എടച്ചേരി: അടിമുടി ഹരിത രാഷട്രീയത്തിൻ്റെ ഹൃദയത്തുടിപ്പായിരുന്ന പണാറത്ത് കുഞ്ഞിമുഹമ്മദിൻ്റെ വേർപാടിൽ നാടിന് നഷ്ടമായത് അക്ഷരാർത്ഥത്തിൽ പച്ചയായ മനുഷ്യൻ. സൗമ്യനും മിതഭാഷിണിയുമായ പണാറത്ത് നാടിൻ്റെ സമാധാന പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്നു .

ആറര പതിറ്റാണ്ടിലധികം കാലത്തെ സമർപ്പിത രാഷട്രീയ ജീവിതത്തിന് തിരശ്ശീല വീണതോടെ എടച്ചേരിയെന്ന ഗ്രാമം വളർത്തിയ സമുന്നത രാഷട്രീയ നേതൃത്വത്തിൻ്റെ അവസാന കണ്ണിയും ഇനി ഓർമ്മകളിൽ ഊർജ്ജമാകും.
കമ്യൂണിസ്റ്റ് പാർടിക്ക് എ കണാരനെയും ഇവി കുമാരനെയും ഇവി കൃഷ്ണനെയും കെ ബാലൻ മാസ്റ്ററെയും സംഭാവന ചെയ്ത എടച്ചേരിയുടെ ചുവന്ന മണ്ണിൽ സൗഹൃദത്തിലൂടെ സ്നേഹവഴിയിലൂടെ ഹരിത രാഷട്രീയത്തിന് വിത്ത് പാകിയ സൗമ്യ പോരാളി അതായിരുന്നു കുഞ്ഞിമുഹമ്മതെന്ന നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പണാറത്ത്. പ്രായം തളർത്താത്ത നായകനായിരുന്നു അദ്ദേഹം .വാണിമേലും വളയവും നാദാപുരവും ചെക്യാടും ഒടുവിൽ വെള്ളൂരും സംഘർഷ ഭൂമിയായപ്പോൾ സമാധാനത്തിൻ്റെ ദൂതനായിരുന്നു ഈ കാരണവർ.
The pure soule; Panarat is literally a pure hero