കാലം മറക്കാത്ത, ഭൂമി ചുമക്കുന്ന ഓർമ്മ; വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

 കാലം മറക്കാത്ത, ഭൂമി ചുമക്കുന്ന ഓർമ്മ; വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്
Jul 30, 2025 10:40 AM | By Anjali M T

നിശബ്ദത തോളിലേറ്റിയ ഒരു ഗ്രാമം. കരച്ചിലുകളും കേവലമായ ഓര്‍മ്മകളും മാത്രം ബാക്കിയാക്കി ഒരു വർഷം പിന്നിടുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ദുരന്തം വിഴുങ്ങിക്കഴിഞ്ഞ അത്രയധികം മനുഷ്യജീവിതോപാധികൾ, പൂർണമായും ഭാഗികമായും നശിച്ചുപോയ വീട്, ഇവയെല്ലാം മനസ്സിന്റെ പാറക്കെട്ടിൽ പതിച്ചുനിർത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമം. വീണ്ടും ഋതുക്കൾ മാറി വന്നു. വേനലും മഴയും വന്നു. പക്ഷെ വിലങ്ങാട് ജനതയ്ക്ക് ഇനിയും അന്നത്തെ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മോചിതരാകാൻ പറ്റിയിട്ടില്ല എന്നത് വാസ്തവം.


ജൂലൈ 30. പുലർച്ചെ പത്തോളം ഇടങ്ങളിലായി ഉരുൾപ്പൊട്ടി. വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. പെട്ടന്ന് തന്നെ ഉരുൾ വിലങ്ങാട് പ്രദേശത്തെ മണ്ണും ചളിയും വെള്ളവും കൊണ്ട് മൂടി. ദൈവത്തിന്റെ കാരുണ്യം കൊണ്ടാണോ എന്ന് അറിയില്ല. ഒരു മനുഷ്യജീവൻ മാത്രമേ പൊലിഞ്ഞുള്ളൂ. പക്ഷെ ആ ഒരു ജീവൻ.. അതും അത്രയേറെ വിലപ്പെട്ടതായിരുന്നു. കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു ആയിരുന്നു മരിച്ചത്. നാട്ടുകാർ ഉടനടി രക്ഷാപ്രവർത്തനത്തിന് എത്തി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു മാഷ്. . പൊടുന്നനെയാണ് മഞ്ഞച്ചീളി അങ്കണവാടിക്കടുത്തെ കുന്ന് ഇടിയുന്നത് കണ്ടത്. ഉടൻ മാഷ് മറുവശത്തെ കടയുടെ ഭാഗത്തേക്ക് ഓടി. കടയുടെ ഭാഗത്തായിരുന്നു ഉരുൾപൊട്ടി വെള്ളം കുതിച്ചെത്തിയത്. ഇവിടെ ഒറ്റപ്പെട്ടു പോയ മത്തായി മാഷെ രക്ഷിക്കാൻ തൊട്ടടുത്തെ വീട്ടിൽ നിന്ന് കയറുമായി സിൻസ് മാഷ് എത്തുമ്പോഴേക്കും മാത്യു മാഷെ ഉരുൾ വിഴുങ്ങി.


വയനാട്ടിലെ ദുരന്തത്തിന്റെ അലയൊലികൾക്കിടയിൽ മറന്നുപോയൊരു കാര്യമുണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരം താലൂക്കിലെ ഈ പ്രദേശം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഉരുൾപൊട്ടലിൽ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. 2019-ലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും അയൽവാസിയും ഉൾപ്പടെ നാലുപേരും 2024 ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിൽ ഒരാളുമാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കകം തന്നെ ഏകദേശം നൂറിൽ കൂടുതൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്‌ത പ്രദേശമാണ് വിലങ്ങാട്.


