ടുകാർ വീണ്ടും സർവ്വകക്ഷി കർമസമിതി പുന: സംഘടിപ്പിച്ച് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞദിവസം വടകര ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ച് നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.

You will see the Chief Minister; The conservation committee will personally meet the Chief Minister to acquire Manjapalli land

Next TV

Top Stories