നാദാപുരം : ആർക്കാണ് സ്വഭാവദൂഷ്യം? ഇത് വ്യക്തമാക്കാൻ യൂത്ത് ലീഗിനേയും അർബൻ ബാങ്ക് ഭരണസമിതിയെ വെല്ലുവിളിക്കുന്നതായും കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കുന്ന യൂത്ത് ലീഗ് നേതാവിനെ ഓർത്ത് സഹതാപം മാത്രമാണെന്നും നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.കെ എം രഘുനാഥ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനവുമായി ഏറ്റവും അടുത്ത ബന്ധം വെച്ച് പുലർത്തുന്ന മുസ്ലിം ലീഗ് പാർട്ടിയുടെ നാദാപുരത്തെ ഒരു യുവജന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ അദ്ദേഹത്തെ ഓർത്ത് സഹതാപം മാത്രമേ കോൺഗ്രസിനുള്ളു എന്ന് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നാദാപുരത്തെ കോൺഗ്രസ് പാർട്ടിയെ ആർഎസ്എസ്സിനോട് ഉപമിച്ച പ്രസ്തുത നേതാവിന്റെ അടിവേരുകൾ പരിശോധിച്ചു, നടപടിയെടുത്തു ഉയർന്ന മതേതര ബോധം നിലനിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നാദാപുരം അർബൻ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ കോൺഗ്രസ് ഉയർത്തിയ ആക്ഷേപങ്ങളും സംശയങ്ങളും നിലനിൽക്കുകയാണ്.
ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന് ബികോം കോർപ്പറേഷനും എച്ച്.ഡി. സിയും വേണമെന്ന യൂത്ത് ലീഗ് നേതാവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിവരമില്ലായ്മയാണ് തെളിയിക്കുന്നത്. നിയമനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ആരോപണ വിധേയനായ ആൾ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ കത്തുമായി ലീഗ് നേതൃത്വത്തെ സമീപിക്കുകയായിരുന്നു എന്ന യൂത്ത് ലീഗ് നേതാവിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും കളവുമാണ്.
ഏതു സാഹചര്യത്തിലാണ് ആരോപണ വിധേയനായ ഉദ്യോഗാർത്ഥി ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് കത്ത് സംഘടിപ്പിച്ചത് എന്ന് വരും ദിവസങ്ങളിൽ ബോധ്യപ്പെടും. അർബൻ ബാങ്കിൽ നിന്ന് സ്വഭാവ ദോഷത്തിന് ഒരാളെ പിരിച്ചുവിട്ടു എന്ന് യൂത്ത് ലീഗ് നേതാവിന്റെ പ്രസ്താവന ഒരു പൊതുപ്രവർത്തകന് യോജിച്ച ഒന്നല്ല.
അങ്ങനെ എന്തെങ്കിലും ഉണ്ടായെന്ന് തെളിയിക്കാൻ ബാങ്ക് ഭരണസമിതിയെയും ജീവനക്കാരെയും യൂത്ത് ലീഗ് നേതാവിനെയും കോൺഗ്രസ്നേതൃത്ത്വo വെല്ലുവിളിക്കുന്നു. നല്ല ബന്ധം വച്ചുപുലർത്തുന്ന കോൺഗ്രസ് മുസ്ലിം ലീഗ് പാർട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരുടെ ലക്ഷ്യം എന്താണ് എന്ന് പൊതുസമൂഹത്തിന് ഊഹിച്ചെടുക്കാൻ പറ്റുന്നതേ ഉള്ളൂ എന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
എത്രയോ ഉന്നതമായ കാഴ്ചപ്പാട് വെച്ച് പുലർത്തുന്ന മുസ്ലിം ലീഗ് നേതാക്കന്മാരുള്ള നാദാപുരത്ത് ഇത്തരം ചില ആളുകളുടെ ജൽപ്പനങ്ങൾ നേതൃത്വo ഗൗരവമായി കാണണമെന്നും അത്തരം ആളുകളുടെ മനോനില മാറ്റാൻ കഴിയില്ലെങ്കിലും പൊതുസമൂഹത്തിന് മുൻപിലുള്ള പോയ്മുഖം മാറ്റാൻ നേതൃത്വം തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
നാദാപുരം അർബൻ ബാങ്ക് നിയമന കാര്യത്തിൽ കോൺഗ്രസ് ഉയർത്തിയ നിലപാട് സുവ്യക്ത മാണെന്നും വരും കാലഘട്ടത്തിൽ ലീഗ് നേതൃത്വത്തിന് കാര്യങ്ങൾ ബോധ്യമാകും എന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
ആ പരിപ്പ് നാദാപുരത്ത് വേവില്ല; കോൺഗ്രസ് രാത്രിയിലല്ല പകലും ആർ എസ് എസ്സാണെന്ന് യൂത്ത് ലീഗ് സെക്രട്ടറി
നാദാപുരം : യൂത്ത് ലീഗിൽ ഭിന്നതയുണ്ടാക്കി വെള്ളത്തിൽ മീൻ പിടിക്കാനുള്ള കോൺഗ്രസിലെ ചിലരുടെ നീക്കം നാദാപുരത്ത് നടക്കിലെന്നും രാത്രിയിലല്ല പകലും ആർ എസ് എസ്സാണെന്ന് നാദാപുരത്തെ കോൺഗ്രസ്റ്റുകാർ തെളിയിച്ചെന്ന് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഇ. ഹാരിസ് തുറന്നടിച്ചു.