2024 ജൂലൈ 30-ന് ഒറ്റരാത്രികൊണ്ട് ജീവിതസമ്പാദ്യം നഷ്ടമായത് 14 കുടുംബങ്ങൾക്കാണ്. ഇവരുടെ വീടുകൾ പൂർണമായും തകർന്നു. 112-ഓളം വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. വീട് പൂർണമായും തകർന്നവർക്ക് 15 ലക്ഷം രൂപ കണക്കിൽ ഓരോ കുടുംബത്തിനും നൽകി. ഏകദേശം നാലര കോടിയോളം രൂപ പുനരധിവാസത്തിനായി വിനിയോഗിച്ചു. 50-ഓളം പേരെ പുനരധിവസിപ്പിക്കാൻ സർക്കാരിന് സാധിച്ചു. ഉരുൾപ്പൊട്ടലിലുണ്ടായ കല്ലും മണ്ണും ചെളിയും ചെന്ന് അടിഞ്ഞത് വിലങ്ങാട് പുഴയിൽ ആണ്. പുഴയുടെ ഒഴുക്കിനെ ഇത് സാരമായി ബാധിച്ചിരുന്നു. പുഴയുടെ സ്വാഭാവികത വീണ്ടെടുക്കാൻ രണ്ടരക്കോടിയിലധികം രൂപ ചിലവഴിക്കുകയും ചെയ്തു. പക്ഷെ അതിനപ്പുറത്തേക്ക് ഏറ്റവും ആവശ്യം ഭൂമിയാണ്.

പ്രകൃതിദുരന്തങ്ങളോട് പൂർണ്ണമായും മനുഷ്യൻ അടിമപ്പെട്ടിരിക്കണമെന്നോ അതിന് മുന്നറിയിപ്പില്ലായ്മയെന്നോ പറയാനാവില്ല. പ്രകൃതിയുടെ സ്വഭാവം മനസ്സിലാക്കാതെ നടത്തിയ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് ഇത്തരം ദുരന്തത്തിന് പിന്നിൽ പ്രധാന കാരണം എന്ന് വിദഗ്ധങ്ങൾ വ്യക്തമാക്കുന്നു.


വിലങ്ങാട് ഗ്രാമം പഴയകാലങ്ങളിൽ കൃഷിക്ക് വേണ്ടി പരസ്യമായി ഉപയോഗിച്ചിരുന്ന ഒരു സ്ഥലമായിരുന്നു. പാകാവസ്ഥയിൽ കൃഷിയ്ക്ക് അനുയോജ്യമായ പച്ചമണ്ണ്, മഴയിലും വെള്ളം കുടുങ്ങാതെ ഒഴുകിപ്പോകുന്ന ചെറുകുളങ്ങളും അതിനോട് ചേർന്ന മലകൾ എന്നിവയായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ കൃഷി ഉപേക്ഷിച്ച് വീടുകൾ നിർമിക്കാൻ ആളുകൾ തുടങ്ങുകയായിരുന്നു.

ഇതിന്റെ ഫലമായി മലകൾ താങ്ങിയ നിലയിലായിരുന്നു ഭൂഭാഗം. മഴയ്ക്ക് ഒത്തിരി സാധ്യതയുള്ള ഈ പ്രദേശത്ത് അടിയന്തരമായ ജാഗ്രതയും നിയന്ത്രണങ്ങളുമില്ലാതെ വീടുകൾ പണിതത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയായിരുന്നു. പ്രദേശത്ത് കല്ല് പൊട്ടിച്ചെടുത്ത് മണ്ണ് മാറ്റിയും ചെങ്കുത്തായ കുന്നിൻ ചാരിത്തടങ്ങളിൽ വീടുകൾ പണിഞ്ഞതുമൊക്കെ ഇത്തരം ദുരന്തങ്ങൾക്ക് കാരണമാണെന്ന് പറയാം.

ഒരു പ്രത്യേക ശ്രദ്ധയും മാനദണ്ഡവുമില്ലാതെ വീടുകൾ പണിയുമ്പോൾ അതിന്റെ ആഘാതം പ്രകൃതിയോടൊപ്പം അടുത്തുള്ള കുടുംബങ്ങളുടെ ജീവനും ഭവനങ്ങളും നഷ്ടപ്പെടുന്നതാണ്. നിലവിൽ കാലാവസ്ഥാ വ്യതിയാനം കൂടി വലിയ വെല്ലുവിളിയായി മാറിയപ്പോൾ ഇത്തരത്തിലുള്ള അനധികൃത നിർമാണങ്ങൾക്കു മാത്രമല്ല, അതിനെ സഹായിച്ച നിരീക്ഷണവ്യവസ്ഥയ്ക്കും വലിയ ഉത്തരവാദിത്തമുണ്ട്.

