Featured

ഇരുപതാം വർഷത്തിലേക്ക്; ഹമീദ് മാസ്റ്റർ ഇനി ഫസ്റ്റ് ഓഫീസർ

Nadapuram Special |
Feb 26, 2023 10:16 AM

പേരോട്: പേരോട് സ്കൂളിലെ എൻസിസി കാഡറ്റുകൾക്കിത് അഭിമാനം നിമിഷം. സ്കൂളിലെ എൻ സി സി ഓഫീസർ സി. അബ്ദുൽഹമീദ് മാസ്റ്റർ ഇനിമുതൽ ഫസ്റ്റ് ഓഫീസർ. 'കുട്ടികളിൽ അച്ചടക്കവും ദേശീയ ബോധവും വളർത്തുക' എന്ന ലക്ഷ്യത്തോടെ കൂടി 2005 ലായിരുന്നു പേരോട് എം.ഐ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി.സി ആരംഭിച്ചത്. അന്നുമുതൽ തന്നെ സ്കൂളിലെ എൻ സി സി ഓഫീസറായി ഹമീദ് മാസ്റ്ററും ചുമതലയേറ്റു. 2006 ൽ കമ്മീഷൻ ഓഫീസർ ആയി പ്രമോഷൻ ലഭിക്കുകയുണ്ടായി.

ദശ ദിന ക്യാമ്പ്, ആർ ഡി ക്യാമ്പ്, അത്തരത്തിലുള്ള നിരവധി ക്യാമ്പുകൾക്ക് നേതൃത്വം നൽകുവാനും പങ്കെടുക്കുവാനും സാധിച്ചു. 2016ൽ നടന്ന ട്രെയിനിങ് ക്യാമ്പിൽ വെച്ച് സെക്കൻഡ് ഓഫീസറായി. കൂടാതെ ഒഴിവ് ദിനങ്ങളിൽ ബറ്റാലിയന്റെ നേതൃത്വത്തിൽ പേരോട് സ്കൂൾ വിദ്യാർത്ഥികൾക്ക് ട്രെയിനിങ്ങും നൽകിവരുന്നു. പേരോട് സ്കൂളിലെ എൻ.സി.സി കാഡറ്റുകൾക്കും, 2005 മുതൽ 2023 വരെയുള്ള കാലയളവിലുള്ള എല്ലാ എൻ.സി.സി. കാഡറ്റുകൾക്കും അഭിമാന നിമിഷമായിരിക്കുകയാണ് ഇന്ന്.

നാഗ്പൂരിലെ ട്രെയിനിങ് ക്യാമ്പിൽ നിന്ന് ഫസ്റ്റ് ഓഫീസർ ആയി ഹമീദ് മാസ്റ്റർക്ക് പ്രമോഷൻ ലഭിച്ചിരിക്കുന്നു. പേരോട് സ്കൂളിൽ എൻ.സി.സി തുടങ്ങിയത് 2005 ലാണ്. പതിനെട്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ സന്ദർഭത്തിൽ എൻ സി സി ഓഫീസറായി ചുമതലയേറ്റ ഹമീദ് മാസ്റ്റർ എൻ.സി.സിയുടെ ഏറ്റവും പ്രധാനപ്പെട്ട പദവിയിലൊന്നായ ഫസ്റ്റ് ഓഫീസർ എന്ന നിലയിൽ എത്തിയിരിക്കുകയാണ്.

കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി സ്വന്തം രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുവാൻ നിയോഗിക്കപ്പെട്ടവരാണ് ഓരോ എൻ.സി.സി. കേഡറ്റുകളും.ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 'ജൂനിയർ ഡിവിഷൻ' എന്നാണ് പേര് നൽകിയിരിക്കുന്നത് . ഹൈസ്കൂൾ കാലയളവിൽ രണ്ട് ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കുകയും 'ബി' സർട്ടിഫിക്കറ്റ് പരീക്ഷ എഴുതിയവർക്കും തുടർ പഠനത്തിന്, ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ ലഭിക്കും. ഇത് എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വളരെ സഹായകരമാണ്.

ഇന്ത്യൻ ആർമിയിലേക്ക് പ്രത്യേക റിസർവേഷനും ഇതുവഴി ലഭിക്കുന്നു. ക്യാമ്പുകളിൽ നിരവധി പരിശീലങ്ങളാണ് വിദ്യാർത്ഥികൾ ചെയ്തുവരുന്നത്. ഫയറിങ് പരിശീലനം, ട്രക്ക് ക്യാമ്പിംഗ്, ക്യാമ്പുകൾ പങ്കെടുക്കുക വഴി കുട്ടികളിൽ അച്ചടക്കവും, പൗരബോധവും വളർത്തുന്നു. ഇക്കാര്യത്തിൽ തുടക്കം മുതൽ പേരോട് സ്കൂളിലെ എൻസിസി ഓഫീസറായ സി. അബ്ദുൽ ഹമീദ് മാസ്റ്ററിന് അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. '31 കേരള ബറ്റാലിയൻ' കണ്ണൂരിന്റെ നേതൃത്വത്തിലാണ് പേരോട് എം.ഐ.എം സ്കൂളിൽ എൻ സി സി പ്രവർത്തിക്കുന്നത്. 

കൂടാതെ, കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.സി.സി എയർവിങ്ങും ഇതോടൊപ്പം പ്രവർത്തിക്കുന്നു. എൻ സി സി യുടെ ആർമി വിങ്ങും, എയർവിങ്ങും പ്രവർത്തിക്കുന്ന മേഖലയിലെ പ്രമുഖ സ്കൂളാണെന്നുള്ള പ്രത്യേകതയും പേരോട് സ്കൂളിനുണ്ട്. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിൽ 2001ലാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. മലയാള മനോരമ 'നല്ല പാഠം' ജില്ലാതല ബെസ്റ്റ് അധ്യാപക കോ-ഓർഡിനേറ്റർ അവാർഡ് നേടിയിട്ടുണ്ട്. പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള മാസ്റ്റർ (തലശ്ശേരി മുബാറക് സ്കൂൾ അധ്യാപകൻ).

മാതാവ്: ചേർന്നലോട്ട് അയിഷു. ഭാര്യ:ഷാഹിദ. ദിൽ ഫാത്തിമ, ദിൽഷാന ഫാത്തിമ, ശാദിൽ മുഹമ്മദ്, ഫാദിൽ മുഹമ്മദ് എന്നിവർ മക്കളാണ്.സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, സൗദ, നസീമ, സമീറ. പേരോട് പ്രദേശത്തുതന്നെ ആദ്യമായിട്ടാണ് എൻസിസി ഫസ്റ്റ് ഓഫീസർ എന്ന പദവിയിൽ ഒരു അധ്യാപകൻ എത്തുന്നത്. ഈ വലിയ നേട്ടത്തിൽ അഭിമാനിക്കുകയാണ് പേരോട് നിവാസികൾ. കൂടാതെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് അംഗീകാരം ലഭിച്ചതിൽ വിദ്യാർത്ഥികളും ഏറെ സന്തുഷ്ടരാണ്. ഇതിൽ അഭിമാനിക്കുകയാണ്, മാസ്റ്ററുടെ കുടുംബവും, പേരോട് സ്കൂൾ സഹ അധ്യാപകരും.

to the twentieth year; Hamid Master is now the first officer

Next TV

Top Stories