ഹാരിസിൻ്റെ കുറിപ്പ് ഇങ്ങനെ അർബൻ ബാങ്കിൽ സെക്യൂരിറ്റി പോസ്റ്റിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ബി കോം കോ ഓപ്പറേഷൻ എച്ച് ഡിസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉണ്ടോ എന്നുള്ള അന്വേഷണത്തിനൊടുവിൽ ചേലക്കാടുള്ള ഒരു യൂത്ത് ലീഗ് പ്രവർത്തകൻ സന്നദ്ധമായി വരികയും അദ്ദേഹത്തെ നിയമിക്കുന്നതിന് മണ്ഡലം യൂത്ത് ലീഗ് കത്ത് ' നൽകുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ട് പോകുമ്പോൾ നിയമനത്തിന് തൊട്ട് മുമ്പ് ഉദ്യോഗാർത്ഥി പിന്മാറുകയുണ്ടായി. ശേഷം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വർക്കിംഗ് കമ്മിറ്റിയിൽ ഇങ്ങനെ ഒരു പോസ്റ്റ് ഒഴിവുണ്ടെന്നും യോഗ്യതയുള്ളവർ ഉണ്ടെങ്കിൽ നിയമനം നടത്താമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്,സെക്രട്ടറിമാരോട് നേരിട്ട് അന്വേഷണം നടത്തി യോഗ്യതയുള്ളവരെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പല പ്രദേശങ്ങളിൽ നിന്നുള്ള യൂത്ത് ലീഗുകാർ വിളിച്ചു കാര്യങ്ങൾ തിരക്കുകയല്ലാതെ ആരും താല്പര്യം കാണിച്ചില്ല.
മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ വിഷയം അവതരിപ്പിച്ചപ്പോൾ നാദാപുരത്തെ പരിസ പഞ്ചായത്തുകളിൽ യോഗ്യതയുള്ളവർ ഉണ്ടെങ്കിൽ നിയമിക്കാമെന്നും അടിയന്തിരമായി അന്വേഷണം നടത്തി ഉദ്യോഗാർഥിയെ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടും ആരും താല്പര്യം കാണിച്ചില്ല. ശേഷം പത്ര പരസ്യം നൽകി അന്വേഷണം നടത്തിയിട്ടും യോഗ്യതയുള്ള ഒരു പാർട്ടിക്കാരനും തയ്യാറായി വന്നില്ല.
ലീഗിൽ ആളില്ലെങ്കിൽ നിയമനം കോൺഗ്രസിന് നൽകാമെന്ന ധാരണയിൽ ചോറോട് പഞ്ചായത്തിലുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ താല്പര്യം കാണിക്കുകയും ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കത്തുമായി ലീഗ് നേതൃത്വത്തെ സമീപിക്കുകയും ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നേരിട്ട് അന്വേഷിക്കുകയും ഉദ്യോഗാർത്ഥിയുടെ പ്രദേശത്തുകാരനായ എം എസ് എഫ് ജില്ലാ പ്രസിഡന്റും,ചോറോട് ശാഖ മുസ്ലിം ലീഗും ഇദ്ദേഹം പാരമ്പര്യ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നും,സജീവ കോൺഗ്രസ് പ്രവർത്തകൻ ആണെന്നും സാക്ഷ്യപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടിയുമായി മുന്നോട്ട് നീങ്ങിയത്. ഉദ്യോഗാർത്ഥി താമസിക്കുന്ന പ്രദേശത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അദ്ദേഹം കോൺഗ്രസ് ആണെന്ന് പറയുമ്പോൾ നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബിജെപി ആണെന്ന് പറയുന്നതിലെ ലോജിക് എന്തെന്ന് മനസ്സിലാകുന്നില്ല.
ചുരുക്കത്തിൽ നാദാപുരം മണ്ഡലം കമ്മിറ്റിക്ക് താല്പര്യമുള്ള മുമ്പ് ഇതേ ബാങ്കിൽ ജോലി ചെയ്‌ത സ്വഭാവ ദൂഷ്യത്തിന് പിരിച്ചു വിട്ട വ്യക്തിയെ നിയമിക്കാത്തതിലുള്ള പക പോക്കലാണ് കോൺഗ്രസ് പ്രവർത്തകനെ ബിജെപിയാക്കി ലീഗുകാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി കുളം കലക്കാനുള്ള തന്ത്രം.
കാലങ്ങളായി പകൽ കോൺഗ്രസും രാത്രി ആർ എസ് എസ്റ്റു മായി പ്രവർത്തിക്കുന്ന ചുരുക്കം ചിലരുള്ള ഈ നാട്ടിൽ ഇതെല്ല ഇതിലപ്പുറവും വരുമെന്ന് ഞങ്ങൾ മുമ്പേ പ്രതീക്ഷിച്ചതാണ്.
പത്രങ്ങളിൽ അടിസ്ഥാന രഹിതമായ വാർത്ത നൽകി ലീഗിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തി സ്വന്തക്കാരെ തിരുകി കയറ്റാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ തൽക്കാലം ആ പരിപ്പ് നാദാപുരത്ത് വേവില്ല. ഇവിടെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് കരിഷ്മാറ്റിക് ലീഡർഷിപ്പും ദീർഘ വീക്ഷണമുള്ള അണികളുമുണ്ട്. വാൽ; കോൺഗ്രസുകാർ രാത്രി RSS ആണെന്ന് പലരും ആരോപിക്കുന്നു. ഞങ്ങൾ രാത്രിയിലല്ല പകലും RSS ആണെന്ന് നാദാപുരം മണ്ഡലം കോൺഗ്രസ് പ്രഖ്യാപിക്കുന്നു.
Who has bad temper? Look at the roots of the youth league leader - Adv. KM Raghunath