നിലവിൽ കോഴിക്കോട് ഭൗമ ശാസ്ത്ര വിഭാഗം നടത്തിയ ഡ്രോൺ പഠനങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെങ്കുത്തായ മലകളും, കൃഷിക്ക് മാത്രം അനുയോജ്യമായ ചതുപ്പ് നിലങ്ങളുമാണ് വിലങ്ങാട് ഉള്ളത്. അവിടെ കെട്ടിട നിർമാണങ്ങളും ക്വറികൾ പ്രവർത്തിപ്പിക്കാനോ പാടില്ല എന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഈ റിപോർട്ടുകൾ പുറത്തു വന്നിട്ടില്ലായെന്നത് മറ്റൊരു വാസ്തവം.


പ്രകൃതിയെ ചൂഷണം ചെയ്യാതെ നിലവിൽ അവിടെയുള്ള ജനങ്ങൾക്ക് വേറെ സ്ഥലത്ത് വീടുകൾ നൽകി പുനരധിവസിപ്പിക്കുന്ന ഭൃഹത് പദ്ധതിയാണ് വിലങ്ങാടിന് ആവശ്യം. വിലങ്ങാടിന് വേണ്ടത് ഒരു പുനർചിന്തയാണ്. അവിടെ രാഷ്ട്രീയവൽക്കരിക്കാനോ അവസരം മുതലെടുക്കുകയോ അല്ല ചെയ്യേണ്ടത്. ശാസ്ത്രീയ പഠനം നടത്തി പ്രദേശവാസികളോട് ചർച്ച ചെയ്ത് ഏറ്റവും അനുസൃതമായ തീരുമാനങ്ങൾ എടുക്കണം.

ഇനി എന്ത് ചെയ്യാം എന്നതാണ് പ്രധാന ചിന്ത. ദുരന്തം നടന്നതിന് ശേഷം സഹായം എത്തുന്നത് ഒഴിച്ച്, ഇനിയും നാം ശാസ്ത്രീയവും ദൂരദർശിതയുള്ളതുമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ ഇങ്ങനെ മാത്രം ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും. പ്രാദേശികവും സംസ്ഥാന തലത്തിലും ശക്തമായ ഭൂനയങ്ങൾ തയ്യാറാക്കണം. അതോടെ മാത്രമേ പ്രകൃതിയും മനുഷ്യനും തമ്മിൽ തർക്കം ഒഴിവാക്കി ശാന്തിയും നിലനിൽപും ഉറപ്പാക്കാനാകൂ.


ഇന്ന്, ഒരു വർഷം കഴിയുമ്പോഴും, ചുരുക്കിയാൽ ചെറുവാക്കുകൾ കൊണ്ട് പറയാനാകില്ല ആ വേദനയുടെ ഗൗരവം. വിലങ്ങാടിന് ഇന്ന് പുതിയ റോഡുണ്ട്, ചെറുതാണെങ്കിലും വീടുകൾ പുനർനിർമ്മിച്ചിട്ടുണ്ട്. അതൊക്കെ കുറച്ചുപേരെ സംതൃപ്തരാക്കുന്ന കണക്കുകൾ മാത്രം. പക്ഷേ ആ ഗ്രാമത്തിന്‍റെ നെഞ്ചത്ത് ഇപ്പോഴും മറക്കാനാകാത്ത മുറിവ് ഉണ്ട്.മഴ പെയ്യുമ്പോൾ ഇന്നും ഭീതിയാണ് ആ ജനതയ്ക്ക്. ഒന്നാമത്തെ തവണയായിരുന്നില്ല ഉരുൾപൊട്ടുന്നത്. ഇനിയും മലയിടിയുമോ? എന്നാണ് ഓരോ ദിനവും മനസിന്റ അകത്തളങ്ങളിൽ നിന്നുയരുന്ന ചോദ്യം..

വിപത്തുകള്‍ സ്വാഭാവികമാകാം, പക്ഷേ അവ ജനിച്ചുവളരുന്നത് മനുഷ്യന്റെ അനാസ്ഥയിലൂടെയാണെന്ന് വിലങ്ങാട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മലയുടെ ഒറ്റ വശത്ത് അനധികൃതമായി കെട്ടിപ്പടുത്ത കെട്ടിടങ്ങള്‍, മണ്ണ് വെട്ടി എടുത്ത കച്ചവടം, മുന്നറിയിപ്പുകള്‍ അവഗണിച്ച ഭൂമാഫിയകൾ ഇവ ഒന്നുമല്ലാതെ ജീവന്‍ നഷ്ടമായത് ആ ഗ്രാമവാസികള്‍ക്ക് മാത്രം.

കാറ്റുപോലെ വന്നു പോയ ഉദ്യോഗസ്ഥരുടെ 'താത്കാലിക താത്പര്യങ്ങൾ' മാത്രമല്ല, 'നമ്മുടെ മൗനവും' മരിച്ചവരെ വീണ്ടും കൊലപ്പെടുത്തുകയാണ്. ഒരു വർഷം കഴിഞ്ഞിട്ടും പുനരധിവാസം പൂർണമായി പൂർത്തിയാക്കിയിട്ടില്ല. നഷ്ടപരിഹാരവും അർദ്ധത്തിൽ. സാമൂഹിക മാധ്യമങ്ങളിലെ ഹാഷ്ടാഗുകളും പുതിയ ദുരന്തങ്ങളിലേക്ക് ഒഴുകിപ്പോയി. പക്ഷേ വിലങ്ങാട് ഇന്ന് ചോദിക്കുന്നു:'"നാം എത്രത്തോളം മനുഷ്യരായിരിക്കുന്നു?'


ഓരോ മഴക്കാലവും വീണ്ടും വീണ്ടും വിലങ്ങാട് ഗ്രാമം, ഉരുൾ കീറിമുറിച്ച തന്റെ ഹൃദയ വാതിൽ തുറക്കുമ്പോൾ, മറ്റൊരിടം കാത്തിരിക്കുകയാണ് ഭയത്തോടെ, മറ്റൊരു ഉരുള്‍പൊട്ടല്‍ ഉണ്ടാകുമോ എന്നോർത്ത്. ഇനി നമ്മൾ എഴുതേണ്ടത് നവനിർമ്മാണ കഥയല്ല, ജാഗ്രതയുടെ സത്യം ആയിരിക്കണം.

ഓരോ ദുരന്തത്തിനും പിന്നാലെ, നമ്മൾ കടന്നുപോകുന്ന വീതി കുറവുള്ള ഈ ഓർമ വഴികൾ നമ്മെ എവിടെ എത്തിക്കും? വിലങ്ങാട് പോലുള്ള ദുരന്തഭൂമികൾ നമ്മോട് ചോദിക്കുന്നു, 'മരണങ്ങള്‍ കണക്കാക്കുന്ന ഈ സമൂഹത്തിന് മനുഷ്യര്‍ക്ക് വിലയുണ്ടോ?'

വിലങ്ങാട്‌ ഒരു പേരു മാത്രമല്ല. ഇത് മനുഷ്യന്റെ മറവിയുടെ മറവിലായൊരു കരയാണ്. ദുരന്തത്തിന്റെ കര. ഇനിയൊരു ദുരന്തം വരും മുമ്പ്, ആ കരച്ചിലിന് ചെവിക്കൊടുക്കൂ. മറ്റൊരു ഗ്രാമം ചിതറിയതിനുശേഷമല്ല, അതിന് മുമ്പായി ഉണരൂ. ഇനിയൊരു വിലങ്ങടോ, മുണ്ടക്കൈ- ചൂരൽമല ദുരന്തമോ ഇല്ലാതിരിക്കട്ടെ എന്ന ശുഭപ്രതീക്ഷ മാത്രം.

വിറങ്ങലിച്ച് നിന്ന വിലങ്ങാടിനായി ദുരന്തത്തിന് ശേഷം സർക്കാർ ഇപ്പോഴും അവരെ ചേർത്ത് പിടിച്ചു. നല്ല നാളേക്കായി സർക്കാർ ചെലവഴിച്ച കണക്കിതാ....

1. 31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം 4 കോടി 65 ലക്ഷം രൂപ.

2,451 കുടുംബ ങ്ങൾക്ക്‌ 10000രൂപ വീതം 45 ലക്ഷത്തി 10000 രൂപ.

3 ,നാലു വാർഡുകളിൽ സൗജന്യറേഷൻ നൽകിവരുന്നു .

4 ,കൃഷി നാശം 12.5 ലക്ഷം രൂപ

5,കാർഷിക ഉപകരണങ്ങൾ നഷ്ടപ്പെട്ട 31 കർഷകർക്ക്18,000 രൂപ വീതം രണ്ടുമാസം 11 ലക്ഷം രൂപ .

6,ടൗൺ പാലം താൽക്കാലികമായി ഗതാഗതയോഗ്യമാക്കി. 7,ലോണുകൾക്ക് ബാങ്ക് മൊറോട്ടോറിയം. 8,ദുരിതബാധിതർക്ക് 92കുടുംബങ്ങൾക്ക്

മാസം 6000 രൂപ വീതം വീട്ടുവാടക 5. 52 ലക്ഷം രൂപ ,നിലവിൽ വീട്ടു വാടകകിട്ടിക്കൊണ്ടിരിക്കുന്നു. 9,ദുരിതബാധിതർക്ക് 11 കുടുംബങ്ങളിൽ ഒരാൾക്ക് ദിവസം 300 രൂപ വീതം മൂന്നുമാസം നൽകി.

10,ക്ഷീര സംരക്ഷണ മേഖലയിൽ കർഷകർക്ക് ധനസഹായം നൽകി. 11,മൃഗസംരക്ഷണ വകുപ്പ് സഹായം നൽകി .

12,മുച്ചകയം പാലം സന്തോഷ് എംപിയുടെ , ഫണ്ട് 50 ലക്ഷം രൂപ. 13,പുഴയിലെ മാലിന്യം നീക്കം രണ്ടുകോടി 45 ലക്ഷം രൂപ ,വീണ്ടും അനുവദിച്ചത് 6 കോടി 14,കോഴിക്കോട് ജില്ലാ പഞ്ചായത്ത് 10 വീട്

15തൂണേരി ബ്ലോക്ക് പഞ്ചായത്ത് 5 വീട്

16,മരണമടഞ്ഞ മാത്യു മാഷക്ക് 6 ലക്ഷം രൂപ

(1) ദുരന്തത്തിൽ മരണപ്പെട്ട മാത്യം മാഷിൻ്റെ കുടുംബത്തിന് ധനസഹായം

(2)31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം 4 കോടി 65 ലക്ഷം രൂപ.

( 3) പുഴകളിലെയും , തോടുകളിലെയും കല്ലും മണ്ണും നീക്കം ചെയ്യാൻ 2.5 കോടി ചെലവഴിച്ചു. തുടർ പ്രവൃത്തിക്ക് 6 കോടി രൂപ കൂടി അനുവദിച്ചു.

(4) 421 കുടുംബ ങ്ങൾക്ക്‌ 10000രൂപ വീതം 42 ലക്ഷത്തി 10000 രൂപ.

(5),നാലു വാർഡുകളിൽ സൗജന്യറേഷൻ

(6),കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒന്നാം ഘട്ടം 12.5 ലക്ഷം രൂപ

(7),കാർഷിക ഉപകരണങ്ങൾ നഷ്ടപ്പെട്ട 31 കർഷകർക്ക്18,000 രൂപ വീതം രണ്ടുമാസം 11 ലക്ഷം രൂപ .

( 8 ) ടൗൺ പാലം താൽക്കാലികമായി ഗതാഗതയോഗ്യമാക്കി.

(9) ലോണുകൾക്ക് ബാങ്ക് മൊറോട്ടോറിയം.

10) ദുരിതബാധിതർക്ക് 92കുടുംബങ്ങൾക്ക്

മാസം 6000 രൂപ വീതം വീട്ടുവാടക 52 ലക്ഷം രൂപ ,നിലവിൽ വീട്ടു വാടകകിട്ടിക്കൊണ്ടിരിക്കുന്നു. (11)ദുരിതബാധിതർക്ക് 11 കുടുംബങ്ങളിൽ ഒരാൾക്ക് ദിവസം 300 രൂപ വീതം മൂന്നുമാസം നൽകി.

(12) ക്ഷീര സംരക്ഷണ മേഖലയിൽ കർഷകർക്ക് ധനസഹായം നൽകി. (13) ,മൃഗസംരക്ഷണ വകുപ്പ് സഹായം നൽകി .

( 14 ) മുച്ചകയം പാലം സന്തോഷ് എംപിയുടെ , ഫണ്ട് 50 ലക്ഷം രൂപ. നടപടികൾ പുരോഗമിക്കുന്നു

(15)' ജില്ലാ പഞ്ചായത്ത് 10 വീട്

(16)തൂണേരി ബ്ലോക്ക് പഞ്ചായത്ത് 1 കോടി രൂപ പുറമേ 5 വീട്

17) വൈദ്യുതി ബിൽ ഇളവ് 91 പേർക്ക്

(18) ഉരുട്ടിപ്പാലം അപ്രോച്ച് റോഡ്, വിലങ്ങാട് പള്ളിയുടെ മുൻഭാഗം ഉൾപെടെ പ്രവൃത്തിയുടെ ടെണ്ടർ നടപടി പൂർത്തിയായി ( കരാർ:ഉരാളുങ്കൽ

സൊസൈറ്റി)

(19) വിലങ്ങാട് ടൗൺ പാലവും, അപ്രോച്ച് റോഡും ടെണ്ടർ നടപടിയിൽ

ഇനിയും നടപ്പിലാക്കുന്ന പദ്ധതികൾ:

(1) അപകടാവസ്ഥയിൽ താമസിക്കുന്ന ഇനിയും അവശേഷിക്കുന്ന ദുരന്തബാധിതർക്ക് ധനസഹായം (മാനദണ്ഡത്തിന് വിധേയമായി)

(2)മഞ്ഞച്ചീളിപ്പാലം പ്രവൃത്തിയുടെ (ഡ്രോയിംഗ് വർക്കുകൾ നടക്കുന്നു)

(3) മുച്ചങ്കയം പാലം, വാഴാട് പാലം/ വിവിധ കലുങ്കുകൾ, റോഡുകൾ എന്നിവയുടെ നടപടികൾ പുരോഗമിക്കുന്നു.

(4) തേക്ക് ഉൾപെടെ മരങ്ങൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം

(5) ആദിവാസി ഉന്നതികളുടെ പുനരധിവാസ പദ്ധതി

(6) തകർന്ന ഗ്രാമീണ റോഡുകളുടെയും, നടപ്പാതകളുടെയും പുനർനിർമ്മാണം

(ലിസ്റ്റ് പൂർണമല്ല ).

കഴിഞ്ഞദിവസം 18 വീട്ടുകാർക്ക് കൂടി ധനസഹായം സർക്കാർ അനുവദിച്ചു ഉത്തരവിറങ്ങിയിട്ടുണ്ട്.

Today marks one year since the Vilangad landslide disaster

Next TV

Related Stories
ഇന്ന് അർദ്ധരാത്രി,  ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട് മലയോരം

Jul 29, 2025 04:47 PM

ഇന്ന് അർദ്ധരാത്രി, ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട് മലയോരം

ഇന്ന് അർദ്ധരാത്രി, ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട്...

Read More >>
 പച്ചതുരുത്ത്  ഒരുങ്ങി; കോറോത്ത് കനാൽ പരിസരത്തെ ഫലവൃക്ഷ തോട്ടം സമർപ്പണം നാളെ

Feb 20, 2025 08:09 AM

പച്ചതുരുത്ത് ഒരുങ്ങി; കോറോത്ത് കനാൽ പരിസരത്തെ ഫലവൃക്ഷ തോട്ടം സമർപ്പണം നാളെ

ഏറ്റവും ഒടുവിലിതാ ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ പുതുപാഠം കൂടി തീർത്തിരിക്കുന്നു....

Read More >>
നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

Feb 17, 2025 03:49 PM

നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

294 കൊച്ചു കുട്ടികളുടെ കലോത്സവമാണ് നക്ഷ്ത്ര പുക്കൾ എന്ന പേരിൽ നടക്കുന്ന...

Read More >>
തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

Feb 11, 2025 01:25 PM

തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

കദളി പഴം, ഇളനീർ പാൽ ഉൾപ്പെടുന്നവ ഉപയോഗച്ച് കലശത്തിന് നിവേദ്യം...

Read More >>
#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

Jan 1, 2025 05:11 PM

#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

സ്വന്തം വീട്ടുവളപ്പിൽ നാട്ടു വളർത്തിയ തെങ്ങിൽ നിന്നാണ് ഈ തേങ്ങ ലഭിച്ചത്....

Read More >>
Top Stories










News Roundup






//Truevisionall